Image Credit : Instagram
തന്‍റെ പ്രിയപ്പെട്ട വളര്‍ത്തുനായയുടെ വേര്‍പാടില്‍ ഹൃദയഭേദകമായ കുറിപ്പുമായി അവതാരക രഞ്ജിനി ഹരിദാസ്. എന്‍റെ സൂര്യന്‍ അസ്തമിച്ചു എന്നുതുടങ്ങുന്ന കുറിപ്പിനൊപ്പം റിക്കി എന്ന വളര്‍ത്തുനായക്കൊപ്പമുളള ചിത്രവും രഞ്ജിനി പങ്കുവച്ചു. ഒരു യുഗത്തിന്റെ അവസാനം എന്നാണ് റിക്കിയുടെ വേർപാടിനെക്കുറിച്ച് രഞ്ജിനി കുറിച്ചത്. രഞ്ജിനിയുടെ മൃഗസ്നേഹം വളരെ നന്നായി അറിയാവുന്ന ആരാധകര്‍ താരത്തിന് ഈ വിഷമഘട്ടം അതിവേഗം തരണം ചെയ്യാന്‍ കഴിയട്ടെ എന്ന് കമന്‍റ് ബോക്സില്‍ കുറിച്ചു.
രഞ്ജിനി ഹരിദാസ് പങ്കുവച്ച കുറിപ്പ്
'എന്‍റെ സൂര്യന്‍ അസ്തമിച്ചിരിക്കുന്നു. ഒരു യുഗത്തിന്റെ അവസാനമാണിത്. എന്റെ എക്കാലത്തെയും പ്രണയം. 14 വർഷങ്ങൾക്ക് മുമ്പ്, നീ എന്റെ ജീവിതത്തിലേക്ക് ഒരു കൊടുങ്കാറ്റുപോലെ കടന്നുവന്നു, അതിമനോഹരമായ രീതിയിൽ എന്‍റെ ജീവിതത്തെ മാറ്റിമറിച്ചു. നീ തന്നെയാണ് എന്‍റെ ഏറ്റവും വലിയ അനുഗ്രഹവും പ്രചോദനവും. യഥാർത്ഥ പോരാട്ടവീര്യം എന്താണെന്നും അതിജീവനമെന്താണെന്നും നീ എനിക്ക് കാണിച്ചുതന്നു. എത്രയോ ഇരട്ടി സ്‌നേഹം നീ എനിക്ക് നല്‍കി. മറ്റാരെയും സ്‌നേഹിച്ചിട്ടില്ലാത്ത വിധമാണ് ഞാന്‍ നിന്നെ സ്‌നേഹിച്ചിട്ടുള്ളത്. അതുകൊണ്ടുതന്നെ, ഈ യാത്രപറച്ചില്‍ ഉണ്ടാക്കുന്ന വേദന വാക്കുകളാല്‍ വിവരിക്കാന്‍ എനിക്കറിയില്ല. എന്റെ ഒരു ഭാഗം നിന്നോടൊപ്പം പോയതുപോലെ തോന്നുന്നു, എന്നെന്നേക്കുമായി. സത്യത്തില്‍ അതെങ്ങനെ തരണം ചെയ്യണമെന്ന് എനിക്ക് അറിയില്ല'.
'കാലത്തിന്റെ അവസാനം വരെ, ജന്മാന്തരങ്ങളിൽ നമ്മൾ വീണ്ടും വീണ്ടും പരസ്പരം കണ്ടെത്തുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. എനിക്ക് എപ്പോഴും ഉറപ്പിച്ചു പറയാന്‍ കഴിയുന്ന ഒരു കാര്യമുണ്ടെങ്കില്‍ അത് നമ്മള്‍ ഒന്നാകേണ്ടവരാണ് എന്നതാണ്. ഞാന്‍ എപ്പോഴും നിന്നിലേക്ക് തിരികെയെത്തും. നീ എന്നെ തിരഞ്ഞെടുക്കുമെന്ന് എനിക്ക് അറിയാവുന്നതുപോലെ, ഞാനും എപ്പോഴും നിന്നെ തിരഞ്ഞെടുക്കും. എല്ലാത്തിനും നന്ദി. നീ എനിക്ക് തന്ന എല്ലാത്തിനും, എന്നെ പഠിപ്പിച്ച കാര്യങ്ങൾക്കും, നീ പോലുമറിയാതെ എനിക്കായി ചെയ്ത സകല കാര്യങ്ങള്‍ക്കും നന്ദി. നിനക്കറിയില്ല നീ എന്നെ എത്രമാത്രം മാറ്റിയെടുത്തു എന്ന്. എന്‍റെ ജീവിതാവസാനം വരെ ഞാന്‍ അത് കാത്ത് സൂക്ഷിക്കും. നമ്മള്‍ വീണ്ടും കണ്ടുമുട്ടും വരെ എനിക്കായി കാത്തിരിക്കൂ...' രഞ്ജിനി സമൂഹമാധ്യമത്തില്‍ കുറിച്ചു.