ലോക അവയവദാന ദിനമായ ഓഗസ്റ്റ് 13-ന്, ദാനം ലഭിച്ച ഹൃദയവുമായി 13 വർഷം പൂർത്തിയാക്കിയ സന്തോഷത്തിലാണ് ശ്രുതി. 2013 ഓഗസ്റ്റിലാണ് എറണാകുളം ലിസി ആശുപത്രിയിൽ ഡോ. ജോസ് ചാക്കോ പെരിയപ്പുറത്തിന്റെ നേതൃത്വത്തിൽ ശ്രുതിക്ക് ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തിയത്. അപകടത്തെ തുടർന്ന് മസ്തിഷ്കമരണം സംഭവിച്ച കോട്ടയം സ്വദേശി ലാലിച്ചന്റെ (ജോസഫ് മാത്യു) ഹൃദയമാണ് ഇന്ന് ശ്രുതിയിൽ മിടിക്കുന്നത്.

പിറവം ആരക്കുന്നം സ്വദേശിയായ ശ്രുതിക്ക് ഹൃദയം ക്രമാതീതമായി വികസിക്കുന്ന ഡൈലേറ്റഡ് കാർഡിയോമയോപ്പതി (Dilated Cardiomyopathy) എന്ന രോഗമായിരുന്നു. ഇതിനൊപ്പം ജന്മനാ ഒരു വൃക്ക മാത്രമാണ് ഉണ്ടായിരുന്നത്. കൂടാതെ രക്തധമനികൾ ചുരുങ്ങുന്ന അപൂർവ രോഗമായ ടക്കയാസു ആർട്ടറൈറ്റിസ് (Takayasu Arteritis) ബാധിച്ചിരുന്ന ശ്രുതി, ഈ രോഗമുള്ള ഒരാളിൽ ഏഷ്യയിൽ ആദ്യമായി വിജയകരമായി ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ വ്യക്തിയുമാണ്.

ശ്രുതിയുടെ ചികിത്സയ്ക്കായി പിറവത്തെ സാമൂഹിക, രാഷ്ട്രീയ രംഗത്തെ നിരവധി പേർ ചേർന്നാണ് ധനസമാഹരണം നടത്തിയത്. ചികിത്സയ്ക്കും വിശ്രമത്തിനും ശേഷം വിവിധ ജോലികൾ ചെയ്ത ശ്രുതി, ഇപ്പോൾ സ്വന്തമായി ജ്വല്ലറി നിർമാണ സംരംഭം നടത്തുകയാണ്. ഓൺലൈനായി വാങ്ങുന്ന അസംസ്കൃത വസ്തുക്കൾ ഉപയോഗിച്ച് ആകർഷകമായ ആഭരണങ്ങൾ വീട്ടിലിരുന്ന് നിർമിക്കുന്ന ശ്രുതിയുടെ സ്വപ്നം, ഈ സംരംഭം വിപുലപ്പെടുത്തി സ്വന്തം സ്ഥാപനം ആരംഭിക്കുകയെന്നതാണ്.

ലിസി ആശുപത്രിയിൽ നടന്ന ചടങ്ങിൽ മാനേജിങ് ഡയറക്ടർ ഫാ. പോൾ കരേടന്റെ നേതൃത്വത്തിൽ കേക്ക് മുറിച്ചാണ് സന്തോഷം പങ്കുവെച്ചത്. എക്സിക്യൂട്ടീവ് ഡയറക്ടർമാരായ ഫാ. റോജൻ നങ്ങേലിമാലിൽ, ഫാ. റെജു കണ്ണമ്പുഴ, ജോയിന്റ് ഡയറക്ടർ ഫാ. വർഗീസ് അമ്പലത്തിങ്കൽ, ഡോ. റോണി മാത്യു, ഡോ. ജേക്കബ് എബ്രഹാം, ഡോ. ഭാസ്കർ രംഗനാഥൻ, ഡോ. ജോ ജോസഫ്, ഡോ. ജീവേഷ് തോമസ്, ഡോ. ജോബ് വിൽസൺ, ഡോ. ഗ്രേസ് മരിയ, ഡോ. പി. മുരുകൻ എന്നിവരുടെ നേതൃത്വത്തിലുള്ള ഡോക്ടർമാരും ആശുപത്രി ജീവനക്കാരും ശ്രുതിയുടെ കുടുംബാംഗങ്ങളും ചടങ്ങിൽ പങ്കെടുത്തു.

 

ENGLISH SUMMARY:

Shruti has completed 13 years with a transplanted heart, marking a significant milestone in her life after a successful heart transplant. Her journey highlights the triumphs of organ donation and the resilience of the human spirit.