വിവാഹവും വിവാഹപ്രായവും സമൂഹത്തിന്‍റെ രീതികളുമായി കെട്ടുപിണഞ്ഞ് കിടക്കുന്ന ഒന്നാണ്. പണ്ട് ശൈശവവിവാഹങ്ങള്‍ നാട്ടില്‍ സാധാരണമായിരുന്നു. എന്നാല്‍ പിന്നീട് ഈ പ്രായം നിയമപരമായി വര്‍ധിപ്പിച്ചു. വിദ്യാഭ്യാസ–ആരോഗ്യ–തൊഴില്‍ കാരണങ്ങളാല്‍ സ്ത്രീകളുടെയും പുരുഷന്‍മാരുടെയും വിവാഹപ്രായവും വര്‍ധിച്ചു. പലരും തങ്ങളുടെ കരിയറിന് പ്രാധാന്യം നല്‍കി എന്നത് തന്നെയാണ് പില്‍ക്കാലത്ത് വിവാഹപ്രായത്തെ സ്വാധീനിച്ച ഘടകം. 

വിവാഹപ്രായം ഇത്തരത്തില്‍ നീണ്ടതോടെ ഏറ്റവുമധികം 'ബുദ്ധിമുട്ട്' അനുഭവിക്കുന്ന രാജ്യങ്ങളിലൊന്നാണ് ചൈന. ചൈനയില്‍ ആളുകളുടെ വിവാഹപ്രായം ശരാശരി 25 മുതല്‍ 30 വയസുവരെയാണ്. എന്നാല്‍ 30 കഴിഞ്ഞവര്‍ക്കാകട്ടെ, 'പെണ്ണും ചെക്കനും' കിട്ടാന്‍ ചൈനയില്‍ വലിയ ബുദ്ധിമുട്ടുമുണ്ട്. അത്തരക്കാര്‍ക്ക് കണ്ടുമുട്ടാനും ഒരു പങ്കാളിയെ കണ്ടെത്താനും ചൈനയില്‍ ബ്രൈഡ് മാര്‍ക്കറ്റുകള്‍ എന്ന് പേരില്‍ ചില സാമൂഹിക കൂട്ടായ്മകള്‍ സംഘടിപ്പിക്കാറുണ്ട്. ഇത്തരത്തിലൊരു മാര്‍ക്കറ്റില്‍ പൊട്ടിക്കരയുന്ന ചൈനീസ് യുവതിയുടെ വിഡിയോ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. 

38കാരിയായ യുവതി  500000 യുവാന്‍ (69 ലക്ഷം രൂപ) വാര്‍ഷികവരുമാനക്കാരിയാണ്. ബ്രൈഡ് മാര്‍ക്കറ്റില്‍ എത്തിയ യുവതി തനിക്ക് അനുയോജ്യനായ വരനെ കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതിക്ക് 30ന് മുകളില്‍ പ്രായമുണ്ടെന്ന് അറിഞ്ഞതോടെ താല്‍പര്യത്തോടെ വന്നവരെല്ലാം ബൈ പറഞ്ഞ് സ്ഥലം വിട്ടു. ഇതോടെ ദുഃഖം സഹിക്കവയ്യാതെ യുവതി മാര്‍ക്കറ്റില്‍ ഉറക്കെ അലറിക്കരയുന്നതാണ് വിഡിയോ. 'എന്നെ എന്താണ് ആര്‍ക്കും വേണ്ടാത്തത് തനിക്ക് അഞ്ച് ലക്ഷം യുവാന്‍ ശമ്പളമുണ്ട്. എന്നിട്ടും എന്നെ ആരും തിരഞ്ഞെടുക്കുന്നില്ല' എന്ന് പറഞ്ഞാണ് യുവതി കരയുന്നത്. 

30 കഴിഞ്ഞ യുവതികളെ ചൈനയില്‍ ‘ലെഫ്റ്റ് ഓവര്‍’ അഥവാ ‘മിച്ചം വന്നവര്‍’ എന്ന പദം കൊണ്ടാണ് വിശേഷിപ്പിക്കാറ്. ചൈനീസ് സംസ്കാരം ഇപ്പോഴും വിവാഹത്തിനും കുടുംബത്തിനും വളരെ ഉയർന്ന മുൻഗണന നൽകുന്നു. അതിനാൽ, തങ്ങളുടെ കരിയറിലും വിദ്യാഭ്യാസത്തിലും ശ്രദ്ധ കേന്ദ്രീകരിച്ച് സ്വന്തം കാലിൽ നിൽക്കുന്ന സ്ത്രീകളെപ്പോലും കുടുംബവും സമൂഹവും ഒറ്റപ്പെടുത്തുകയും വിവാഹം കഴിക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു. 

ചൈനയിൽ പുരുഷന്മാർ അവിവാഹിതരായി തുടരുമ്പോൾ അവരെ 'ഗോള്‍ഡന്‍ ബാച്ചിലർമാർ' എന്നാണ് വിശേഷിപ്പിക്കാറുള്ളത്. എന്നാൽ, ഇതേ നിലവാരത്തിലുള്ള സ്ത്രീകൾ 'ലെഫ്റ്റ് ഓവർ' എന്ന് വിളിക്കപ്പെടുന്നത് ചൈനയിലെ ലിംഗവിവേചനത്തിന്റെ വ്യക്തമായ തെളിവാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

ENGLISH SUMMARY:

Rising marriage age in China is leading to unique social challenges, as highlighted by a viral video of a 38-year-old woman crying at a bride market. While men are called 'golden bachelors' for remaining unmarried, women over 30 are labeled 'left over', exposing a clear gender bias in Chinese society's emphasis on marriage and family.