Fire and smoke rise from the direction of Iranshahr airport
ഇറാനുമായുള്ള വെടിനിർത്തൽ കരാർ അവസാനിച്ചെന്ന ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമാകുന്നു. ഇറാനിലെ തെക്കൻ പ്രവിശ്യയായ ബുഷെറിൽ ശക്തമായ സ്ഫോടനങ്ങൾ നടന്നതായി റിപ്പോർട്ടുണ്ട്. ബുഷെറിലെ ആണവനിലയത്തിന് സമീപവും അസലൂയയിലെ തുറമുഖത്തും സൈനിക കേന്ദ്രങ്ങളിലും അമേരിക്കന്‍ ആക്രമണം നടന്നതായി ഇറാനിലെ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ബുഷെർ ആണവനിലയത്തിന് സമീപം, ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് ഉപയോഗിക്കുന്ന ഇറാൻഷഹറിലെ വ്യോമതാവളം, ചബഹാർ തുറമുഖം എന്നിവയുൾപ്പെടെ ഏകദേശം 90-ഓളം കേന്ദ്രങ്ങളിൽ യുഎസ് ആക്രമണം നടത്തിയതായാണ് റിപ്പോര്‍ട്ട്. നിലവിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ബുഷെർ ഡെപ്യൂട്ടി ഗവർണർ എഹ്‌സാൻ ജഹാനിയനെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
റഷ്യയുടെ സഹായത്തോടെ നിർമ്മിച്ച ഈ ആണവനിലയത്തിൽ നിലവിൽ ഒരു റിയാക്ടർ പ്രവർത്തനക്ഷമമാണ്. മറ്റ് രണ്ട് റിയാക്ടറുകളുടെ നിർമ്മാണം നടന്നു വരികയുമാണ്. നിലവിലെ യുദ്ധ സാഹചര്യത്തിൽ റഷ്യൻ ഉദ്യോഗസ്ഥരെ സൈറ്റിൽ നിന്ന് ഒഴിപ്പിച്ചിരുന്നു. അതേസമയം, മറുപടിയായി ബഹ്‌റൈനിലെയും കുവൈത്തിലെയും യുഎസ് സൈനിക കേന്ദ്രങ്ങൾക്കുനേരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണം നടത്തിയതായും റിപ്പോർട്ടുകളുണ്ട്. കുവൈത്ത് സൈന്യം തങ്ങൾക്ക് നേരെ വന്ന ഡ്രോണുകളെയും മിസൈലുകളെയും തകര്‍ത്തതായും റിപ്പോർട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ കപ്പലുകൾക്കുനേരെ ഇറാൻ നടത്തിയ ആക്രമണങ്ങൾക്കുള്ള തിരിച്ചടിയായാണ് പുതിയ ആക്രമണം എന്നാണ് യുഎസ് പറയുന്നത്. ഇറാന്‍റെ മിസൈൽ- ഡ്രോൺ സംഭരണ കേന്ദ്രങ്ങൾ, വ്യോമ പ്രതിരോധ സംവിധാനങ്ങൾ, തീരദേശ നിരീക്ഷണ സംവിധാനങ്ങൾ എന്നിവ തകർക്കുകയാണ് യുഎസ് ലക്ഷ്യം. ഇറാൻ വീണ്ടും ആക്രമണം തുടർന്നാൽ കൂടുതൽ കടുത്ത നടപടികൾ ഉണ്ടാകുമെന്നും ട്രംപിന്‍റെ മുന്നറിയിപ്പുണ്ട്. ഇറാന്‍റെ മുന്‍ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങുകൾ നടക്കാനിരിക്കെയാണ് ആക്രമണങ്ങൾ വീണ്ടും ശക്തമായിരിക്കുന്നത്.