Tourists with an umbrella take a photo in Paris, as France is enduring a grueling heat wave with temperatures soaring above 40 degrees Celsius (104 Fahrenheit), Monday, June 22, 2026. (AP Photo/Christophe Ena )
യൂറോപില്‍ ഉഷ്ണതരംഗം ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിലയിലാണ്. ഫ്രാന്‍സില്‍ ചൂട് കാരണം രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 18 പേരുടെ മരണം സ്ഥിരീകരിച്ചു. ബ്രിട്ടനിലും കടുത്ത ചൂട് അനുഭവപ്പെട്ടേക്കുമെന്ന സൂചനകള്‍ വന്നുകഴിഞ്ഞു.
ഫ്രാൻസിൽ ഉഷ്ണതരംഗത്തെ തുടര്‍ന്ന് കാറിലിരുന്ന രണ്ട് കുട്ടികളാണ് മരിച്ചത്. രണ്ടും നാലും വയസുള്ള കുഞ്ഞുങ്ങളെ കാറിനുള്ളില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. സ്കൂളുകളില്‍ പലതും അടച്ചിടാനും പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്താനുമുള്ള നടപടികള്‍ സ്വീകരിച്ചു.
ഫ്രാന്‍സിന്‍റെ പടിഞ്ഞാറന്‍ മേഖലകളില്‍ 41.9 ഡിഗ്രി സെല്‍സ്യസ് ആണ് കഴിഞ്ഞ ദിവസത്തെ താപനില. മധ്യമേഖലകളില്‍ 41.2ഡിഗ്രി സെല്‍സ്യസുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചൂടില്‍ നിന്നും രക്ഷ നേടാനായി ജലാശയങ്ങളില്‍ ഇറങ്ങി അപകടത്തില്‍പ്പെടുന്നവരുടെ എണ്ണവും കുതിച്ചുയരുകയാണ്. മുങ്ങിമരണങ്ങളില്‍ 172 ശതമാനം വര്‍ധനയാണ് സംഭവിച്ചിരിക്കുന്നത്.
കടുത്ത ചൂട് താങ്ങാനാവാതെ പക്ഷികൾ കൂട്ടത്തോടെ ചത്തുവീഴുന്ന കാഴ്ചകളും പതിവാകുകയാണെന്നാണ് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലും സാധാരണയേക്കാൾ ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ഇറ്റലിയിലെ 12 നഗരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.
ബ്രിട്ടനിലും വരും ആഴ്ചയില്‍ സർവകാല റെക്കോർഡുകൾ തകർത്തുകൊണ്ട് ചൂട് ഉയരുമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകി. അന്തരീക്ഷത്തിലുണ്ടായ ‘ഒമേഗ ബ്ലോക്ക്’ (Omega block) എന്ന പ്രതിഭാസമാണ് സഹാറ മരുഭൂമിയിൽ നിന്നുള്ള ഉഷ്ണവായുവിനെ യൂറോപ്പിലേക്ക് എത്തിക്കുന്നതെന്നാണ് കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്ന വിശദീകരണം.
ആഗോള ശരാശരിയേക്കാൾ ഇരട്ടി വേഗത്തിലാണ് നിലവില്‍ യൂറോപ്പിൽ ചൂട് കൂടുന്നത്. ഈ കാലാവസ്ഥാ വ്യതിയാനമാണ് കടുത്ത ഉഷ്ണതരംഗത്തിന് പ്രധാന കാരണമാകുന്നതെന്നാണ് വിലയിരുത്തല്‍.