തുർക്കിയിൽ നടന്ന നാറ്റോ ഉച്ചകോടിക്ക് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് എത്തിയത് ഖത്തർ സമ്മാനിച്ച പുതിയ ആഡംബര ബോയിങ് 747-8 വിമാനത്തിലായിരുന്നു. എന്നാല്‍ മടങ്ങിയതാകട്ടെ പഴയ എയർഫോഴ്‌സ് വൺ വിമാനത്തിലും. ഇതോടെ ട്രംപിന്‍റെ യാത്രയും വിമാനത്തിൽ വരുത്തിയ പെട്ടെന്നുള്ള മാറ്റവും ചര്‍ച്ചയാകുകയാണ്. എന്തിനായിരുന്നു ട്രംപ് വിമാനം മാറ്റിയത്? സുരക്ഷാ ആശങ്കകളായിരുന്നോ പിന്നില്‍?

തുർക്കിയിൽ നിന്ന് യുകെയിലെ ആർഎഎഫ് മിൽഡൻഹാളിലേക്കുള്ള യാത്രയിലാണ് ഈ പെട്ടെന്നുള്ള മാറ്റം സംഭവിച്ചത്. പുതിയ വിമാനത്തിന് പഴയ വിമാനങ്ങളെപ്പോലെ ശക്തമായ മിസൈൽ പ്രതിരോധ സംവിധാനങ്ങളോ സുരക്ഷാ ക്രമീകരണങ്ങളോ ഇല്ലെന്ന റിപ്പോർട്ടുകൾ നേരത്തെ പുറത്തുവന്നിരുന്നു. അമേരിക്കയും ഇറാനും തമ്മിലുള്ള സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ, ട്രംപിന്‍റെ സുരക്ഷ കണക്കിലെടുത്താണ് വിമാനം മാറ്റിയതെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍.

എന്നാൽ, സുരക്ഷാ കാരണങ്ങളല്ല വിമാനം മാറ്റാൻ കാരണമെന്ന് ട്രംപ് പിന്നീട് വ്യക്തമാക്കി. അമേരിക്കൻ സൈനികർക്ക് പുതിയ വിമാനം നേരിൽ കാണാനും ടൂർ നടത്താനും അവസരമൊരുക്കുന്നതിനാണ് അത് നേരത്തെ മിൽഡൻഹാളിലേക്ക് അയച്ചതെന്നാണ് പ്രസിഡന്റിന്റെ വാദം. താൻ മടങ്ങിയെത്തിയപ്പോൾ മിൽഡൻഹാളിൽ വെച്ച് പുതിയ വിമാനത്തിൽ കയറിയെന്നും അദ്ദേഹം പറഞ്ഞു.

ഖത്തർ സമ്മാനിച്ച ബോയിങ് 747 വിമാനം കഴിഞ്ഞ വർഷമാണ് അമേരിക്കയുടെ ഔദ്യോഗിക പ്രസിഡൻഷ്യൽ വിമാനമായി പരിഗണിച്ചത്. ഏകദേശം 400 മില്യൺ ഡോളർ ചെലവഴിച്ചാണ് ഈ വിമാനത്തെ സുരക്ഷാ സംവിധാനങ്ങളോടെ മാറ്റിയെടുത്തത്. എങ്കില്‍പ്പോലും പഴയ വിമാനങ്ങളെ അപേക്ഷിച്ച് ഇതിൽ സുരക്ഷാ സംവിധാനങ്ങള്‍ കുറവാണെന്ന് നേരത്തെ തന്നെ വിദഗ്ധർ ചൂണ്ടിക്കാട്ടിയിരുന്നു. 2028-ൽ പുതിയ രണ്ട് ബോയിങ് വിമാനങ്ങൾ എയർഫോഴ്‌സ് വൺ ആയി എത്തുന്നതുവരെ ഈ വിമാനമാണ് 'ബ്രിഡ്ജ്' എന്ന നിലയിൽ ഉപയോഗിക്കുന്നത്.

ENGLISH SUMMARY:

Following the NATO summit in Turkey, a sudden mid-journey aircraft swap by U.S. President Donald Trump has ignited widespread speculation regarding his security protocols. During his return flight to the UK’s RAF Mildenhall, Trump opted to use an older Air Force One model rather than the new, Qatari-gifted Boeing 747-8 jet that had carried him to the summit. While official reports attributed the decision to a planned opportunity for U.S. troops to tour the new aircraft at the airbase, many analysts suggest the move was prompted by heightened security concerns amid escalating tensions with Iran. Critics and experts have previously noted that while the new jet underwent $400 million in security modifications, it still lacks the extensive defensive suite found on the legacy presidential aircraft. The Boeing 747-8 serves as a transitional "bridge" for the fleet until the delivery of two advanced replacements expected in 2028. Ultimately, the President dismissed claims of a security breach, characterizing the switch as a logistical choice to allow personnel access to the state-of-the-art facility.