alireza-beiranvand

ലോകകപ്പ് വീണ്ടും ഗോളികളുടെ പോരാട്ടവേദിയായി മാറുന്നു. ആട്ടിടയനിൽ നിന്ന് ഗോൾകീപ്പറായ അലിറേസ ബെയ്റൻവാൻഡ്, ഇറാന്റെ രക്ഷകൻ. ബെൽജിയത്തിനെതിരായ നിർണായക മത്സരത്തിൽ ഏഴ് അത്ഭുത സേവുകളാണ്  അലിറേസ ബെയ്റൻവാൻഡ് നടത്തിയത്. 

രണ്ട് ഗിന്നസ് ലോക റെക്കോർഡുകൾക്ക് ഉടമയാണ് അലിറേസ ബെയ്റൻവാൻഡ്. ഇറാന്റെ നോക്കൗട്ട് പ്രതീക്ഷകൾ സജീവമാക്കി നിർത്തിയത് ഈ മുപ്പത്തിനാലുകാരന്റെ മിന്നും പ്രകടനമാണ്. ഈ ലോകകപ്പിൽ ഇതിനകം ഹീറോകളായി മാറിയ കാബോ വെർദെയുടെ വോസിഞ്ഞ, ക്യൂറോസാവോയുടെ എലോയ് റൂം എന്നിവരുടെ പട്ടികയിലേക്കാണ് ബെയ്റൻവാൻഡ് തന്റെ പേര് ചേർത്തത്.  

ഇറാന്റെ പടിഞ്ഞാറൻ ഭാഗത്ത് സാഗ്രോസ് പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ലൊറെസ്ഥാൻ പ്രവിശ്യയിലാണ് അദ്ദേഹത്തിന്റെ ജനനം. കുർദിഷ് ലക് വിഭാഗത്തിലെ നാടോടികളായ ഒരു കുടുംബത്തിൽ ആട്ടിടയനായി വളർന്നു. സാഗ്രോസ് പർവതനിരകളിലെ തദ്ദേശീയരായ ഒരു ഗോത്രവർഗ സഖ്യമാണ് കുർദിഷ് ലക്. കൗമാരക്കാരനായ അലിറേസ ഫുട്ബോൾ താരമാകാനുള്ള സ്വപ്നം സാക്ഷാത്കരിക്കാൻ വീട്ടിൽ നിന്ന് ടെഹ്്റാനിലേക്ക് ഒളിച്ചോടി. കാർ കഴുകിയും തുണിശാലയിൽ ജോലിയെടുത്തുമാണ് ആ കാലങ്ങളിൽ അലിറേസ കഴിഞ്ഞുകൂടിയത്. 2011ൽ പ്രഫഷനൽ ഫുട്ബോളിലേക്ക്, പിന്നീടെല്ലാം ചരിത്രം. 

ബൈറൻവാൻഡിന്റെ പേരിൽ രണ്ട് ഗിന്നസ് ലോക റെക്കോർഡുകളാണുള്ളത്. ഫുട്ബോളിലെ ഏറ്റവും ദൈർഘ്യമേറിയ ത്രോയാണ് ഇതിൽ ആദ്യത്തേത്. 2016 ഒക്ടോബർ 11-ന് ദക്ഷിണ കൊറിയക്കെതിരായ മത്സരത്തിൽ 200 അടി ദൂരത്തേക്ക് പന്തെറിഞ്ഞാണ് അദ്ദേഹം ഈ നേട്ടം സ്വന്തമാക്കിയത്. ഏറ്റവും ദൈർഘ്യമേറിയ ഡ്രോപ് കിക്കിനുള്ളതാണ് രണ്ടാമത്തെ റെക്കോർഡ്; 255 അടിയാണ് ഇതിന്റെ ദൂരം. ഈ ലോകകപ്പിലെ നിർണായക മൽസരത്തിൽ ബെൽജിയത്തിനെതിരെ ഇറാന്റെ ഗോൾകീപ്പർ അലിറേസ ബെയ്റൻവാൻഡ് നടത്തിയത് ഏഴ് സേവുകൾ.  അദ്ദേഹം നൽകാൻ ശ്രമിച്ച 34 പാസുകളിൽ 20 എണ്ണവും വിജയകരമായി പൂർത്തിയാക്കി. 24 ലോങ് ബോളുകളിൽ 11 എണ്ണവും ലക്ഷ്യത്തിലെത്തിച്ചു. 

കഴിഞ്ഞ ദശകത്തിൽ പേർഷ്യൻ ഗൾഫ് പ്രോ ലീഗിൽ ഒന്നിനുപുറകെ ഒന്നായി വമ്പൻ റെക്കോർഡുകൾ സ്വന്തമാക്കിയാണ് ബെയ്റാൻവന്ദ് തൻ്റെ ലീഗ് കരിയറിലെ ഏറ്റവും മികച്ച ഫോമിലെത്തിയത്. തുടർച്ചയായ നാല് സീസണുകളിൽ പേർഷ്യൻ പ്രോ ലീഗിലെ മികച്ച ഗോൾകീപ്പറായിരുന്നു.  2019-ൽ ഇറാനിയൻ ഫുട്ബോളർ ഓഫ് ദി ഇയർ ആയും തിരഞ്ഞെടുക്കപ്പെട്ടു. ഫിഫയുടെ മികച്ച ഫുട്ബോൾ താരത്തിനുള്ള പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇറാനിയൻ താരമെന്ന ബഹുമതിയും അദ്ദേഹത്തിന് സ്വന്തം.

ENGLISH SUMMARY:

Alireza Beiranvand is a World Cup hero and Iran's standout goalkeeper, making incredible saves and holding two Guinness World Records. His journey from a shepherd boy to a record-breaking athlete highlights his remarkable dedication and skill in the sport.