ദിവസങ്ങള്‍ക്ക് മുന്‍പാണ് ചൈനയുടെ തലസ്ഥാനമായ ബെയ്ജിങ്ങിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ 'സിറ്റിക് ടവറിൽ' ചെറു വിമാനം ഇടിച്ചുകയറിയത്. അപകടത്തിൽ വിമാനത്തിലുണ്ടായിരുന്ന പൈലറ്റ് കൊല്ലപ്പെടുകയും 13 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാല്‍ സംഭവം നടന്ന് അഞ്ച് ദിവസം പിന്നിടുമ്പോളും അപകടത്തിന്റെ യഥാർത്ഥ കാരണം വ്യക്തമല്ല. ഇതുവരെ ചൈനീസ് ഭരണകൂടം ഔദ്യോഗികമായി പുറത്തിറക്കിയതാകട്ടെ വെറും 60 വാക്കുകൾ മാത്രമുള്ള ഒരു റിപ്പോർട്ട് മാത്രം. കെട്ടിടത്തിന്റെ പേരോ, പൈലറ്റിന്റെ വിവരങ്ങളോ, വിമാനത്തിന്റെ ഉടമസ്ഥതയോ, അപകടകാരണമോ ഔദ്യോഗിക പ്രസ്താവനയിൽ പരാമർശിച്ചിട്ടില്ല. അന്വേഷണം നടക്കുന്നുണ്ടെന്ന് മാത്രമാണ് അറിയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടമുണ്ടായത്. ബെയ്‌ജിങ്ങിലെ 109 നിലകളുള്ള കെട്ടിടത്തിലേക്കാണ് വിമാനം ഇടിച്ചുകയറിയത്. കെട്ടിടത്തിൽ വിമാനം ഇടിച്ചുകയറിയതിനെ തുടർന്ന് അവശിഷ്ടങ്ങൾ താഴേക്ക് പതിക്കുന്നതിന്‍റെയും വിമാനത്തിന്‍റെ വാല്‍ ഭാഗം തകർന്നുവീഴുന്നതിന്‍റെയും ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വന്‍തോതില്‍ പ്രചരിക്കുകയും ചെയ്തിരുന്നു. അപകടത്തിൽപ്പെട്ട വിമാനത്തിന്‍റെ രജിസ്‌ട്രേഷൻ കോഡ് പ്രകാരം ചൈനയിൽ തന്നെ നിർമിച്ച 'സൺവേർഡ് എസ്.എ 60എൽ അറോറ' എന്ന ലൈറ്റ് സ്പോർട്സ് വിമാനമാണ് ഇതെന്നാണ് സൂചന. ഒരു പ്രാദേശിക ജനറൽ ഏവിയേഷൻ കമ്പനിയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ വിമാനം. സഞ്ചാര പാതയിൽ നിന്ന് വിമാനം പൂർണമായും വ്യതിചലിച്ചതായി ഫ്ലൈറ്റ്‌റഡാർ24-ൽ നിന്നുള്ള ഡാറ്റകളും വ്യക്തമാക്കുന്നുണ്ട്.

എന്നാല്‍, ലോകത്തിലെ ഏറ്റവും ശക്തമായ സുരക്ഷാ വലയമുള്ള നഗരങ്ങളിലൊന്നായ ബെയ്ജിങ്ങിലെ അപകടം വൻ സുരക്ഷാ ആശങ്കയാണ് ഉയർത്തുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആസ്ഥാനമായ 'സോങ്‌നാൻഹാ'യ്ക്ക് (Zhongnanhai) ഏതാനും കിലോമീറ്റർ മാത്രം അകലെ, നിരോധിത വ്യോമമേഖലയ്ക്ക് തൊട്ടടുത്താണ് അപകടം നടന്നത്. ഇതോടെ സംഭവം ചൈനീസ് സുരക്ഷാ സംവിധാനങ്ങളുടെ അവിശ്വസനീയവും നാണക്കേടുണ്ടാക്കുന്നതുമായ വലിയ വീഴ്ചയായായി വിലയിരുത്തപ്പെടുകയായിരുന്നു.

എന്നാല്‍ സംഭവത്തിന് ശേഷം കടുത്ത സെൻസർഷിപ്പാണ് ചൈന ഏർപ്പെടുത്തിയിരിക്കുന്നത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ നിന്ന് പൂർണ്ണമായും നീക്കം ചെയ്തു. സംഭവവുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും പോസ്റ്റുകളും മീമുകളും പങ്കുവെക്കുന്നതിന് നിയന്ത്രണങ്ങളുണ്ട്. ചൈനയിലെ സ്വകാര്യ വിമാന പരിശീലന കേന്ദ്രങ്ങളോട് സംഭവത്തെക്കുറിച്ച് സംസാരിക്കരുതെന്ന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്. സംഭവത്തിന് പിന്നിൽ എന്താണെന്ന് അധികൃതർക്ക് പോലും വ്യക്തമല്ലാത്തതിനാലാണ് ഇത്രയും കടുപ്പമുള്ള നടപടികള്‍ സ്വീകരിക്കാനുള്ള കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഒരുപക്ഷേ, അപകടം പൈലറ്റിന്റെ അശ്രദ്ധ മൂലമോ, സാങ്കേതിക തകരാർ കാരണമോ ആകാം. എന്നാൽ അപകടം എങ്ങനെ സംഭവിച്ചു എന്നതല്ല, മറിച്ച് ലോകത്തിലെ ഏറ്റവും കർശനമായി നിയന്ത്രിക്കപ്പെടുന്ന നഗരപ്രദേശങ്ങളിൽ ഒന്നിലേക്ക് ഈ വിമാനം എങ്ങനെ വന്നു എന്നതാണ് പ്രധാന ചോദ്യം. പൈലറ്റിന്റെ പിഴവാണോ? സാങ്കേതിക തകരാറാണോ? അതോ ആസൂത്രിതമായ ചാവേർ ആക്രമണമാണോ? ഇതിനൊന്നും തെളിവുകളില്ല. ആസൂത്രിതമായ ശ്രമമായിരുന്നോ എന്ന് അന്വേഷണം നടക്കുന്നതായാണ് വിവരം. എന്നാല്‍ എല്ലാ ചോദ്യങ്ങളോടും അധികൃതർ മൗനം പാലിക്കുകയാണ്.

ENGLISH SUMMARY:

A major security incident occurred several days ago when a light aircraft crashed into the CITIC Tower, the tallest building in China's capital, Beijing, resulting in the pilot's death and thirteen injuries. Despite the high-profile nature of the crash, the Chinese government has maintained a wall of silence, releasing only a brief sixty-word report that lacks crucial details regarding the aircraft's ownership, the pilot's identity, or the cause of the disaster. The crash site is particularly alarming as it occurred only kilometers away from Zhongnanhai, the headquarters of the Chinese Communist Party, and dangerously close to highly restricted airspace. Data from Flightradar24 suggests the aircraft, identified as a domestically produced Sunward SA60L Aurora, deviated significantly from its flight path before the impact. Since the event, Beijing has enforced aggressive censorship, scrubbing social media platforms of all footage, memes, and discussions related to the disaster to prevent public speculation. Experts remain deeply concerned that the ability of a small plane to penetrate one of the world's most protected urban environments points to a catastrophic lapse in China's integrated national security and air defense systems.