എഐ നിര്‍മ്മിത പ്രതീകാത്മക ചിത്രം
പുറത്ത് പോകാന്‍ ആര്‍ക്കും അനുവാദമില്ലാത്ത രാജ്യം, ഇന്‍റര്‍നെറ്റില്ല, ടെലിവിഷനും റേഡിയോയും പത്രങ്ങളുമെല്ലാം സര്‍ക്കാരിന്‍റേത്... ഭരണകൂടത്തെ വിമര്‍ശിച്ചാല്‍, പരമോന്നത നേതാവിനെ ചോദ്യം ചെയ്താല്‍ അനന്തരഫലം അനുഭവിക്കേണ്ടത് മൂന്ന് തലമുറ. കിം ജോങ് ഉന്നിന്‍റെ ഉത്തരകൊറിയ! രക്ഷപ്പെടുക എന്നതിലുമുപരി അത് സ്വപ്നം കാണുന്നത് പോലും കുറ്റമായ ആ രാജ്യത്തുനിന്ന് ഒരു കുടുംബം സ്വാതന്ത്യം സ്വപ്നം കണ്ടു... സ്വപ്നം കണ്ടെന്ന് മാത്രമല്ല അത് നേടിയെടുക്കുകയും ചെയ്തു.
2023 മെയ് 6 ആയിരുന്നു ആ യാത്ര, അതും വിശാലമായ സമുദ്രത്തിലൂടെ ഒരു മല്‍സ്യബന്ധന ബോട്ടില്‍. കിം ഇൽ-ഹ്യോക്ക്, കിം യി-ഹ്യോക്ക് എന്നീ സഹോദരങ്ങളും അവരുടെ ഏഴ് ബന്ധുക്കളുമാണ് പുതുലോകം സ്വപ്നം കണ്ട് കടല്‍ കടന്നത്. രണ്ട് കുട്ടികളും അഞ്ച് മാസം ഗർഭിണിയായ കിം ഇൽ-ഹ്യോക്കിന്‍റെ ഭാര്യയും അക്കൂട്ടത്തിലുണ്ടായിരുന്നു. ശ്വാസമടക്കിപ്പിടിച്ച് രണ്ട് മണിക്കൂര്‍ യാത്ര, എന്നാല്‍ ആ യാത്ര ആസൂത്രണം ചെയ്യാന്‍ എടുത്തത് പത്ത് വര്‍ഷമാണ്...
ആ സ്വപ്നത്തിന്‍റെ ആരംഭം അവരുടെ പിതാവില്‍ നിന്നായിരുന്നു. ഒരിക്കല്‍ മക്കളോട് ആ അച്ഛന്‍ പറഞ്ഞു... ‘ഈ രാജ്യത്തില്‍ എനിക്ക് ഒരു പ്രതീക്ഷയുമില്ല, ഈ രാജ്യം മാറില്ല എന്നാല്‍ ഇതിന് പുറത്ത് വിശാലമായ, സ്വതന്ത്രമായ ഒരു ലോകമുണ്ട്, പക്ഷേ സമുദ്രം മാത്രമാണ് നമുക്കുള്ള വഴി, നമുക്ക് ദക്ഷിണ കൊറിയയിലേക്ക് പോകാം’. ഇരുവരുടേയും പിതാവ് പുരാതന വസ്തുക്കളും കല്‍ക്കരിയും മറ്റും വിറ്റുകൊണ്ടിരുന്നയാളായിരുന്നു. പക്ഷേ രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും ചെറിയതെങ്കിലും മറ്റുള്ളവരെ അപേക്ഷിച്ച് മികച്ച സാമ്പത്തിക സ്രോതസ് അവര്‍ക്കുണ്ടായിരുന്നു. മാത്രമല്ല വീട്ടില്‍ സർക്കാരിന്‍റെ ടിവിയെ കൂടാതെ ചൈനയിൽ നിന്ന് കടത്തിക്കൊണ്ടുവന്ന മറ്റൊരു ടിവിയും. ആ ടിവിയില്‍ അവര്‍ ദക്ഷിണ കൊറിയയുടെ കാഴ്ചകള്‍ കണ്ടു. പുറത്തെ ലോകം കണ്ടു. എന്നാല്‍ ആ സ്വപ്നം യാഥാർത്ഥ്യമാകുന്നതിന് മുമ്പ് പിതാവ് മരിച്ചു.
കേള്‍ക്കുമ്പോള്‍ അസാധ്യം എന്ന് തോന്നുന്ന ഒന്നായിരുന്നു കടല്‍ വഴിയുള്ള രക്ഷപ്പെടല്‍. അതിനായി മല്‍സ്യത്തൊഴിലാളികളായി വേഷമിടാന്‍ അവര്‍ തീരുമാനിച്ചു. എന്നാല്‍ അവര്‍ കടല്‍തീരത്ത് താമസിച്ചിരുന്നവരല്ല. കടലിനെ കുറിച്ചോ സമുദ്രാതിർത്തികളെക്കുറിച്ചോ വേലിയേറ്റങ്ങളെക്കുറിച്ചോ ബോട്ടുകളെ കുറിച്ചോ പെട്രോളിങ് പാതകളെ കുറിച്ചോ ഒന്നും അറിയാത്തവര്‍. അങ്ങനെ, ഇളയവനായ കിം യി-ഹ്യോക്ക് ഒരു ജോലികണ്ടെത്താന്‍ രാജ്യത്തിന്‍റെ പടിഞ്ഞാറൻ ഭാഗത്തേക്ക് പുറപ്പെട്ടു. വർഷങ്ങളോളം മീൻ പിടിക്കാനും, ബോട്ട് നന്നാക്കാനും, കാലാവസ്ഥയെ കുറിച്ചും, തീരപ്രദേശത്തെ ആളുകളുടെ ജീവിതരീതിയെ കുറിച്ചും പഠിച്ചു. അവരുടെ തൊഴിൽ പഠിക്കുകയും സ്വന്തമായി ഒരു ബോട്ട് വാങ്ങുകയും ചെയ്തു. കാലക്രമേണ അവിടെയുള്ള പ്രാദേശിക സുരക്ഷാ ഉദ്യോഗസ്ഥരുടെ വിശ്വാസവും പിടിച്ചുപറ്റി.
ഉത്തര- ദക്ഷിണ കൊറിയകൾക്കിടയിലുള്ള തർക്ക സമുദ്ര അതിർത്തിയായ നോർത്തേൺ ലിമിറ്റ് ലൈനിന് സമീപമുള്ള പട്രോളിങ് രീതികൾ പഠിക്കുന്നതിനും അതിനിടയിലെ വിടവുകള്‍ കണ്ടെത്തുന്നതിനും അവർ കടലിലെ ജോലി ഉപയോഗിച്ചു. എൻഎൽഎൽ കടക്കുമ്പോൾ പട്രോളിങ് സംഘത്തിന് എത്ര വേഗത്തിൽ ബോട്ട് കണ്ടെത്താൻ കഴിയുമെന്ന് കണക്കാക്കി. പകൽ സമയത്ത് പട്രോളിങ് വേഗത്തിലും രാത്രിയിൽ മന്ദഗതിയിലുമാണെന്ന് കണ്ടെത്തി. ഇതിനിടയില്‍ പലതവണ അവരെ പെട്രോളിങ് സംഘം തന്നെ പിടികൂടി. തടഞ്ഞുനിർത്തി, ചോദ്യം ചെയ്തു. ഒരോ പ്രാവശ്യവും അവര്‍ തങ്ങള്‍ മല്‍സ്യത്തൊഴിലാളികളാണെന്ന് ആവര്‍ത്തിച്ചു. കൈക്കൂലി നൽകി, കാലക്രമേണ അവരെ കാണുമ്പോള്‍ ഉദ്യോഗസ്ഥര്‍ക്കുണ്ടായിരുന്ന സംശയം കുറഞ്ഞു.
2023 മെയില്‍ കിം ഇൽ-ഹ്യോക്കിന്റെ ഭാര്യ ഗർഭിണിയായി. ഇനി കാത്തിരിക്കാനാവില്ലെന്ന് കുടുംബം തീരുമാനിച്ചു. അങ്ങിനെ ശക്തമായ മഴയുള്ള ഒരു രാത്രിയില്‍ അവര്‍ രക്ഷപ്പെടാന്‍ തീരുമാനിച്ചു. മോശം കാലാവസ്ഥ റഡാർ ദൃശ്യപരത കുറച്ചിരുന്നു. ഒരു ഗാർഡിന് കൈക്കൂലി നൽകി ആ രാത്രി ആഴക്കടലില്‍ മത്സ്യബന്ധനത്തിന് പോകാൻ അനുമതി നേടിയെടുത്തു. സഹോദരന്‍മാരും അവരുടെ ഭാര്യാസഹോദരനും ബോട്ടിലേറി, കുടുംബത്തിലെ സ്ത്രീകളെ രഹസ്യമായി തീരപ്രദേശത്തുള്ള ഒരു സ്ഥലത്തേക്ക് മാറ്റി. കിം ഇൽ-ഹ്യോക്കിന്‍റെ ഗർഭിണിയായ ഭാര്യ, അമ്മ, ഭാര്യാസഹോദരി, കിം യി-ഹ്യോക്കിന്‍റെ അമ്മായിയമ്മ എന്നിവരെല്ലാം അക്കൂട്ടത്തില് ഉണ്ടായിരുന്നു. കിം യി-ഹ്യോക്കിന്‍റെ നാലും ആറും വയസ്സുള്ള രണ്ട് കൊച്ചുകുട്ടികളെ യാത്രയിലുടനീളം ചാക്കുകൾക്കുള്ളിൽ ഒളിപ്പിച്ചു.
അങ്ങിനെ യാത്ര ആരംഭിച്ചു. ബോട്ട് പതിയെ തീരത്ത് നിന്ന് അകന്നു. കനത്ത നിശബ്ദത... എല്ലാവരും ശ്വാസം പിടിച്ചിരുന്നു. അന്ന് ആ യാത്രയില്‍ ബോട്ടിന്‍റെ എന്‍ജിനേക്കാൾ ഉച്ചത്തിലായിരുന്നു തന്‍റെ ഹൃദയമിടിപ്പെന്ന് കിം ഇൽ-ഹ്യോക് ഓര്‍ക്കുന്നു. രണ്ട് മണിക്കൂറോളം തുറന്ന ജലപാതയിലൂടെ സഞ്ചരിച്ചു, ഇരുട്ടിലൂടെ സമുദ്രാതിർത്തിയിലേക്ക് നീങ്ങി. ഉത്തര കൊറിയൻ പട്രോളിങ് കണ്ടെത്തിയാൽ, ഒന്നെങ്കില്‍ ജയിലിൽ അടയ്ക്കപ്പെടും അല്ലെങ്കില്‍ കൊല്ലപ്പെടും. പക്ഷേ ഭാഗ്യമെന്നു പറയട്ടെ, അവര്‍ നോർത്തേൺ ലിമിറ്റ് ലൈന്‍ കടന്നു. ഉത്തര കൊറിയന്‍ പരിധി കടന്നു എന്ന് ഉറപ്പാക്കിയതോടെ കിം ഇൽ-ഹ്യോക് സെർച്ച് ലൈറ്റ് ഓണാക്കി. താമസിയാതെ, ഒരു ദക്ഷിണ കൊറിയൻ നാവിക കപ്പൽ അവരെ കണ്ടു... ഉച്ചഭാഷിണിയിലൂടെ ആരെന്നും എന്തിനിവിടെ വന്നെന്നും കപ്പല്‍ ജീവനക്കാര്‍ ചോദിച്ചു... എല്ലാം പറഞ്ഞു കഴിഞ്ഞപ്പോള്‍ തന്‍റെ ചുമലിൽ നിന്ന് വലിയൊരു ഭാരം എടുത്തുമാറ്റിയതുപോലെ തോന്നിയെന്ന് കിം പറയുന്നു. ഒടുവില്‍ ദക്ഷിണ കൊറിയയുടെ വാതിലുകള്‍ അവര്‍ക്കു മുന്നില്‍ തുറന്നു.
രക്ഷപ്പെട്ട് നാല് മാസങ്ങൾക്ക് ശേഷം, ദമ്പതികൾക്ക് മകൾ ജനിച്ചു. ഒരു വർഷത്തിനുശേഷം, ദക്ഷിണ കൊറിയയിലെ സിയോളില്‍ മകളുടെ ജന്മദിനം ആഘോഷിച്ചു. ഉത്തര കൊറിയയിലെ ജയില്‍ പോലുള്ള ജീവിതത്തില്‍ നിന്നും ദക്ഷിണ കൊറിയയിലെ സ്വതന്ത്ര ജീവിതവുമായി പൊരുത്തപ്പെടാൻ ഏറെ സമയമെടുത്തുവെന്ന് കുടുംബം പറയുന്നു. ചിലപ്പോൾ, അർദ്ധരാത്രിയിൽ ഉണരുമ്പോൾ, ഞാൻ ഇപ്പോഴും ഉത്തര കൊറിയയിലാണെന്ന് കരുതി ആശയക്കുഴപ്പത്തിലാകുമെന്ന് കിം യി-ഹ്യോക്ക് പറഞ്ഞു. എന്നാല്‍ വിധിയുടെ വഴിത്തിരിവില്‍ ‘19 മാസത്തെ സ്വാതന്ത്ര്യ ജീവിത’ത്തിന് ശേഷം ഒരു സ്കൂബ ഡൈവിങ് അപകടത്തിൽ യി-ഹ്യോക്ക് മരിച്ചു. അദ്ദേഹത്തിന്‍റെ കുടുംബം ഇന്നും സന്തോഷത്തോടെ ദക്ഷിണ കൊറിയയില്‍ കഴിയുന്നു...