യൂറോപ്പിനെ മുഴുവൻ പൊള്ളിച്ച് ഫ്രാൻസിൽ കടുത്ത ഉഷ്ണതരംഗം ആഞ്ഞടിക്കുന്നതിനിടെ, കാറിനുള്ളിൽ കുടുങ്ങി മൂന്ന് വയസ്സുകാരനായ പിഞ്ചുകുഞ്ഞ് ശ്വാസംമുട്ടി മരിച്ചു. ഫ്രാൻസിന്റെ തെക്കൻ മേഖലയിലുള്ള ഗാർഡ് പ്രവിശ്യയിലെ ഒരു ചെറിയ ഗ്രാമത്തിലായിരുന്നു സംഭവം എന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കടുത്ത വേനൽച്ചൂടിൽ ഏതാണ്ട് 40 ഡിഗ്രി സെൽഷ്യസിനടുത്തേക്ക് അന്തരീക്ഷ താപനില ഉയർന്ന ദിവസമായിരുന്നു അത്.
ജോലി കഴിഞ്ഞ് മടങ്ങിയെത്തിയ അമ്മ കാറിൽ കുഞ്ഞുണ്ടെന്ന കാര്യം മറന്നു. മണിക്കൂറുകൾക്ക് ശേഷമാണ് അവർ കുഞ്ഞിനെക്കുറിച്ച് ഓർത്തത്. ഓടിയെത്തിയപ്പോള്‍ കാറിനുള്ളിൽ കുഞ്ഞിനെ അബോധാവസ്ഥയിൽ കണ്ടെത്തി.
ഉടൻ തന്നെ രക്ഷാപ്രവർത്തകരെ വിവരമറിയിക്കുകയും ഹെലികോപ്റ്റർ മാർഗം മെഡിക്കൽ സംഘം സ്ഥലത്തെത്തി കുട്ടിയെ രക്ഷിക്കാൻ പരമാവധി ശ്രമിക്കുകയും ചെയ്തെങ്കിലും ഫലമുണ്ടായില്ല. കടുത്ത ചൂടിൽ അടച്ചിട്ട കാറിനുള്ളിലെ താപനില വേഗത്തിൽ തന്നെ ഉയരും. ഇതാണ് കുട്ടിയുടെ മരണത്തിന് കാരണമായതും.
സംഭവത്തെ തുടർന്ന് മനഃപൂർവമല്ലാത്ത നരഹത്യയ്ക്ക് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. റെക്കോർഡ് ചൂടിലൂടെ രാജ്യം കടന്നുപോകുമ്പോൾ ജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ഫ്രഞ്ച് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരുന്നു. ഇതിനിടെയാണ് രക്ഷിതാക്കളുടെ അശ്രദ്ധമൂലം കുഞ്ഞിന് ജീവൻ നഷ്ടമായത്.