Image: X, @ndtv

ചൈനയില്‍ നടന്ന ഒരു റിയല്‍ എസ്റ്റേറ്റ് തട്ടിപ്പിന്റെ വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഫ്ലാറ്റ് വാങ്ങാന്‍ ലക്ഷങ്ങള്‍ നല്‍കിയ യുവാവിന് ഫ്ലാറ്റും കിട്ടിയില്ല പണവും നഷ്ടം. ഷാൻസി പ്രവിശ്യയിൽ താമസിക്കുന്ന ഷെൻ എന്ന യുവാവിനാണ് ഈ ദുരനുഭവമുണ്ടായത്. 

2013ലാണ് ഷെന്‍ നിര്‍മാണം തുടങ്ങാനിരുന്ന ഫ്ലാറ്റ് സമുച്ചയത്തില്‍ ഒരു ഫ്ലാറ്റ് ബുക്ക് ചെയ്യുന്നത്. 34ാമത്തെ നിലയിലെ ഫ്ലാറ്റാണ് ബുക്ക് ചെയ്തത്. നിര്‍മാണം പൂര്‍ത്തിയാകുന്ന സമയത്താണ് ആ സത്യം യുവാവിന് ബോധ്യപ്പെട്ടത്. കെട്ടിടത്തിന് 32 നിലകളേ ഉള്ളൂ. സൗത്ത് ചൈന മോർണിങ് പോസ്റ്റ് ആണ് ഈ വാർത്ത റിപ്പോർട്ട് ചെയ്തത്.

സ്ക്വയറിന് 37,431 രൂപ വിലവരുന്ന രീതിയില്‍ 90 സ്ക്വയര്‍ മീറ്റര്‍ അപാര്‍ട്ട്മെന്റാണ് ഇയാള്‍ ബുക്ക് ചെയ്തത്. വിപണിവിലയുടെ മൂന്നിലൊന്ന് തുക മാത്രം നല്‍കിയാല്‍ മതിയെന്നുള്ളതുകൊണ്ടാണ് ഗ്രാമമേഖലയില്‍ നിര്‍മിക്കുന്ന ഈ ഫ്ലാറ്റ് ബുക്ക് ചെയ്തതെന്ന് ഷെന്‍ പറയുന്നു. ചൈനയിൽ പൊതുവേ ലിമിറ്റഡ് പ്രോപ്പർട്ടി റൈറ്റ്സ് എന്ന് വിളിക്കപ്പെടുന്ന മേഖലയില്‍ നടത്തുന്ന നിര്‍മാണ പദ്ധതിയാണിത്. സർക്കാർ ഭൂമിയിലല്ലാതെ ഗ്രാമീണ മേഖലയില്‍ അനധികൃതമായി നടത്തുന്ന നിര്‍മാണമാണിതെന്നാണ് സൂചന. ഇത്തരം കെട്ടിടങ്ങൾക്ക് നിയമപരമായ അംഗീകാരമോ സുരക്ഷയോ ഇല്ലെന്നതാണ് മറ്റൊരു വസ്തുത. 

പണം വാങ്ങിയ ശേഷം നിര്‍മാണവുമായി ബന്ധപ്പെട്ട നിയമപരമായ രേഖകള്‍ പിന്നീട് വാങ്ങിനല്‍കാമെന്നായിരുന്നു ഡെവലപ്പര്‍ നല്‍കിയ വാഗ്ദാനം. 2015ല്‍ ഫ്ലാറ്റ് കൈമാറാമെന്ന് പറഞ്ഞെങ്കിലും 2017ലാണ് ലഭിച്ചത്. അപ്പോഴാണ് 34 നിലകളില്ലെന്നും 32 നിലകളേ ഉള്ളൂവെന്നും വ്യക്തമായത്. 

ഒടുവിൽ പണം തിരികെ ലഭിക്കാനായി ഷെൻ നിയമനടപടികളുമായി മുന്നോട്ട് പോയി.  ആർബിട്രേഷൻ കോടതി പണം തിരികെ നൽകാൻ ഉത്തരവിട്ടെങ്കിലും, ഡെവലപ്പറുടെ പേരിൽ സ്വത്തുക്കളോ പണമോ ഇല്ലാത്തതിനാൽ ഷെന്നിന് നീതി ലഭിച്ചില്ല. 11 വര്‍ഷം പിന്നിട്ടിട്ടും വീടും പണവും തിരികെ ലഭിക്കാത്ത ഷെന്നിന്റെ വാര്‍ത്ത പുറത്തുവന്നതോടെ ചൈനയിലെ ഇത്തരം നിലവാരം കുറഞ്ഞ ഭവനപദ്ധതികള്‍ കൂടിയാണ് വീണ്ടും ചര്‍ച്ചയാകുന്നത്. 

China Real Estate Scam: A Buyer's Nightmare:

China real estate scam news is emerging about a young man who paid lakhs for a flat but received neither the flat nor his money back. This incident in China's Shanxi province highlights a fraudulent construction project where a flat was advertised as being on the 34th floor, but the building only had 32 floors.