FILE - President Donald Trump holds up a red card during a meeting with FIFA president Gianni Infantino in the Oval Office of the White House, Tuesday, Aug. 28, 2018, in Washington. (AP Photo/Evan Vucci, File)
ഫിഫ പ്രസിഡന്‍റ് ജിയാനി ഇന്‍ഫാന്‍റിനോയ്ക്കെതിരെ ഇന്‍റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റി അന്വേഷണം നടത്തുമെന്ന് സൂചന. രാഷ്ട്രീയ നിഷ്പക്ഷത ഇന്‍ഫാന്‍റിനോ പാലിച്ചില്ലെന്നും യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപിനോടുള്ള ആഭിമുഖ്യവും വിധേയത്വവും പരസ്യമാണെന്നും ചൂണ്ടിക്കാട്ടി ലഭിച്ച പരാതിയിലാണ് അന്വേഷണം നടത്തുകയെന്നാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. യുഎസ് സ്ട്രൈക്കര്‍ ഫൊളാരിന്‍ ബലോഗന് നല്‍കിയ റെഡ് കാര്‍ഡ് ട്രംപിന്‍റെ ഇടപെടലിനെ തുടര്‍ന്ന് ഫിഫ പിന്‍വലിച്ചതാണ് കടുത്ത വിമര്‍ശനങ്ങള്‍ക്കും പരാതിക്കും വഴിവച്ചത്. ബോസ്നിയയ്ക്കെതിരെ റൗണ്ട് ഓഫ് 32 വില്‍ നടന്ന മല്‍സരത്തിനിടെയാണ് ബലോഗന് ചുവപ്പ് കാര്‍ഡ് ലഭിച്ചത്. എന്നാല്‍ പ്രീ ക്വാര്‍ട്ടര്‍ മല്‍സരത്തിന് യുഎസ്എ ഇറങ്ങുന്നതിന് മുന്‍പ് ബലോഗന്‍റെ റെഡ് കാര്‍ഡ് ഫിഫ പിന്‍വലിച്ചു. നിമിഷങ്ങള്‍ക്കകം വിഷയത്തില്‍ താന്‍ ഇടപെട്ടിരുന്നുവെന്നും അനുകൂല നടപടി സ്വീകരിച്ച ഫിഫയ്ക്ക് നന്ദിയെന്നും ട്രംപ് ട്രൂത്ത് സോഷ്യലില്‍ പോസ്റ്റും ഇട്ടു.
വിവാദത്തിന്‍റെ അകമ്പടിയോടെ ആരംഭിച്ച ബല്‍ജിയം–യുഎസ്എ മല്‍സരത്തില്‍, 4–1ന് യുഎസ്എയെ തകര്‍ത്ത് ബല്‍ജിയം ക്വാര്‍ട്ടറിലും കടന്നു. ജയത്തിന് പിന്നാലെ ലുക്കാകുവും സംഘവും ട്രംപിനെ പരിഹസിച്ച് ഗ്രൗണ്ടിലൂടെ നടക്കുകയും ചെയ്തു. മണിക്കൂറുകള്‍ക്കകം 'ഈ ജയം റദ്ദാക്കൂ' വെന്ന് ട്രംപിനെ ട്രോളി ബല്‍ജിയം ടീമും ആരാധകരും സമൂഹമാധ്യമങ്ങളില്‍ പോസ്റ്റുകളും നിറച്ചു.
ഫെയര്‍ സ്ക്വയറെന്ന മനുഷ്യാവകാശ സംഘടനയാണ് ഫിഫ പ്രസിഡന്‍റിന്‍റെ ആവര്‍ത്തിച്ചുള്ള രാഷ്ട്രീയ ചായ്വ് പ്രകടമാക്കലിനെതിരെ ഇന്റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയെ സമീപിച്ചത്. 2020 മുതല്‍ ഇന്‍റര്‍നാഷനല്‍ ഒളിംപിക് കമ്മിറ്റിയുടെ ഭാഗമാണ് ഇന്‍ഫാന്‍റിനോ. ട്രംപിന്‍റെ നയങ്ങള്‍ക്കും പ്രവര്‍ത്തികള്‍ക്കും ഇന്‍ഫാന്‍റിനോ നല്‍കിയ പരസ്യ പിന്തുണയ്ക്കെതിരെ 2025 ലാണ് ഫെയര്‍ സ്ക്വയര്‍ ഫിഫയുടെ എത്തിക്സ് കമ്മിറ്റിക്ക് പരാതി നല്‍കിയത്. ഫിഫ സമാധാന പുരസ്കാരം കൊണ്ടുവരാനും അത് ഡോണള്‍ഡ് ട്രംപിന് സമ്മാനിക്കുകയും ചെയ്ത ഇന്‍ഫാന്‍റിനോയുടെ നടപടിക്കെതിരെയും അന്വേഷണം വേണമെന്നും സംഘടന ആവശ്യപ്പെട്ടിരുന്നു.
ഫിഫയുടെ നൈതിക നിയമാവലി (Code of Ethics)യിലെ ആര്‍ട്ടിക്കിള്‍ 15 ഇന്‍ഫാന്‍റിനോ ലംഘിച്ചെന്നും ഫെയര്‍ സ്ക്വയര്‍ പരാതിയില്‍ ആരോപിക്കുന്നു. ഫിഫയുടെ ഉന്നത പദവികള്‍ വഹിക്കുന്നവര്‍ ഔദ്യോഗിക ഇടപാടുകളില്‍ രാഷ്ട്രീയ നിഷ്പക്ഷത പുലര്‍ത്തണമെന്നും അല്ലാത്തപക്ഷം ഫുട്ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ നിന്ന് രണ്ടുവര്‍ഷത്തെ വിലക്കും 10,000 സ്വിസ് ഫ്രാന്‍സും (ഏകദേശം 12 ലക്ഷത്തോളം രൂപ)പിഴയും അടയ്ക്കേണ്ടി വരുെമന്നാണ് നിയമാവലിയില്‍ പറയുന്നത്. സമാധാന പുരസ്കാരം സ്വന്തം നിലയ്ക്ക് ഏര്‍പ്പെടുത്തിയതും അത് ട്രംപിന് തന്നെ നല്‍കിയതും അധികാര ദുര്‍വിനിയോഗമാണെന്നും സംഘടന ചൂണ്ടിക്കാട്ടുന്നു.
അതേസമയം, ഔദ്യോഗിക പരാതി ഇത് സംബന്ധിച്ച് ലഭിച്ചതായി ഐഒസി പ്രസിഡന്‍റ് സ്ഥിരീകരിച്ചിട്ടില്ല. പരാതി ലഭിച്ചാല്‍ അത് അന്വേഷിക്കുമെന്നായിരുന്നു പ്രസിഡന്‍റ് കിര്‍സ്റ്റി കവന്‍ട്രിയുടെ പ്രതികരണം. അതേസമയം, ഫിഫയുടെ സെക്രട്ടേറിയറ്റ് ഓഫ് ഇന്‍വെസ്റ്റിഗേറ്ററി ചേംബര്‍ തങ്ങള്‍ക്ക് ഡിസംബറിലേ ഇന്‍ഫാന്‍റിനോയ്ക്കെതിരെ പരാതി ലഭിച്ചിരുന്നുെവന്ന് സ്ഥിരീകരിച്ചു. പക്ഷേ ഇതില്‍ അന്വേഷണം ആരംഭിച്ചതായി വിവരമില്ല.