kim-jong-un-backs-iran

ഇറാനെതിരെ യുഎസും ഇസ്രയേലും ആക്രമണം തുടങ്ങിയശേഷം സമൂഹമാധ്യമങ്ങളടക്കം ഏറ്റവുമധികം കാത്തിരുന്നത് ഉത്തരകൊറിയന്‍ പരമോന്നത നേതാവ് കിം ജോങ് ഉന്നിന്റെ പ്രതികരണമായിരുന്നു. ഒടുവില്‍ പന്ത്രണ്ടാം ദിനം ആ പ്രതികരണം എത്തിയിരിക്കുകയാണ്. ഇറാനെതിരായ ആക്രമണത്തെ ശക്തമായി അപലപിച്ച് ഉത്തരകൊറിയ രംഗത്തെത്തി. ഇറാനെതിരെ യുഎസും ഇസ്രയേലും നടത്തുന്ന ആക്രമണങ്ങള്‍ നിയമവിരുദ്ധമെന്നും ലോകസമാധാനം തകർക്കുകയും ആഗോളതലത്തിൽ അസ്ഥിരത വർധിപ്പിക്കുമെന്നും ഉത്തര കൊറിയ കുറ്റപ്പെടുത്തി. ഇറാന്റെ പുതിയ പരമോന്നത നേതാവായി തിരഞ്ഞെടുക്കപ്പെട്ട മൊജ്തബ ഖമനയിക്ക് ഉത്തരകൊറിയ പൂര്‍ണപിന്തുണ പ്രഖ്യാപിച്ചു. ഇറാനിലെ ജനതയുടെ തിരഞ്ഞെടുപ്പിനെ കിം ജോങ് ഉന്‍ പിന്തുണയ്ക്കുന്നതായി ഉത്തര കൊറിയൻ സ്റ്റേറ്റ് മീഡിയ വ്യക്തമാക്കി.

Image Credit: AP/ Reuters

Image Credit: AP/ Reuters

റഷ്യ–ഇറാന്‍–ഉത്തരകൊറിയ : ലോകത്തുതന്നെ അപൂര്‍വം രാജ്യങ്ങളുമായി മാത്രം ബന്ധമുള്ള ഉത്തരകൊറിയ ഇറാനുമായി നേരത്തേ ബന്ധം സ്ഥാപിച്ചതാണ്. 2024 ഏപ്രിലില്‍ ഉത്തരകൊറിയന്‍ വാണിജ്യമന്ത്രി യൂൺ ജോങ് ഹോ നയിച്ച മന്ത്രിതല പ്രതിനിധി സംഘം ടെഹ്റാനിലെത്തിയിരുന്നു. വ്യാപാര സാമ്പത്തിക മേഖലകളിലെ പങ്കാളിത്തം ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ടായിരുന്നു ആ ചര്‍ച്ചകള്‍. മേഖലയില്‍ റഷ്യ വഴിയാണ് ഉത്തര കൊറിയ ഇറാനുമായി ബന്ധം സ്ഥാപിച്ചത്. പുട്ടിനുമായി കിം ജോങ് ഉന്നിന് മികച്ച ബന്ധമാണുള്ളത്. മേഖലയില്‍ ഇറാന്റെ ഏറ്റവും അടുത്ത പങ്കാളിയാണ് റഷ്യ. യുഎസ് പലപ്പോഴും ഒരുമിച്ച് ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തുന്ന രാജ്യങ്ങള്‍കൂടിയാണ് റഷ്യയും ഇറാനും ഉത്തരകൊറിയയും. 

ചൈന–ഇറാന്‍–ഉത്തരകൊറിയ: റഷ്യയ്ക്കൊപ്പം ഉത്തരകൊറിയ മികച്ച ബന്ധം പുലര്‍ത്തുന്ന രാജ്യമാണ് ചൈന. കോവിഡ് കാലത്ത് ഉത്തരകൊറിയയില്‍ എന്താണ് നടക്കുന്നതെന്ന് ലോകം അറിഞ്ഞില്ലെങ്കിലും ചൈനയുടെ വാക്സീനടക്കം രാജ്യത്തെത്തിയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കിം ജോങ് ഉൻ അനന്തരാവകാശിയെന്നു കരുതപ്പെടുന്ന മകൾ കിം ജുഏയോടൊപ്പം ബെയ്ജിങ്ങിൽ ട്രെയിനിറങ്ങുന്ന ദൃശ്യങ്ങൾ കഴിഞ്ഞ സെപ്റ്റംബറില്‍ പ്രചരിച്ചിരുന്നു. കിം പതിവായി പോകുന്ന സ്ഥലങ്ങളിലൊന്നാണ് ബെയ്ജിങ്ങെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. നിലവില്‍ മുജ്തബ ഖമനയിയെ അംഗീകരിച്ച് പ്രസ്താവനയിറക്കിയ രാജ്യങ്ങളിലൊന്നാണ് ചൈന. ദേ ഇപ്പോള്‍ അതേ വഴിയില്‍ കിം ജോങ് ഉന്നും മൊജ്തബയെ അംഗീകരിച്ചു രംഗത്തെത്തിയിട്ടുണ്ട്. 

mojtaba-leader

ഇറാന് സൈനിക പിന്തുണ നല്‍കുമോ കിം?

റഷ്യയ്ക്കായി യുക്രെയ്നെതിരായ പോരാട്ടത്തില്‍ ഉത്തരകൊറിയന്‍ സൈനികര്‍ പങ്കാളികളായെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. യുക്രെയ്ൻ യുദ്ധമുഖത്ത് റഷ്യയ്ക്കൊപ്പം എണ്ണായിരത്തിലേറെ ഉത്തര കൊറിയൻ സൈനികരുമുണ്ടെന്നായിരുന്നു യുഎസ് ആരോപണം. അതുപോലെ ഇറാനുവേണ്ടി ഉത്തരകൊറിയന്‍ സൈനികര്‍ രംഗത്തിറങ്ങുമോ? ഇറങ്ങില്ലെന്നാണ് വിലയിരുത്തല്‍. റഷ്യയല്ല, ഇറാന്‍; യുക്രെയ്നല്ല, അമേരിക്ക. അതുതന്നെ കാരണം.

ENGLISH SUMMARY:

North Korean leader Kim Jong Un officially condemned the US and Israeli strikes on Iran, labeling them illegal acts that threaten global stability. Expressing full solidarity with Iran's new Supreme Leader, Mojtaba Khamenei, North Korea criticized the West for intensifying regional unrest. The statement highlights the strengthening of the Russia-Iran-North Korea axis, following recent high-level trade talks between Pyongyang and Tehran. While North Korea has allegedly sent troops to aid Russia in Ukraine, experts analyze whether Kim will provide similar military support to Iran against US forces.