rocky

അമേരിക്കയിലെ പ്രശ്സ്തമായ റോക്കി പ്രതിമയില്‍ തൊടരുതെന്ന് മുന്നറിയിപ്പ് നല്‍കി ഫ്രാന്‍സ് ടീമിന്റെ ഒൗദ്യോഗിക ആരാധക സംഘം. നിരവധി ടീമുകളെ ബലിയാടാക്കിയ ഒരു ചരിത്രമുണ്ട് ഹോളിവുഡ് സൂപ്പര്‍ താരം സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ ഈ പ്രതിമയ്ക്ക്.

ഫിലഡല്‍ഫിയയിലാണ് റോക്കി കഥാപാത്രമായുള്ള സില്‍വസ്റ്റര്‍ സ്റ്റലോണിന്റെ പ്രതിമയുള്ളത്. ഐവറി കോസ്റ്റിനെതിരായ ആദ്യ ഗ്രൂപ്പ് മത്സരത്തിന് മുമ്പ് ഇക്വഡോര്‍ ആരാധകര്‍ റോക്കി പ്രതിമയുടെ തോളിൽ ടീമിന്റെ മഞ്ഞ ജേഴ്സിയും പതാകയും ചാര്‍ത്തി. തൊട്ടടുത്ത മല്‍സരത്തില്‍ ഇക്വഡോര്‍ തോറ്റു. ഇതോടെയാണ് റോക്കി പ്രതിമ ദൗര്‍ഭാഗ്യം കൊണ്ടുവരുമെന്ന വിശ്വാസത്തിന് ലോകകപ്പ് ആരാധകര്‍ക്കിടിയില്‍ പ്രചാരമേറിയത്. നിരാശനായ ഒരു ഇക്വഡോർ ആരാധകൻ പിന്നീട് റോക്കിയുടെ 'കോപം' ശമിപ്പിക്കാൻ, ഒരു തെക്കേ അമേരിക്കൻ വിഭവം പ്രതിമയുടെ കാൽക്കൽ സമർപ്പിക്കുക പോലും ചെയ്തു. 

ഹെയ്തിക്കെതിരായ ലോകകപ്പ് മത്സരത്തിന് മുമ്പ്, പത്തടി ഉയരമുള്ള വെങ്കല പ്രതിമയിൽ തങ്ങളുടെ ടീമിന്റെ വസ്ത്രങ്ങൾ അണിയിക്കരുതെന്ന് ബ്രസീൽ ആരാധകർക്കും മുന്നറിയിപ്പ് ലഭിച്ചിരുന്നു. ഹെയ്റ്റിയെ ബ്രസീല്‍ 3–0നാണ് തോല്‍പിച്ചത്. ഇതേ മുന്നറിയിപ്പാണ് ഫ്രഞ്ച് ആരാധകര്‍ക്കും ലഭിച്ചിരിക്കുന്നത്. അമേരിക്കന്‍ ഫുട്ബോള്‍ ആരാധകര്‍ റോക്കിയെ എതിരാളികളുടെ നിറങ്ങളിൽ അണിയിച്ചൊരുക്കുന്നത് പതിവാണ്. 2018ൽ ന്യൂ ഇംഗ്ലണ്ട് പേട്രിയറ്റ്സ് ആരാധകർ ഇതിഹാസം ടോം ബ്രാഡിയുടെ ജേഴ്സി പ്രതിമയിൽ അണിയിക്കുകയും, സൂപ്പർ ബോളില്‍ ടീം ഫിലഡൽഫിയ ഈഗിൾസിനോട് 41-33ന് പരാജയപ്പെടുകയും ചെയ്തതോടെയാണ് റോക്കിയുടെ ശാപത്തിന്റെ കഥ തുടങ്ങുന്നത്.

ENGLISH SUMMARY:

The Rocky statue in Philadelphia has become a focal point of superstitions, with various national football fan groups warned not to adorn it with their team's colors. This belief stems from a history of teams associated with the statue facing defeat in subsequent matches, leading to a widespread fear of the 'Rocky curse' among World Cup fans.