പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും അശ്ലീല ചാറ്റ് നടത്തുകയും ചെയ്ത കേസിൽ 24-കാരന് ആറു വർഷം തടവുശിക്ഷ വിധിച്ച് ബ്രിട്ടിഷ് കോടതി. ഏഴും എട്ടും വയസുള്ള കുട്ടികൾക്കുൾപ്പെടെ ഇയാളിൽ നിന്ന് മോശം അനുഭവങ്ങൾ നേരിടേണ്ടിവന്നതായി കോടതി കണ്ടെത്തി. യുകെയിലെ ബ്രഡ്ഫോർഡ് സ്വദേശിയായ റേഹാൻ അലിയെയാണ് ബ്രഡ്ഫോർഡ് കോടതി ശിക്ഷിച്ചത്. സമാനമായ അഞ്ച് കുറ്റങ്ങളാണ് റേഹാനെതിരെ തെളിഞ്ഞത്.

2024 ഒക്ടോബർ, നവംബർ മാസങ്ങളിലാണ് കേസിനാസ്പദമായ സംഭവങ്ങൾ നടന്നത്. സമൂഹമാധ്യമങ്ങളിലൂടെ പെൺകുട്ടികളുമായി സൗഹൃദം സ്ഥാപിക്കുകയായിരുന്നു റേഹാന്റെ രീതി. തുടർന്ന് ലൈംഗിക ചുവയോടെ സംസാരിക്കുകയും നഗ്നചിത്രങ്ങൾ ആവശ്യപ്പെടുകയും ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്യുമായിരുന്നു. ഇതിനായി പ്രത്യേകമായി ഒരു ഫേക്ക് അക്കൗണ്ടും ഇയാൾ ഉപയോഗിച്ചിരുന്നു.

കുത്തിക്കീറിയ നിലയിൽ ശരീരം; ചോരയില്ല; മൂക്കുത്തിയണിഞ്ഞ യുവതി പെട്ടിയിൽ ഒടിഞ്ഞുമടങ്ങി; അന്വേഷണത്തിനൊട...

തുടർന്ന് 13-കാരിയെന്ന് കരുതിയ ഒരു അക്കൗണ്ടുമായി റേഹാൻ സെക്സ് ചാറ്റ് ആരംഭിച്ചു. നിരവധി 18+ ഉള്ളടക്കങ്ങൾ ഫേക്ക് ഐഡി വഴി അയച്ച ഇയാൾ പിന്നീട് ലൈംഗികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തു.

അതേസമയം, ബാലപീഡകരെ കണ്ടെത്തുന്നതിനായി ഓൺലൈൻ ചൈൽഡ് പ്രൊട്ടക്ഷൻ ഗ്രൂപ്പ് സമൂഹമാധ്യമങ്ങളിൽ ഫേക്ക് അക്കൗണ്ടുകൾ സൃഷ്ടിച്ച് നിരീക്ഷണം നടത്തുകയായിരുന്നു. കുട്ടികളുടെ പേരിലുള്ള വ്യാജ അക്കൗണ്ടുകളായിരുന്നു ഇവരുടെ കെണി. അത്തരം അക്കൗണ്ടുകളെ സമീപിക്കുന്നവരെ തിരിച്ചറിഞ്ഞ് നിയമത്തിന് മുന്നിലെത്തിക്കുകയായിരുന്നു ലക്ഷ്യം. റേഹാൻ 13-കാരിയെന്ന് കരുതി സെക്സ് ചാറ്റ് നടത്തുകയും ചിത്രങ്ങളും വീഡിയോകളും അയയ്ക്കുകയും ചെയ്തത് ഇത്തരമൊരു ഫേക്ക് പ്രൊഫൈലിലേക്കായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ പൊലീസ് ഇയാളെ അനായാസം പിടികൂടി.

ചോദ്യം ചെയ്യലിൽ ഇതാദ്യമായല്ല ഇത്തരത്തിൽ ചാറ്റ് നടത്തുന്നതെന്ന് റേഹാൻ സമ്മതിച്ചു. ഏഴും എട്ടും വയസുള്ള കുട്ടികളടക്കം അഞ്ച് പ്രായപൂർത്തിയാകാത്തവരുമായി ഇത്തരത്തിൽ ലൈംഗിക ചാറ്റ് നടത്തിയതായി ഇയാൾ വെളിപ്പെടുത്തി. ഇയാളുടെ ഫോണിൽ നിന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളുടെ നഗ്നചിത്രങ്ങളും പൊലീസ് കണ്ടെത്തി.

ആറ് വർഷത്തെ തടവുശിക്ഷയ്ക്ക് പുറമെ, മോചിതനായ ശേഷവും ഇയാളെ പൊലീസ് നിരീക്ഷിക്കണമെന്ന് കോടതി ഉത്തരവിട്ടു. പുറത്തിറങ്ങിയ ശേഷവും ഇന്റർനെറ്റ് ഉപയോഗിക്കുന്നതിനും മൊബൈൽ ഫോൺ, കമ്പ്യൂട്ടർ തുടങ്ങിയ ഉപകരണങ്ങൾ ഉപയോഗിക്കുന്നതിനും കുട്ടികളുമായി ബന്ധപ്പെടുന്നതിനും കോടതി വിലക്ക് ഏർപ്പെടുത്തി.