Image credit: X

  • കടുത്ത മാനസികാഘാതമാണ് അദ്വൈതിന്‍റെ പ്രവര്‍ത്തിയുണ്ടാക്കിയതെന്നും ഇപ്പോള്‍ ഏത് ശുചിമുറിയില്‍ പോയാലും ഒളിക്യാമറകളുണ്ടോയെന്ന് പരിശോധിക്കുമെന്നും സമാധാനക്കേടാണെന്നും വനിതാ ജീവനക്കാര്‍ കോടതിയില്‍ മൊഴി നല്‍കി

ആശുപത്രിയിലെ സഹപ്രവര്‍ത്തകരായ വനിതകളുടെ ശുചിമുറി ദൃശ്യങ്ങള്‍ പകര്‍ത്തിയ സംഭവത്തില്‍ ഇന്ത്യക്കാരനായ ഡോക്ടര്‍ അദ്വൈത് ദേശ്മുഖിന് ഒഹിയോയിലെ കോടതി ജയില്‍ശിക്ഷ വിധിച്ചു. ടൊലേഡോയിലെ ആശുപത്രിയിലാണ് അദ്വൈത് ജോലി ചെയ്തിരുന്നത്. ലൈംഗിക കുറ്റവാളിയാണ് അദ്വൈതെന്ന് വിലയിരുത്തിയ കോടതി ആറുമാസത്തെ ശിക്ഷയാണ് വിധിച്ചത്. ഇയാളുടെ പ്രൊബേഷന്‍ കാലയളവും ദീര്‍ഘിപ്പിച്ചു. പിടിക്കപ്പെട്ടതോടെ അദ്വൈത് മാപ്പു പറഞ്ഞുവെങ്കിലും കോടതി അംഗീകരിച്ചില്ല.

2025 ജൂണിലാണ് സംഭവം പുറത്തറിയുന്നത്. ടൊലേഡോ ആശുപത്രിയുടെ വിശ്രമമുറിയും ശുചിമുറിയും സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കും പൊതുവായിട്ടുള്ളതായിരുന്നു. ശുചിമുറിക്കുള്ളില്‍ സെല്ലോടേപ് ചെയ്ത് വച്ച നിലയില്‍ മൊബൈല്‍ഫോണ്‍ കണ്ടെത്തിയതോടെ ജീവനക്കാരിലൊരാള്‍ അത് ഇളക്കിയെടുക്കാന്‍ നോക്കി. ഉടന്‍ സ്ഥലത്തെത്തിയ അദ്വൈത് അത് തന്‍റെ ഫോണ്‍ ആണെന്ന് പറഞ്ഞ് തട്ടിപ്പറിച്ചു. സംശയം തോന്നിയ ജീവനക്കാര്‍ പരാതി നല്‍കിയതോടെയാണ് ഞെട്ടിക്കുന്ന വിവരം പുറത്തുവന്നത്. അന്വേഷണത്തില്‍ വനിതാ ജീവനക്കാരുടെ 82 ചിത്രങ്ങള്‍ ഫോണില്‍ നിന്ന് കണ്ടെത്തി. ആറു സ്ത്രീകളുടേതായിരുന്നു ഇവ. ഇവരോട് വിവരം തിരക്കിയപ്പോള്‍ തങ്ങളുടെ അറിവോ സമ്മതമോ ഇല്ലായിരുന്നുവെന്ന് ഇവര്‍ മൊഴി നല്‍കി. 

കടുത്ത മാനസികാഘാതമാണ് അദ്വൈതിന്‍റെ പ്രവര്‍ത്തിയുണ്ടാക്കിയതെന്നും ഇപ്പോള്‍ ഏത് ശുചിമുറിയില്‍ പോയാലും ഒളിക്യാമറകളുണ്ടോയെന്ന് പരിശോധിക്കുമെന്നും സമാധാനക്കേടാണെന്നും വനിതാ ജീവനക്കാര്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു. രാത്രിയിലെ ഉറക്കം നഷ്ടപ്പട്ടുവെന്നും വിവരം അറിഞ്ഞതില്‍ പിന്നെ ഒരിക്കലും സമാധാനത്തോടെ ഉറങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും ഒന്നും എവിടെയും ഇല്ലാതാകുന്നില്ലല്ലോയെന്നും സ്ത്രീകളിലൊകാള്‍ വെളിപ്പെടുത്തി. 

ശിക്ഷാകാലയളവില്‍ സെക്സഹോളിക്സ് അനോണിമസ് മീറ്റിങുകളില്‍ പങ്കെടുക്കണമെന്നും മാനസികാരോഗ്യ പരിപാടികളില്‍ പങ്കെടുക്കണമെന്നും ജഡ്ജി വിധിച്ചു. കുറ്റക്കാരനെന്ന് കണ്ടത്തിയതോടെ താന്‍ ഒഹിയോയിലെ തന്നെ ഫ്രാങ്ക്​ലിനിലേക്ക് മാറുകയാണെന്ന് അദ്വൈത് കോടതിയെ അറിയിച്ചുവെങ്കിലും അത് കോടതി നിഷേധിക്കുകയും ടൊലേഡോയില്‍ തന്നെ മൂന്ന് വര്‍ഷം പ്രൊബേഷനില്‍ തുടരണമെന്ന് വിധിക്കുകയും ചെയ്തു. 

ENGLISH SUMMARY:

An Indian doctor working at a hospital in Toledo, Ohio, named Adwait Deshmukh, has been sentenced to six months in jail by a local court for filming private videos of six female colleagues inside a shared restroom. The incident came to light in June 2025 when a staff member discovered a cell phone taped inside the unisex restroom and the doctor aggressively grabbed it back claiming ownership. Subsequent police investigations recovered 82 illicit photographs of six women who confirmed they had given no consent, leading the victims to testify about enduring severe psychological trauma and lingering anxiety. In addition to the jail sentence and extended probation in Toledo, the judge mandated that the offender attend Sexaholics Anonymous meetings and mental health programs.