Image: Reuters
ലക്ഷക്കണക്കിന് ആളുകള്‍ പങ്കെടുക്കുന്ന ഫ്രാന്‍സിലെ സംഗീതോത്സവമായ ‘ഫെറ്റ് ഡി ലാ’ മ്യൂസിക് ഫെസ്റ്റിവലിനിടെ അക്രമം. പരിപാടിയില്‍ പങ്കെടുത്ത രണ്ട് യുവതികളെ ബലാത്സംഗം ചെയ്തതായും മറ്റുള്ളവര്‍ക്ക് നേരെ സിറിഞ്ച് കൊണ്ടുള്ള ആക്രമണം നടന്നതായും വിദേശമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് െചയ്യുന്നു. സംഭവത്തെത്തുടര്‍ന്ന് രാജ്യവ്യാപകമായി 243 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
സിറിഞ്ച് കൊണ്ടുകുത്തേറ്റ ഉടന്‍ ചില സ്ത്രീകള്‍ ബോധരഹിതരായതായും ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സിറിഞ്ചിലൂടെ എന്തെങ്കിലും പദാര്‍ത്ഥങ്ങള്‍ കുത്തിവച്ചിട്ടുണ്ടോയെന്ന കാര്യമുള്‍പ്പെടെ പരിശോധിച്ചുവരികയാണ്. പാരിസ് ഉള്‍പ്പെടെയുള്ള പ്രമുഖ നഗരങ്ങളില്‍ തെരുവുയുദ്ധങ്ങളും ചേരി തിരിഞ്ഞുള്ള അക്രമങ്ങളും കത്തിക്കുത്തും ഉണ്ടായതായും സൂചനയുണ്ട്.
വന്‍തോതില്‍ പൊലീസും ഫയര്‍ഫോഴ്സും ഡ്രോണുകളും വിന്യസിച്ചാണ് സ്ഥിതി ശാന്തമാക്കിയതെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. പ്രധാനമായും യുവതികളെ ലക്ഷ്യംവച്ചുള്ള ആക്രമണമാണ് നടന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അറസ്റ്റിലായ 243പേരില്‍ കൂടുതലാളുകളും പാരിസില്‍ നിന്നാണ് പിടിയിലായത്. പൊതുസ്ഥലത്തെ ജനങ്ങളുടെ സുരക്ഷിതത്വം ആശങ്കയിലെന്ന തരത്തിലുള്ള രാഷ്ട്രീയ പോരുകളും നിറയുകയാണ്.
അതേസമയം തന്നെ ഇത്രയും ആളുകള്‍ കൂടുന്ന പരിപാടിയായിട്ടും, മുൻകൂട്ടി മുന്നറിയിപ്പുകൾ ഉണ്ടായിരുന്നിട്ടും ആവശ്യത്തിന് മുൻകരുതലുകൾ സ്വീകരിക്കാത്തതിൽ അധികൃതർക്കെതിരെ കടുത്ത വിമർശനവും ഉയരുന്നുണ്ട്. അക്രമത്തെക്കുറിച്ചുള്ള അന്വേഷണം പുരോഗമിക്കുകയാണ്.