ഏതുനിമിഷവും ഒരു യുദ്ധത്തിന് തയാറാണെന്ന പ്രതീതി. അതാണ് ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ലോകത്തിന് മുന്നിലുയര്‍ത്തുന്ന ആശങ്ക. "നമ്മുടെ തീരം മാത്രം പ്രതിരോധിക്കുന്ന ഒരു സേനയായിരുന്നു നാവികസേന എന്ന കാലം കഴിഞ്ഞു," അണവായുധ ശേഷിയുള്ള, 5,000 ടൺ ഭാരമുള്ള അത്യാധുനിക യുദ്ധക്കപ്പലായ ചോ ഹ്യോൻ കമ്മീഷൻ ചെയ്തുകൊണ്ട് കിം ജോങ് ഉൻ പറഞ്ഞ ഈ വാക്കുകള്‍ ഒരു മുന്നറിയിപ്പ് കൂടിയാണ്. പടിഞ്ഞാറൻ തുറമുഖമായ നാംപോയിൽ നടന്ന ചടങ്ങിൽ സംസാരിച്ച കിം ജോങ് ഉൻ, സ്വന്തം തീരം മാത്രം പ്രതിരോധിക്കുന്ന പഴയ നാവികസേനയല്ല ഉത്തരകൊറിയയുടേതെന്നും, ശത്രുക്കളുടെ താവളങ്ങൾ ലക്ഷ്യമിട്ട് പ്രഹരിക്കാൻ ശേഷിയുള്ള ആധുനിക ആണവ നാവികസേനയായി രാജ്യം മാറിക്കഴിഞ്ഞുവെന്നും പ്രഖ്യാപിച്ചു.
ലക്ഷ്യം ആരൊക്കെ? എന്തൊക്കെ?
ആണവായുധം വഹിക്കാൻ ശേഷിയുള്ള ബാലിസ്റ്റിക്, ക്രൂസ് മിസൈലുകൾ ഈ കപ്പലിൽ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ദക്ഷിണ കൊറിയയിലേക്കോ മേഖലയിലെ യുഎസ് താവളങ്ങളിലേക്കോ നിമിഷങ്ങൾക്കകം ആക്രമണം നടത്താൻ ഉത്തര കൊറിയയെ പ്രാപ്തമാക്കുന്നു. നാവികസേനയെ പൂർണ്ണമായും ആണവവത്കരിക്കാനുള്ള പദ്ധതിയുടെ ഭാഗമായാണ് ഈ നീക്കമെന്ന് ഉത്തര കൊറിയ അവകാശപ്പെടുമ്പോൾ, കൊറിയൻ ഉപദ്വീപിലും പസഫിക് മേഖലയിലും ഇത് കനത്ത യുദ്ധഭീതിയാണ് സൃഷ്ടിക്കുന്നത്. ഉത്തര കൊറിയയുടെ പുതിയ പടക്കപ്പൽ പസഫിക് മേഖലയിലെ നിലവിലുള്ള അസ്ഥിരത ഇരട്ടിയാക്കും. ദക്ഷിണ കൊറിയ, ജപ്പാൻ എന്നീ അയൽരാജ്യങ്ങളാണ് ഇപ്പോൾ കടുത്ത ആശങ്കയിലായിരിക്കുന്നത്. ഈ നീക്കം സഖ്യകക്ഷികളായ ജപ്പാന്റെയും ദക്ഷിണ കൊറിയയുടെയും സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് വാഷിംഗ്ടൺ പ്രതികരിച്ചുകഴിഞ്ഞു. ഉപരോധങ്ങൾ മറികടന്ന് ഉത്തര കൊറിയ നടത്തുന്ന ഇത്തരം സൈനിക പരീക്ഷണങ്ങളെ യുഎസ് നിരീക്ഷിച്ചുവരികയാണ്.
ഇതൊരു തുടക്കം; ഇനിയും തുടരും
വരും വർഷങ്ങളിൽ 10,000 ടൺ ശേഷിയുള്ളവ ഉൾപ്പെടെ വർഷം തോറും രണ്ട് വലിയ യുദ്ധക്കപ്പലുകൾ വീതം നിർമിക്കുമെന്നും കിം ജോങ് ഉന്‍ പ്രഖ്യാപിച്ചിട്ടുണ്ട്. വർഷങ്ങളോളം ബാലിസ്റ്റിക് മിസൈൽ വികസനത്തിന് ഊന്നൽ നൽകിയ കിം, ഇപ്പോൾ നാവിക ശേഷി വർധിപ്പിക്കുന്നതിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ആണവോർജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിയുടെ നിർമാണവും ഇതിന്റെ ഭാഗമാണ്. കഴിഞ്ഞ ഫെബ്രുവരിയിൽ നടന്ന വർക്കേഴ്സ് പാർട്ടി കോൺഗ്രസിൽ കിം മുന്നോട്ടുവച്ച പഞ്ചവത്സര സൈനിക ലക്ഷ്യങ്ങളിലും നാവികശേഷിക്ക് വലിയ പ്രാധാന്യം നൽകിയിരുന്നു. വെള്ളത്തിനടിയിൽ നിന്ന് വിക്ഷേപിക്കാൻ കഴിയുന്ന ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളുടെ നിര്‍മാണവും ഇതിൽ ഉൾപ്പെടുന്നു.
എന്താണ് കിം ജോന്‍ ഉന്നിന്‍റെ ഉന്നം?
കിം എന്താണ് ഉദ്ദേശിച്ചതെന്ന് സർക്കാർ മാധ്യമങ്ങൾ വ്യക്തമായി വിശദീകരിക്കുന്നില്ലെങ്കിലും, എതിരാളികളായ ദക്ഷിണ കൊറിയയുടെ നിയന്ത്രണത്തിലുള്ള സമുദ്രമേഖലയിലേക്ക് കടന്നുകയറുന്ന തരത്തിൽ പുതിയൊരു സമുദ്രാതിർത്തി ഉത്തര കൊറിയ ഔദ്യോഗികമായി പ്രഖ്യാപിക്കാൻ ഒരുങ്ങുകയാണെന്ന് ചില നിരീക്ഷകർ പറയുന്നു. 1950-53ലെ കൊറിയൻ യുദ്ധത്തിന് ശേഷം യുഎൻ നിശ്ചയിച്ച 'നോർത്തേൺ ലിമിറ്റ് ലൈൻ' (Northern Limit Line) എന്ന തന്ത്രപ്രധാന സമുദ്രാതിർത്തി അംഗീകരിക്കുന്നില്ലെന്ന് കിം ആവർത്തിച്ചു പറയുന്നതും ഇതിനോട് ചേര്‍ത്തുവായിക്കണം. പുതിയ അതിർത്തി സ്ഥാപിക്കാന്‍ ഉത്തര കൊറിയ ശ്രമിച്ചാല്‍ അത് മുൻകാലങ്ങളിലുണ്ടായതുപോലുള്ള സമുദ്രമേഖലയിലെ രക്തരൂഷിതമായ ഏറ്റുമുട്ടലുകൾക്ക് വീണ്ടും വഴിവെക്കും.
സഹായം റഷ്യയില്‍ നിന്നോ?
2019ൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായുള്ള ആണവ നയതന്ത്ര ചർച്ചകൾ പരാജയപ്പെട്ടതിനു ശേഷം, ഉത്തരകൊറിയ ആണവായുധ ശേഖരം വിപുലീകരിക്കുന്നത് വേഗത്തിലാക്കുകയും മോസ്കോയുമായും ബെയ്ജിങ്ങുമായും ബന്ധം ദൃഢമാക്കുകയും ചെയ്തു. ഉത്തര കൊറിയയുടെ നിലവിലെ യുദ്ധക്കപ്പല്‍ നിര്‍മാണത്തിനും നാവികസേനയുടെ ശക്തമാക്കലിനും പിന്നിൽ റഷ്യയുടെ സാങ്കേതിക സഹായമുണ്ടെന്നാണ് യുഎസ്, ദക്ഷിണ കൊറിയൻ ഇന്റലിജൻസുകള്‍ വിലയിരുത്തുന്നത്. ദക്ഷിണ കൊറിയയും അമേരിക്കയും സംയുക്തമായി നടത്തുന്ന സൈനികാഭ്യാസങ്ങളാണ് മേഖലയെ ആണവയുദ്ധത്തിന്റെ വക്കിലേക്ക് തള്ളിവിടുന്നതെന്നാണ് ഉത്തര കൊറിയയുടെ ആരോപണം.
നിരത്തിലിറക്കിയ പുതിയ യുദ്ധക്കപ്പല്‍ പൂർണ്ണമായി പ്രവർത്തനസജ്ജമാണോ എന്നതിൽ നിരീക്ഷകർക്ക് സംശയമുണ്ടെങ്കിലും, കിം ജോങ് ഉന്നിന്റെ സമുദ്രത്തിലെ ഈ ആണവപ്പടയൊരുക്കം വലിയ ആശങ്കയാണുണ്ടാക്കുന്നത്. അതിന്റെ പ്രകമ്പനങ്ങളും പ്രതികരണങ്ങളും വരും ദിവസങ്ങളിലും തുടരുമെന്നുറപ്പാണ്.