pak-woman

TOPICS COVERED

പത്തുവര്‍ഷത്തിലേറെ കാലം ഫ്രഞ്ച് യുവതിയെ പുറംലോകം കാണിക്കാതെ പാക്കിസ്ഥാനില്‍ തടവിലാക്കിയ പ്രതി പിടിയില്‍.  54കാരിയായ സില്‍വേ യസ്മിനയേയും അഞ്ച് കുഞ്ഞുങ്ങളേയും പൊലീസ് സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയതായാണ് റിപ്പോര്‍ട്ട്. 2014ലാണ് ഒസ്ട്രേലിയയില്‍ നിന്നും യുവതിയെ വിവാഹം കഴിച്ച് ഇയാള്‍ പാക്കിസ്ഥാനിലേക്ക് താമസം മാറിയത്. 

ഒസ്ട്രേലിയയില്‍ അനധികൃതമായി താമസിക്കുകയായിരുന്ന ഇയാള്‍ ഫ്രഞ്ച് യുവതിയുമായി അടുപ്പത്തിലായി വിവാഹം കഴിക്കുകയായിരുന്നു. രണ്ട് കുഞ്ഞുങ്ങളായ ശേഷമാണ് പാക്കിസ്ഥാനിലേക്ക് താമസം മാറിയത്. പാക്കിസ്ഥാനിലെത്തിയ ശേഷം മൂന്ന് കുട്ടികള്‍ കൂടി പിറന്നു. ഈ പത്തുവര്‍ഷക്കാലവും താനും കുട്ടികളും അനുഭവിക്കേണ്ടിവന്നത് കൊടും ക്രൂരതകളാണെന്ന് യുവതി പൊലീസിനോട് പറയുന്നു. ഒരു മകന്റെ ഇടപെടലിലൂടെയാണ് പൊലീസ് സംഭവമറിഞ്ഞ് സ്ഥലത്തെത്തി കുടുംബത്തെ രക്ഷപ്പെടുത്തിയത്.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖാ പ്രവിശ്യയിലെ പര്‍വത മേഖലയായ ബാരയിലാണ് പ്രതി യുവതിയേയും മക്കളേയും പാര്‍പ്പിച്ചിരുന്നത്. പുറംലോകവുമായി യാതൊരു ബന്ധവുമില്ലാതെ അടച്ചിട്ട മുറിയിലാണ് ഇവരെ താമസിപ്പിച്ചിരുന്നത്. ദിവസവും ഇയാളുടെ ശാരീരിക പീഡനം ഏറ്റുവാങ്ങിയത് യുവതി മാത്രമായിരുന്നില്ല, കുഞ്ഞുങ്ങളേയും ഇയാള്‍ ഉപദ്രവിച്ചിരുന്നതായി യുവതി പറയുന്നു. കുട്ടികള്‍ക്ക് വിദ്യാഭ്യാസം പോലും നിഷേധിച്ചു. തന്റേയും തന്റെ മക്കളുടേയും ജീവിതം നശിച്ചെന്ന് യുവതി പൊലീസിനോട് കരഞ്ഞു പറയുന്നു. 

ഈ പീഡനങ്ങള്‍ക്കിടെയാണ് ഒരു ദിവസം ഇവരുടെ മകന്‍ വീട്ടില്‍ നിന്നും രക്ഷപ്പെട്ടോടി പൊലീസിനെ വിവരം അറിയിച്ചത്. അതോടെയാണ് സംഭവത്തെക്കുറിച്ച് പുറംലോകം അറിയുന്നതെന്ന് ബിബിസി ഉര്‍ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്ന് ഈ മാസം 18ന് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. 54കാരിയായ സില്‍വേ യസ്മിനയേയും അഞ്ച് കുഞ്ഞുങ്ങളേയും പൊലീസ് രക്ഷപ്പെടുത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. 

യുവതിയുടേയും കുഞ്ഞുങ്ങളുടേയും ശരീരത്തില്‍ ഇയാളുടെ മര്‍ദനമേറ്റ പാടുകളുണ്ടായിരുന്നതായും അങ്ങേയറ്റം ജീര്‍ണിച്ചു നശിച്ച ഒരു മുറിയിലാണ് ഇവര്‍ കഴിഞ്ഞിരുന്നതെന്നും പൊലീസ് പറയുന്നു. പിന്നീട് പാക് പൊലീസ് ഫ്രഞ്ച് എംബസിയ്ക്ക് യുവതിയെക്കുറിച്ചുള്ള വിവരം കൈമാറി. യസ്മിനയ്ക്കും മക്കള്‍ക്കും ഫ്രാന്‍സിലേക്ക് തിരിച്ചുപോകാന്‍ ആഗ്രഹമുണ്ടെന്നും പൊലീസ് എംബസിയെ അറിയിച്ചു.

‘ഭര്‍ത്താവെന്ന രീതിയിലല്ല അയാള്‍ പെരുമാറിയതെന്നും, ക്രൂരപീഡനമാണ് നേരിടേണ്ടി വന്നതെന്നും യസ്മിന പറയുന്നു. നികൃഷ്ടനായ മനുഷ്യനാണെന്നും ശാരീരികമായും മാനസികമായും തന്നേയും മക്കളേയും ഉപദ്രവിച്ചെന്നും യസ്മിന വിവരിച്ചു. കുട്ടികളെ സ്കൂളില്‍ ചേര്‍ക്കാന്‍ പോലും ഇയാള്‍ തയാറായില്ലെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരും വ്യക്തമാക്കുന്നു. 

2003ല്‍ ഓസ്ട്രേലിയയില്‍വച്ച് വിവാഹിതരായ യസ്മിനയും പ്രതിയും 2014ലാണ് പാക്കിസ്ഥാനില്‍ എത്തുന്നതെന്ന് പാക് അധികൃതര്‍ സ്ഥിരീകരിക്കുന്നു. പിന്നീടുള്ള വര്‍ഷങ്ങളില്‍ എന്താണ് സംഭവിച്ചതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. പ്രതിയെ കസ്റ്റഡിയിലെടുത്തതായും ഇയാള്‍ക്കെതിരെ ആവശ്യമായ തെളിവുകള്‍ ശേഖരിക്കുന്നതായും പൊലീസ് വ്യക്തമാക്കുന്നു.  

French Woman Held Captive in Pakistan for 10 Years Rescued:

A French woman was held captive in Pakistan for nearly a decade, enduring severe abuse along with her five children. The woman, Sylvie Yasmina, was rescued by police after one of her sons managed to escape and alert authorities, bringing an end to a decade of isolation and violence.