മൊറോക്കോയുടെ ഫുട്ബോള്‍ മുന്നേറ്റങ്ങള്‍ ആദ്യമൊക്കെ ലോകത്തിന് ഞെട്ടലായിരുന്നു. അട്ടിമറിയെന്നായിരുന്നു പതിവ് വിശേഷണം. പിന്നീടിങ്ങോട്ട് ഏത് കൊലകൊമ്പന്‍റെ മുന്നിലും ശക്തരായ എതിരാളിയെന്നതായി സ്ഥാനം. ആ സ്ഥാനത്തേക്കുള്ള യാത്ര കടുപ്പമായിരുന്നു. 

വടക്കന്‍ ആഫ്രിക്കയില്‍ യൂറോപ്പിൽ നിന്നെത്തിയ നാവികരില്‍ നിന്നും പഠിച്ച് ഫ്രാന്‍സും സ്പെയിനും ഭരിച്ച കാലത്ത് വളര്‍ന്ന ഫുട്ബോള്‍ ആവേശം രാജ്യത്തെ യുവാക്കളുടെ രക്തത്തിലലിഞ്ഞതാണ്. 1989 ലോകകപ്പിലെ ഗ്രൂപ്പ് സ്റ്റേജ് ജയത്തോടെ നോക്കൗട്ടില്‍ കടക്കുന്ന ആദ്യ ആഫ്രിക്കന്‍ രാജ്യമായി. 2022 ലെത്തിയപ്പോള്‍ ലോകകപ്പ് സെമി കളിച്ച ആദ്യ ആഫ്രിക്കന്‍, അറബ് രാജ്യമായി വളര്‍ന്നു. അതിനുമുന്‍പും ശേഷവുമായി മികവിന്റെ ഒരുപിടി അടയാളങ്ങള്‍. 

കഴിഞ്ഞവര്‍ഷം അര്‍ജന്‍റീനയെ തകര്‍ത്ത് ഫിഫ അണ്ടര്‍ 20 ലോകകപ്പ് ചാംപ്യന്‍മാര്‍, 2 തവണ ആഫ്രിക്കൻ കപ്പ് ഓഫ് നേഷൻസ് വിജയികൾ, 2 തവണ അറബ് കപ്പ്... അങ്ങനെ വര്‍ത്തമാനവും ഭാവിയും മികവോടെ അടയാളപ്പെടുത്തുകയാണ് മൊറോക്കോ. 60 ഏക്കറിലേറെ പരന്നു കിടക്കുന്ന മുഹമ്മദ് ആറാമൻ ഫുട്ബോൾ അക്കാദമിയാണ് മൊറോക്കോയുടെ ഫുട്ബോളിന്റെ ജീവശ്വാസം. 

വടക്കന്‍ ആഫ്രിക്കയിൽ വേഗത്തിൽ വളരുന്ന രാജ്യമാണെങ്കിലും ഇന്നും വലിയ സാമ്പത്തിക ശക്തിയല്ല മൊറോക്കോ. കടുത്ത വരള്‍ച്ചയും തൊഴിലില്ലായ്മയുമൊക്കെ പിടിമുറുക്കുന്ന രാജ്യത്തെ യുവതയ്ക്ക് മുന്നോട്ടുള്ള ഊര്‍ജമാണ് കാല്‍പന്തുകളി. അതാണ് കാസാബ്ലാങ്കയുടേയും റാബത്തിന്റേയും മറാകെഷിന്റേയുമൊക്കെ തെരുവുകളിലെ കാഴ്ചയും. 

ബ്രസീലിനെ സമനിലയില്‍ തളച്ചാണ് ഈ ലോകകപ്പില്‍ വരവറിയിച്ചത്. നെതര്‍ലന്‍ഡ്സിനെയടക്കം തോല്‍പിച്ച്, തോല്‍വി വഴങ്ങാതെയാണ് ക്വാര്‍ട്ടറില്‍ വന്നു നില്‍ക്കുന്നത്. കറുത്ത കുതിരകളെന്ന വിശേഷണത്തില്‍ നിന്നും ആരോടും പോരാടി ജയിക്കാനുള്ള കരുത്തിലേക്കുള്ള മാറ്റമാണ് മൊറോക്കോയെ ഈ ലോകകപ്പിലെ മികച്ച ടീമുകളിലൊന്നാക്കി മാറ്റുന്നത്.. 

ENGLISH SUMMARY:

Morocco's football journey is remarkable, evolving from early upsets to becoming a formidable force on the world stage. Their rise signifies not just sporting achievement but also a beacon of hope for the nation's youth.