ചൈനയില്‍ യുവതിയുടെ കയ്യിലെ മുഴയില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് പത്ത് സെന്‍റീമീറ്റര്‍ നീളമുളള വിരകളെ. ഒരു വര്‍ഷത്തോളം വേദനയും വീക്കവുമായി കഴിഞ്ഞ വാങ് എന്ന യുവതിക്കാണ് ഒടുവില്‍ ശസ്ത്രക്രിയയിലൂടെ ആശ്വാസം ലഭിച്ചത്. ദക്ഷിണ ചൈനയിലെ ഗ്വാങ്‌ഡോങ് പ്രവിശ്യയിലുള്ള ഷെൻഷെൻ പീപ്പിൾസ് ഹോസ്പിറ്റലിലെ ഡോക്ടര്‍മാരാണ് 2 വിരകളെ ജീവനോടെ പുറത്തെടുത്തത്.

അടുക്കളയിലെ മോശം ശുചിത്വവും തെറ്റായ പാചകരീതികളുമാണ് യുവതിയുടെ ശരീരത്തില്‍ വിരകള്‍ കയറിപ്പറ്റാന്‍ കാരണമായതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

'സ്പാർഗാനം' ഇനത്തില്‍പ്പെട്ട വിരകളെയാണ് യുവതിയുടെ കയ്യില്‍ നിന്നും നീക്കം ചെയ്തത്. യുവതിയുടെ ഭക്ഷണരീതികളെ കുറിച്ച് ഡോക്ടര്‍മാര്‍ ചോദിച്ചറിഞ്ഞപ്പോഴാണ് വിരകള്‍ എങ്ങനെയാണ് ശരീരത്തില്‍ കയറിപ്പറ്റിയത് എന്നതിനെ കുറിച്ച് സൂചന ലഭിച്ചത്. താന്‍ എന്നും വീട്ടില്‍ തവളയിറച്ചി പാചകം ചെയ്ത് കഴിക്കുമായിരുന്നു എന്ന് യുവതി ഡോക്ടര്‍മാരോട് പറഞ്ഞിരുന്നു. തവളയെ മുറിക്കാനും കഷ്ണങ്ങളാക്കാനും ഉപയോഗിക്കുന്ന അതേ ചോപ്പിങ് ബോര്‍ഡും കത്തിയും തന്നെയാണ് ഇവര്‍ സാലഡ് അടക്കമുളള മറ്റ് ഭക്ഷണവസ്തുക്കള്‍ മുറിക്കാനും ഉപയോഗിച്ചിരുന്നത്. ഈ ചെറിയ അശ്രദ്ധയാണ് വാങ് എന്ന യുവതിയുടെ ആരോഗ്യവാസ്ഥയെ അപ്പാടെ മാറ്റിമറിച്ചതും.

തവളയുടെ ശരീരത്തിലുണ്ടായിരുന്ന വിരകളുടെ മുട്ടകൾ ചോപ്പിങ് ബോർഡ് വഴി മറ്റ് ഭക്ഷണങ്ങളില്‍ കലരുകയും, ഇത് കഴിച്ചതിലൂടെ വിരകൾ യുവതിയുടെ ശരീരത്തിൽ പ്രവേശിക്കുകയുമായിരുന്നു എന്നാണ് ഡോക്ടർമാരുടെ നിഗമനം. ഡിഷ് വാഷുപയോഗിച്ച് ചോപ്പിങ് ബോര്‍ഡ് കഴുകിയാല്‍ അത് 100 ശതമാനം വൃത്തിയാകും എന്നാണ് ആളുകളുടെ ധാരണ ഈ ചിന്ത പലപ്പോഴും ആരോഗ്യത്തെ സാരമായി ബാധിക്കാറുണ്ടെന്നും ഡോക്ടര്‍മാര്‍ പറയുന്നു. ഇത്തരത്തില്‍ ശരീരത്തിലെത്തുന്ന വിരക ള്‍ചർമത്തിന് താഴെ വേദനയോട് കൂടിയ മുഴകൾ ഉണ്ടാക്കുകയും അവിടെ ഇരുന്ന് വളരുകയും ചെയ്തേക്കാം. അല്ലെങ്കില്‍ ശരീരത്തിലെ വിവിധ കോശങ്ങളിലൂടെ സഞ്ചരിച്ച് തലച്ചോറില്‍ വരെ എത്തിപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. അടുക്കളയിലെ ശുചിത്വത്തിന് വളരെയധികം പ്രാധാന്യം നല്‍കണമെന്നും ഓരോ ഭക്ഷ്യവസ്തുക്കളും ഉപയോഗിക്കുമ്പോള്‍ വൃത്തി ഉറപ്പാക്കണമെന്നും ഈ സംഭവത്തിന് പിന്നാലെ ഡോക്ടര്‍മാര്‍ ചൂണ്ടിക്കാട്ടി. 

ENGLISH SUMMARY:

A woman in China had ten-centimeter worms surgically removed from a cyst on her hand, a result of poor kitchen hygiene and improper cooking methods involving frog meat. Doctors believe the parasitic infection occurred when worm eggs contaminated other food items through a chopping board used for both raw frog meat and salads.