സിനിമാ തിയറ്ററുകളില്‍ ഏറ്റവും അലോസരമുണ്ടാക്കുന്ന ചിലരുണ്ട്. സ്ഥലകാലബോധമില്ലാതെ ഉച്ചത്തില്‍ സംസാരിക്കുന്നവരാണ് അതില്‍ പ്രധാനികള്‍. സ്ക്രീന്‍ ബ്രൈറ്റ്നസ് കുറയ്ക്കാതെ ഫോണില്‍ നോക്കിയിരിക്കുന്നവരും സീറ്റില്‍ ചവിട്ടുന്നവരും കരയുന്ന കുഞ്ഞുങ്ങളുമായി തിയറ്ററില്‍ വരുന്നവരുമെല്ലാം ഇവര്‍ക്കുപിന്നില്‍ മാത്രമേ വരൂ. ഇത്തരത്തില്‍ തിയറ്ററിലിരുന്ന് പൊട്ടിച്ചിരിക്കുകയും ഉച്ചത്തില്‍ സംസാരിക്കുകയും ചെയ്ത യുവതിയെ പീത്‍സ പാത്രം കൊണ്ട് യുവാവ് തലയ്ക്കടിച്ചത് വന്‍ വാര്‍ത്തയായി. അമേരിക്കയിലെ ഫ്ലോറിഡയിലുള്ള കോക്കനട്ട് ഗ്രൂവിലെ തീയറ്ററിലാണ് സംഭവം.
കൂട്ടുകാരുമായി തിയറ്ററിലെത്തിയതായിരുന്നു യുവതി. സ്ക്രീനിങ് തുടങ്ങി അധികം വൈകാതെ ഇവര്‍ സിനിമയിലെ രംഗങ്ങള്‍ ചര്‍ച്ച ചെയ്യാനും പൊട്ടിച്ചിരിക്കാനും തുടങ്ങി. ശബ്ദം കേട്ട് അലോസരം തോന്നിയ ഇവരുടെ സീറ്റിന് മുന്നിലിരുന്നിരുന്ന യുവാവ് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇത് ശ്രദ്ധിക്കാതെ യുവതികള്‍ വീണ്ടും സംസാരിച്ചു.
കുപിതനായ യുവാവ് വീണ്ടും യുവതികളോട് മിണ്ടാതിരിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ ‘താന്‍ മിണ്ടാതിരിക്ക്’ എന്ന് യുവതി തിരിച്ച് പറഞ്ഞു. ഇതോടെ യുവാവ് സീറ്റില്‍ നിന്ന് എഴുന്നേറ്റ് അവര്‍ക്കരികിലെത്തി. ബഹളംവച്ചാല്‍ യുവതിയും കൂട്ടുകാരും കഴിക്കാനായി വാങ്ങിയ പീത്‍സയും ശീതളപാനീയങ്ങളും എടുത്തെറിയുമെന്ന് ഇയാള്‍ പറഞ്ഞു. എങ്കില്‍ അതൊന്നു കാണട്ടെ എന്നായി യുവതി.
എന്നാല്‍ യുവാവിന്‍റെ അടുത്ത പ്രവര്‍ത്തി അപ്രതീക്ഷിതമായിരുന്നു. മുന്നിലിരുന്ന പാനിലെ പീത്‍സ എടുത്തെറിയുകയും പാനെടുത്ത് ഇയാള്‍ യുവതിയുടെ മുഖത്ത് ആഞ്ഞടിക്കുകയുമായിരുന്നു. യുവതി ഇരുകൈകളും കൊണ്ട് തടഞ്ഞതിനാല്‍ ഭാഗികമായേ മുഖത്ത് അടികിട്ടിയുള്ളു. തുടര്‍ന്ന് യുവാവ് ശാന്തനായി സീറ്റില്‍ പോയിരുന്ന് ബാക്കി സിനിമ കാണുകയും ചെയ്തു. അടിയുടെ ആഘാതത്തില്‍ യുവതിയുടെ വിരലൊടിയുകയും, കവിളെല്ലിന് ചതവേല്‍ക്കുകയും കണ്ണിനും മൂക്കിനും ക്ഷതമേല്‍ക്കുകയും ചെയ്തു.
കമ്പനി ഡിന്നറിനിടെ മദ്യം വിളമ്പി; ലക്കുകെട്ട ജീവനക്കാരിയെ പീഡിപ്പിച്ചു; പിആര്‍ ജീവനക്കാരന് തടവ്...
യുവതിയുടെ സുഹൃത്ത് ആക്രമണദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. ഉടന്‍ ഇവര്‍ തിയറ്ററിലെ സെക്യൂരിറ്റി ജീവനക്കാരെ വിവരമറിയിച്ചു. അവര്‍ പൊലീസിനെ വിളിച്ചുവരുത്തി. എന്നാല്‍ പൊലീസെത്തും മുന്‍പ് ആക്രമിച്ചയാള്‍ പോയിരുന്നു. ഇയാളെ കണ്ടെത്താന്‍ ശ്രമം തുടരുകയാണെന്നാണ് പൊലീസ് പറയുന്നത്.