This picture taken on March 15, 2026 and released by North Korea's official Korean Central News Agency (KCNA) on March 16, 2026 shows North Korean leader Kim Jong Un (C) visiting the Chonsong Youth Coal Mine under the Sunchon Area Youth Coal-mining Complex in South Pyongan Province, North Korea. (Photo by KCNA VIA KNS / AFP) / South Korea OUT / ---EDITORS NOTE--- RESTRICTED TO EDITORIAL USE - MANDATORY CREDIT "AFP PHOTO/KCNA VIA KNS" - NO MARKETING NO ADVERTISING CAMPAIGNS - DISTRIBUTED AS A SERVICE TO CLIENTS
THIS PICTURE WAS MADE AVAILABLE BY A THIRD PARTY. AFP CAN NOT INDEPENDENTLY VERIFY THE AUTHENTICITY, LOCATION, DATE AND CONTENT OF THIS IMAGE. /

ജനങ്ങള്‍ക്കൊപ്പം കിം ജോങ് ഇന്‍ (Image Credit: KCNA/AFP)

ഉത്തര കൊറിയയില്‍ 15–ാം പാര്‍ലമെന്‍റിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചു. കിം ജോങ് ഉന്നിന്‍റെ വര്‍ക്കേഴ്സ് പാര്‍ട്ടിയും സഖ്യകക്ഷികളും 99.93 ശതമാനം വോട്ടുകള്‍ നേടി. മാര്‍ച്ച് 15നായിരുന്നു സുപ്രീം പീപ്പിള്‍സ് അസംബ്ലിയിലേക്ക് തിരഞ്ഞെടുപ്പ് നടന്നത്. 99.99 ശതമാനം ജനങ്ങളും വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഫലത്തോടെ കിമ്മിന്‍റെ ആധിപത്യം ഒരിക്കല്‍ കൂടി ഉറച്ചുവെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. 

kim-jong-un-election

Image Credit: KCNA/Reuters

വോട്ടിങ് രീതികളിലടക്കം മാറ്റം കൊണ്ടുവന്ന ഉത്തര കൊറിയയിലെ തിരഞ്ഞെടുപ്പിനെ കൗതുകത്തോടെയാണ് ലോകം നോക്കിക്കണ്ടത്. ഇത്തവണത്തെ 70 ശതമാനം ഡപ്യൂട്ടിമാരും പുതുമുഖങ്ങളാണെന്നതും മറ്റൊരു പ്രത്യേകതയാണ്. പഴയ നേതാക്കളെ മാറ്റി കിമ്മിനോട് കൂടുതല്‍ കൂറുള്ള പുതുമുഖങ്ങളെ കൊണ്ടുവരുന്നതിനാണ് കിം പരിഷ്കാരങ്ങളെ പ്രയോജനപ്പെടുത്തിയതെന്നും രാജ്യാന്തര മാധ്യമങ്ങള്‍ വിലയിരുത്തുന്നു. കിമ്മിന്‍റെ വിശ്വസ്തനായ ജോ യുങ് വണ്‍ ഇത്തവണ പാര്‍ലമെന്‍റില്‍ നിര്‍ണായക അധികാരത്തിലേക്ക് എത്തുമെന്നാണ് കരുതുന്നത്. തലമുറ മാറ്റം വന്നതോടെ മുതിര്‍ന്ന നേതാവ് ചോയ് റ്യോങ് പ്രധാന പദവികളില്‍ നിന്ന് നീക്കപ്പെട്ടു. കിമ്മിന്‍റെ സഹോദരി കിം യോ ജോങും വിദേശകാര്യ മന്ത്രി ചോ സെന്‍ ഹുയിയും പുതിയതായി തിരഞ്ഞെടുക്കപ്പെട്ട ഡപ്യൂട്ടികളിലുണ്ട്. 

പാര്‍ലമെന്‍റിന്‍റെ പുതിയ സമ്മേളനത്തില്‍ കിമ്മിനെ വീണ്ടും സ്റ്റേറ്റ് അഫയേഴ്സ് കമ്മിഷന്‍റെ തലവനായി നിയമിക്കും. ഇതോടെ രാജ്യത്തിന്‍റെ പരമാധികാരി സ്ഥാനം ഉറയ്ക്കും. ദക്ഷിണ കൊറിയയെ ശത്രുരാജ്യമായി ഔദ്യോഗികമായി പ്രഖ്യാപിക്കും. ഇത് നിര്‍ണായക മാറ്റമാണെന്നും നയതന്ത്ര ഇടപെടലുകളിലടക്കം ഈ മാറ്റം പ്രകടമാകുമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. അസംബ്ലിയാകും ഇനി മുതല്‍ വിദേശനയത്തിലും നിര്‍ണായക തീരുമാനങ്ങള്‍ കൈക്കൊള്ളുകയെന്നും സൂചനയുണ്ട്. 

ഉത്തരകൊറിയയില്‍ പ്രതിപക്ഷമില്ലാത്തതെന്തുകൊണ്ട്? തിരഞ്ഞെടുപ്പെങ്ങനെ?

ഏകപാര്‍ട്ടി സംവിധാനമാണ് ഉത്തര കൊറിയയില്‍ നിലവിലുള്ളത്. മറ്റു ചെറുപാര്‍ട്ടികള്‍ ഉണ്ടെങ്കിലും അവയെല്ലാം ഭരണകക്ഷിയുടെ കീഴിലാണെന്ന് മാത്രമല്ല, തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ ഇറങ്ങുകയുമില്ല. സ്ഥാനാര്‍ഥിയെ തിര‍ഞ്ഞെടുക്കുന്നതും മാധ്യമങ്ങളെ നിയന്ത്രിക്കുന്നതും വാര്‍ത്തകള്‍ എത്തരത്തില്‍ വരണമെന്ന് തീരുമാനിക്കുന്നതും സര്‍ക്കാരാണ്. അതത് മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെ 'തിരഞ്ഞെടുക്കാന്‍' മാത്രമേ വോട്ടര്‍മാര്‍ക്ക് അവകാശമുള്ളൂ. സ്ഥാനാര്‍ഥിയുടെ പേരിന് നേരെ അപ്രൂവ് എന്നും ഡിസ്അപ്രൂവ് എന്നും മാത്രമാകും ഉണ്ടാവുക. ഇതില്‍ അപ്രൂവ് തന്നെ തിരഞ്ഞെടുക്കണമെന്നാണ് അലിഖിത നിയമം. രഹസ്യ ബാലറ്റ് സംവിധാനമൊന്നും ഉത്തരകൊറിയയില്‍ ഇല്ല. ഡിസ്അപ്രൂവ് ചെയ്യുന്നവര്‍ക്കുള്ള ശിക്ഷ ഉടനടി ലഭിക്കുകയും ചെയ്യും. സര്‍ക്കാര്‍ നിശ്ചയിച്ച തീരുമാനത്തിന് പേരിനൊരു അംഗീകാരം കൊടുക്കുക മാത്രമാണ് ജനങ്ങള്‍ക്ക് ചെയ്യാനുള്ളത്. വോട്ടെടുപ്പില്‍ പങ്കെടുക്കാതിരിക്കുന്നത് രാജ്യദ്രോഹക്കുറ്റവുമാണ്.

വോട്ടിലെ ആ 0.07 % എവിടെപ്പോയി?

പ്രതിപക്ഷമില്ലാതിരുന്നിട്ടും ഉത്തരകൊറിയയില്‍ 99.93 ശതമാനം വോട്ടല്ലേ കിമ്മിന്‍റെ പാര്‍ട്ടി നേടിയത്? അങ്ങനെയെങ്കില്‍ ബാക്കി 0.07 ശതമാനം എവിടെപ്പോയെന്ന് സംശയം ഉണ്ടാവുക സ്വാഭാവികമാണ്. ഈ 0.07 ശതമാനം എതിര്‍പ്പ് സാങ്കല്‍പ്പികം മാത്രമാണെന്നും 'ജനാധിപത്യം' ഉറപ്പിക്കുന്നുവെന്നേ അര്‍ഥമുള്ളൂവെന്നുമാണ് റിപ്പോര്‍ട്ടുകള്‍.  കിം സര്‍ക്കാരിന്‍റെ സ്ഥാനാര്‍ഥിയെ ഡിസ്അപ്രൂവ് ചെയ്യുന്നവര്‍ക്ക് പിന്നീട് എന്ത് സംഭവിക്കുമെന്ന് പറയാന്‍ കഴിയില്ലെന്നതാണ് വാസ്തവം. 

ഇങ്ങനെയൊക്കെയാണെങ്കില്‍ എന്തിനാണ് കഷ്ടപ്പെട്ട് തിരഞ്ഞെടുപ്പ് നടത്തുന്നതെന്നും സംശയം തോന്നുക സ്വാഭാവികം. എന്നാല്‍ വെറുതേയല്ല തിരഞ്ഞെടുപ്പ് നടത്തുന്നത്. വോട്ടെടുപ്പ്   ജനസംഖ്യകണക്കെടുപ്പ്  കൂടിയാണ്. കിം സര്‍ക്കാരിനോടും കുടുംബത്തോടുമുള്ള ജനങ്ങളുടെ കൂറ് അളക്കുന്ന പരിപാടി കൂടിയാണ് ഉത്തരകൊറിയയില്‍ തിരഞ്ഞെടുപ്പ് എന്നും രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നു.

ENGLISH SUMMARY:

Kim Jong Un's Workers' Party secures a landslide 99.93% victory in the 15th Supreme People's Assembly elections. With a 99.99% voter turnout, the election saw a major leadership reshuffle, introducing 70% new deputies. Kim Yo Jong and Choe Son Hui are among the elected members. Learn about North Korea's unique voting system and the significance of the 0.07% 'disapproval' votes in 2026.