ആരുണ്ട് ഇവിടെ ചോദിക്കാൻ എന്ന മട്ടിലായിരുന്നു ഇവരുടെ പോക്ക് . അമിതവേഗം, സിഗ്നൽ ലംഘനം, അപകടകരമായ ഡ്രൈവിങ്—ഒന്നിനെയും ഇവർ കൂസിയില്ല. വേണമെങ്കിൽ ഇടത്തോട്ട് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് തിരിയാനും മടിയില്ല. ഇങ്ങനെ നിയമം ലംഘിച്ച് നിർഭയമായി വാഹനമോടിക്കാൻ ഇവർക്ക് ആത്മവിശ്വാസം നൽകിയത്, പിഴയൊന്നും സ്വന്തം പേരിൽ വരില്ലെന്ന ഉറച്ച വിശ്വാസമായിരുന്നു. കാരണം, വാഹനങ്ങളുടെ രജിസ്ട്രേഷനായി ഇവർ ഉപയോഗിച്ചത് 2001-ൽ മരിച്ച ഒരാളുടെ രേഖകളായിരുന്നു. ഇത് നടന്നത് യുകെയിലെ ബ്രഡ്ഫോർഡിലാണ്. ഇത്തരത്തിൽ നിയമലംഘനം നടത്തിയ ഒരു സ്ത്രീയുൾപ്പെടെ നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. സാറ ഹനീഫ്, അജ്മൽ ഖാൻ, ഷഹാദ് അൽജമൂർ, നഹീദ് റസാഖ് എന്നിവരാണ് അറസ്റ്റിലായത്.

തുടർച്ചയായി അമിതവേഗത്തിനും മറ്റ് ഗതാഗതനിയമ ലംഘനങ്ങൾക്കും ക്യാമറകളിൽ പതിയുന്ന വിവിധ വാഹനങ്ങളുടെ പിഴ ഒരേ പേരിലേക്കാണ് പോകുന്നതെന്ന് കണ്ടെത്തിയതോടെയാണ് പൊലീസിന് സംശയം തോന്നിയത്. ക്യാമറകളിൽ പതിയുന്നത് വ്യത്യസ്ത വാഹനങ്ങളാണെങ്കിലും പിഴ നോട്ടീസുകൾ ഒരേ വ്യക്തിയുടെ പേരിലേക്കാണ് പോകുന്നതെന്ന് മനസ്സിലായതോടെ വിശദമായ അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിലാണ് രേഖകളിലുള്ള വ്യക്തി 2001-ൽ മരിച്ചതാണെന്ന് കണ്ടെത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിലൂടെയാണ് പ്രതികളെ പൊലീസ് തിരിച്ചറിഞ്ഞത്.

റസ്റ്ററന്‍റിലെ പ്രേമം അതിരു കടന്നു; പുരുഷന്‍റെ മടിയിൽ കയറിയിരുന്ന് യുവതി; വിഡിയോക്ക് വിമര്‍ശനം...

വ്യാജരേഖകൾ ഉപയോഗിച്ച് രജിസ്റ്റർ ചെയ്ത വാഹനങ്ങൾ പിന്നീട് പൊലീസ് നിരീക്ഷണത്തിലാക്കി. മണിക്കൂറിൽ 40 മൈൽ (64 കി.മീ.) വേഗപരിധിയുള്ള റോഡിൽ 60 മൈൽ (96 കി.മീ.) വേഗത്തിൽ സഞ്ചരിച്ച അജ്മൽ ഖാനാണ് ആദ്യം കുടുങ്ങിയത്. ഇയാൾക്ക് എട്ട് മാസം തടവുശിക്ഷയും രണ്ട് വർഷത്തേക്ക് ഡ്രൈവിങ് ലൈസൻസ് റദ്ദാക്കുകയും ചെയ്തു.

തുടർന്ന് മറ്റ് പ്രതികളും പിടിയിലായി. ഷഹാദ് അൽജമൂറിന്റെ ലൈസൻസ് രണ്ട് വർഷത്തേക്ക് റദ്ദാക്കുകയും 15 മാസം തടവുശിക്ഷ വിധിക്കുകയും ചെയ്തു. നഹീദ് റസാഖിന് ആറു മാസവും സാറ ഹനീഫിന് ആറു മാസവും തടവുശിക്ഷയാണ് കോടതി വിധിച്ചത്.

ENGLISH SUMMARY:

Four individuals, including a woman, were arrested in Bradford, UK, for using a deceased person's documents to register vehicles and commit numerous traffic violations. The group was caught after police noticed a pattern of traffic fines being issued to the same name, despite multiple vehicles being captured by cameras, leading to the discovery of the fraudulent registration.