gun-shot

11 വയസ്സുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ മകളെന്ന വ്യാജേന സമൂഹമാധ്യമത്തിൽ ചാറ്റ് ചെയ്ത് വീട്ടിലേക്ക് വിളിച്ചുവരുത്തിയ പിതാവ് വെടിവച്ചു വീഴ്ത്തി. അമേരിക്കയിലെ ഒഹായോയിലാണ് സംഭവം.വെടിയേറ്റ  യുവാവ് ഗുരുതര  പരിക്കുകളോടെ ചികില്‍സയലാണ് . 31-കാരനായ മാലിക് ഷാൻഡ്‌ലറാണ്  20-കാരനായ ഡിയാഗോ മോൻടോയ ഗോൺസാലസിനെ  വെടിവച്ചത്. മാലിക് ഷാന്‍ഡ്ലറെ പൊലീസ് അറസ്റ്റ്ചെയ്തു

11 വയസ്സുള്ള മകളുടെ ഫോൺ പരിശോധിക്കുന്നതിനിടെയാണ്  പീഡന  ദൃശ്യങ്ങൾ പിതാവിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. ടിക്‌ടോക്ക് വഴി കുട്ടിയുമായി പരിചയപ്പെട്ട ഡിയാഗോ പിന്നീട് കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും അതിന്‍റെ ദൃശ്യങ്ങൾ പകർത്തി കുട്ടിയുടെ ഫോണിലേക്ക് അയച്ചുകൊടുക്കുയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

ഇതിന് പിന്നാലെ മകളുടെ സമൂഹമാധ്യമ അക്കൗണ്ട് ഉപയോഗിച്ച് ഡിയാഗോയുമായി പിതാവ് തന്നെ ചാറ്റ് ചെയ്തു.  വീട്ടിലേക്ക് വരാൻ ആവശ്യപ്പെട്ടു. വീട്ടിലെത്തിയ യുവാവിനെ മാലിക് മർദിച്ചു. ഇതിനിടെ ഡിയാഗോ കൈവശമുണ്ടായിരുന്ന തോക്ക് എടുക്കാൻ ശ്രമിച്ചുവെന്നാണ് പിതാവിന്‍റെ മൊഴി. തുടർന്ന് സ്വയരക്ഷയ്ക്കായി കൈവശമുണ്ടായിരുന്ന തോക്ക് ഉപയോഗിച്ച് രണ്ട് തവണ വെടിവെച്ചതായും അദ്ദേഹം പൊലീസിനോട് പറഞ്ഞു.

അത്യാഹിത സന്ദേശം ലഭിച്ച് സ്ഥലത്തെത്തിയ പൊലീസ് വെടിയേറ്റ് പരിക്കേറ്റ നിലയിൽ ഡിയാഗോയെയും കൈയിൽ തോക്കുമായി നിൽക്കുന്ന മാലിക്കിനെയുമാണ് കണ്ടെത്തിയത്. ഡിയാഗോയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒരു ലക്ഷം ഡോളർ ജാമ്യത്തുകയോടെ  മാലിക്കിന് കോടതി  ജാമ്യം അനുവദിച്ചു.

അതേസമയം, ഡിയാഗോയ്‌ക്കെതിരെ രണ്ട് ബലാത്സംഗക്കേസുകൾ, പ്രായപൂർത്തിയാകാത്ത കുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്ത കേസുകൾ, ലൈംഗിക ഉദ്ദേശ്യത്തോടെ പ്രായപൂർത്തിയാകാത്തവരെ സമീപിച്ചതടക്കമുള്ള ഗുരുതര കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോണിൽ നിന്ന് നിരവധി കുട്ടികളുടെ ലൈംഗിക ചൂഷണ ദൃശ്യങ്ങളും അന്വേഷണസംഘം കണ്ടെത്തിയതായി പൊലീസ് അറിയിച്ചു.

 

ENGLISH SUMMARY:

In Ohio, 31-year-old Malik Shandler shot and injured 20-year-old Diego Montoya Gonzalez after posing as his 11-year-old daughter on social media to lure him to their home.