തെറ്റായ ഇന്‍റലിജന്‍സ് വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അമേരിക്ക ഇറാനെ ആക്രമിച്ചതെന്ന്  ഇറാന്‍ വിദേശകാര്യമന്ത്രി. ഹോര്‍മുസ് കടലിടുക്കിന്റെ കാര്യത്തിലുള്ള അമേരിക്കയുടെ കണക്കുകൂട്ടലുകള്‍ പിഴച്ചെന്നും അബ്ബാസ് അറാഗ്‌ചി. ഇനിയും ഈവിധം  നീങ്ങിയാല്‍ അമേരിക്ക വന്‍തിരിച്ചടി നേരിടേണ്ടിവരുമെന്നും അറാഗ്ചി മുന്നറിയിപ്പ് നല്‍കി. ഹോര്‍മുസില്‍ നിയന്ത്രണം കയ്യടക്കാന്‍ ഡോണള്‍ഡ് ട്രംപ് വന്‍ ആക്രമണത്തിന് പദ്ധതിയിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയാണ് ഇറാന്‍ വിദേശകാര്യമന്ത്രിയുടെ മുന്നറിയിപ്പ്. 

അമേരിക്ക കോപ്പുകൂട്ടുന്നു

വെടിനിര്‍ത്തലിന് യു.എസും ഇറാനും ഒപ്പിട്ട ധാരണാപത്രത്തിന്റെ കാലാവധി ഈ ഞായറാഴ്ച അവസാനിക്കാനിരിക്കെയാണ് വീണ്ടും പോര്‍വിളി. ജൂണ്‍ 17ന് ഒപ്പിട്ട ധാരണാപത്രം അനുസരിച്ച് അറുപതുദിവസത്തിനുള്ളില്‍ ഹോര്‍മുസില്‍ ഗതാഗതം സുഗമമാകേണ്ടതാണ്.  എന്നാല്‍ ധാരണകള്‍ പൊളിഞ്ഞതോടെ സ്ഥിതി വഷളാകുകയാണ് ചെയതത്.  ഇരുരാജ്യങ്ങളും പരസ്പരം പോര്‍ വീണ്ടും തുടങ്ങിയോടെ ഹോര്‍മുസിലെ കപ്പല്‍ഗതാഗതം വീണ്ടും ഏറ്റവും കുറഞ്ഞതോതിലായി. 

കടലിടുക്കിന്റെയും കപ്പല്‍ പാതയുടെയും പൂര്‍ണനിയന്ത്രണം ഇറാനുണ്ടെന്ന് ഇറാന്‍ വിപ്ലവസേനയുടെ ഉപവിഭാഗമായ ബാസിജ് ഓര്‍ഗനൈസേഷന്‍ അവകാശപ്പെട്ടു. ഇറാന്‍ നിയന്ത്രണത്തിലുള്ള കപ്പല്‍പാതയിലൂടെ മാത്രമാണ് നിലവില്‍ ഗതാഗതമെന്നാണ് റിപ്പോര്‍ട്ടുകള്‍. വരുംദിവസങ്ങളില്‍ യു.എസ് വീണ്ടും ആക്രമണം നടത്തുമെന്ന അഭ്യൂഹം ശക്തമാണ്. മേഖലയിലെ യു.എസ് എംബസികളില്‍ ആളുകളെ കുറയ്ക്കാനും അത്യാവശ്യപ്രവര്‍ത്തനങ്ങള്‍ മാത്രമായി ചുരുക്കാനും യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്​മെന്‍റ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത് യുദ്ധം വീണ്ടും ശക്തമാകുമെന്ന സൂചനകളാണെന്നാണ് വിലയിരുത്തപ്പെടുന്നത്.

ഹോര്‍മുസ് മുന്‍നിര്‍ത്തി വെല്ലുവിളി

ഭൗമശാസ്ത്രപരമായും സൈനികമായും ഹോര്‍മുസിലുള്ള മേധാവിത്വം നല്‍കുന്ന ആത്മവിശ്വാസത്തിലാണ് ഇറാന്റെ വെല്ലുവിളി. നിലവിലെ സാഹചര്യത്തില്‍ ഇറാന്‍ അമേരിക്കന്‍ വ്യവസ്ഥകള്‍ക്ക് വഴങ്ങില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. മേഖലയിലെ അസ്ഥിരതയില്‍ ഗള്‍ഫ് രാജ്യങ്ങള്‍ അസന്തുഷ്ടരാണെന്നതും  എണ്ണവിപണിയിലെ അനിശ്ചിത്വവും അമേരിക്കയ്ക്ക്  വെല്ലുവിളിയാണെന്നും കരുതപ്പെടുന്നു. കരാര്‍ പുതുക്കാന്‍ മധ്യസ്ഥരായ പാക്കിസ്ഥാന്‍ ശ്രമം തുടരുകയാണ്. കഴിഞ്ഞദിവസം പാക് ആഭ്യന്തരമന്ത്രി ടെഹ്റാനിലെത്തി ചര്‍ച്ച നടത്തിയെങ്കിലും ശുഭവാര്‍ത്തകളൊന്നുമുണ്ടായിട്ടില്ല. ഒമാന്റെ പങ്കാളിത്തത്തോടെ ഹോര്‍മുസ് കൈകാര്യം ചെയ്യുമെന്ന നിലപാടില്‍ ഇറാന്‍ വിട്ടുവീഴ്ച ചെയ്യില്ലെന്നാണ് സൂചനകള്‍.

ENGLISH SUMMARY:

Iran US conflict and Hormuz Strait tensions are escalating as the US allegedly attacked Iran based on faulty intelligence. Iran's Foreign Minister warns of severe retaliation if the US continues its current approach, highlighting a breakdown in the ceasefire agreement and increased naval activity.