ലോകകപ്പ് ഗ്രൂപ്പ് ഐയില്‍ ഇറാഖിനെ എതിരില്ലാത്ത മൂന്നു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് ഫ്രാന്‍സിന്‍റെ മുന്നേറ്റം. കിലിയൻ എംബപെ ഇരട്ടഗോള്‍ നേടി. ഉസ്മാൻ ഡെംബലെ വകയാണ് മൂന്നാം ഗോള്‍. ജയത്തോടെ ഫ്രാന്‍സ് നോക്കൗട്ടിലേക്ക് കടന്നു. ഇരട്ടഗോളോടെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം എത്തി. ഇടിമിന്നലും മഴയും മൂലം ആദ്യ പകുതിക്ക് ശേഷം മത്സരം രണ്ടു മണിക്കൂറോളം നിര്‍ത്തിവച്ചിരുന്നു.
14-ാം മിനിറ്റിൽ എംബപെയുടെ ഗോളിലാണ് ഫ്രാൻസ് ഗോളടി തുടങ്ങിയത്. ബോക്സിന് പുറത്തുനിന്നു പോസ്റ്റിന്റെ വലതുവശം ലക്ഷ്യമാക്കിയുള്ള എംബപെയുടെ ഷോട്ട് ഇറാഖ് ഗോള്‍കീപ്പറെ കീഴടക്കി വലയിലേക്ക്. 1-0. ഇടവേളയ്ക്ക് ശേഷം 54-ാം മിനിറ്റിലാണ് എംബപെയുടെ രണ്ടാം ഗോള്‍ വരുന്നത്. ഗോൾകീപ്പർ ഫാദിലിലേക്ക് എത്തിയ പന്ത് കൃത്യമായി ട്രാപ്പ് ചെയ്യാൻ താരത്തിനായില്ല. ഡെംബെലെയ്ക്ക് ലഭിച്ച പന്ത് എംബപെയ്ക്ക് പാസ് ചെയ്യുകയും ഒഴിഞ്ഞ പോസ്റ്റിലേക്ക് അനായാസം അടിച്ചു കയറ്റുകയുമായിരുന്നു.
ഡെംബെലെയാണ് ഫ്രാൻസിനായി മൂന്നാം ഗോള്‍ നേടിയത്. ഒലീസെയുടെ മുന്നേറ്റത്തില്‍ നിന്നാണ് ഗോളിന്റെ തുടക്കം. മൈതാനത്തിന്‍റെ മധ്യഭാഗത്തുനിന്നും മിഡ്ഫീൽഡർമാരെ വെട്ടിച്ച് മുന്നേറിയ ഒലീസെയില്‍ നിന്നും ഡെംബെലെയ്ക്ക് ത്രൂബോള്‍. ലക്ഷ്യം തെറ്റാതെ ഡെംബെലെ അത് വലയിലാക്കി. അവസാന മിനിറ്റില്‍ ഫ്രാന്‍സിന്‍റെ തുടര്‍ച്ചയായ മുന്നേറ്റങ്ങളുണ്ടായെങ്കിലും ഗോള്‍ നില ഉയര്‍ത്താനായില്ല.
രണ്ട് ഗോള്‍ നേടിയതോടെ എംബപെ ലോകകപ്പിലെ ഗോള്‍വേട്ടക്കാരില്‍ മിറോസ്ലാവ് ക്ലോസെയ്ക്കൊപ്പം എത്തി. 16 കളികളില്‍ നിന്ന് 16 ഗോളുകളാണ് എംബപെ അടിച്ചുകൂട്ടിയത്. ഗോള്‍വേട്ടയില്‍ എംബപെയ്ക്ക് മുന്നില്‍ മെസി മാത്രമാണുള്ളത്.
മത്സരം നടന്ന പെൻസിൽവേനിയയിലെ ഫിലഡൽഫിയ സ്റ്റേഡിയത്തിന്റെ പ്രദേശത്ത് അപകടകരമായ ഇടിമിന്നലിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിനെ തുടർന്ന് ആദ്യ പകുതിക്ക് പിന്നാലെ മത്സരം നിർത്തിവച്ചിരുന്നു. ഇടിമിന്നൽ സാധ്യതയുണ്ടെന്ന് ബിഗ് സ്ക്രീനിൽ അപായസന്ദേശം തെളിഞ്ഞതോടെ കാണികൾ സ്റ്റേഡിയം വിട്ടു. പിന്നാലെ സ്റ്റേഡിയത്തില്‍ മഴയും ലഭിച്ചു.