credit : @brutamerica
പലപ്പോഴും മനുഷ്യര്‍ക്ക് പറ്റുന്ന അബദ്ധങ്ങളില്‍ സാഹചര്യങ്ങള്‍ക്ക് വലിയൊരു പങ്കുണ്ട്. ചെയ്യുന്ന പ്രവര്‍ത്തി മണ്ടത്തരമാണെന്ന് മനസിലാക്കാന്‍ ചിലപ്പോള്‍ സാഹചര്യങ്ങളുടെ സമ്മര്‍ദം കാരണം പറ്റിക്കൊള്ളണമെന്നില്ല. അത്തരത്തില്‍ ഒരു യുവതിക്ക് പറ്റിയ മണ്ടത്തരമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. യുഎസ് ഡിറ്റ്റോയിറ്റിലെ സ്വകാര്യ ബാങ്കില്‍ നിന്ന് ലോണെടുത്ത് തിരിച്ചടവ് മുടക്കിയ കേസിലെ ആരോപണവിധേയയായിരുന്നു കിംബര്‍ലി കാരൊള്‍. കേസ് പുരോഗമിച്ചുകൊണ്ടിരിക്കേ കിംബര്‍ലിക്ക് ഹാജരാകേണ്ട ദിനം വന്നെത്തി. എന്നാല്‍ കിംബര്‍ലി ഈ ദിനം മറ്റൊരു തിരക്കിലായിരുന്നു. താന്‍ സൂം കോളിലൂടെ വിചാരണയില്‍ പങ്കെടുക്കാമെന്ന് കിംബര്‍ലി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു.
കേസ് പരിഗണിക്കവേ കോടതി കിംബര്‍ലിയെ സൂം കോളിലൂടെ ബന്ധപ്പെട്ടു. കോള്‍ എടുത്ത കിംബര്‍ലി പക്ഷെ ഓടിക്കൊണ്ടിരുന്ന കാറിന്‍റെ മുന്‍വശത്തിരുന്നായിരുന്നു സൂം കോള്‍ അറ്റന്‍ഡ് ചെയ്തത്. കോള്‍ എടുത്ത ഉടന്‍ തന്നെ വിചാരണയ്ക്ക് താന്‍ തയ്യാറാണെന്ന ഭാവമായിരുന്നു കിംബര്‍ലിക്ക്. എന്നാല്‍ താന്‍ കാറിലിരിക്കുന്ന ആളുകളോട് കോടതി സംസാരിക്കില്ലെന്ന് ജഡ്ജി വ്യക്തമാക്കി. എന്നാല്‍ താന്‍ ഉടന്‍ തന്‍റെ ഡ്രൈവറോട് വണ്ടി നിര്‍ത്താന്‍ ആവശ്യപ്പെടാമെന്ന് കിംബര്‍ലി പറഞ്ഞു.
എന്നാല്‍ കിംബര്‍ലി പറഞ്ഞത് നുണയാണെന്ന് കോടതി ഉടന്‍ കണ്ടെത്തുകയായിരുന്നു. അമേരിക്കയിലെ കാറുകളില്‍ ഇടതുവശത്താണ് സ്റ്റിയറിങ് വീല്‍ എന്നിരിക്കെ എന്താണ് കിംബര്‍ലി വാഹനത്തിലെ ഡ്രൈവറല്ല മറിച്ച് യാത്രക്കാരിയാണെന്ന് ഇടതുവശത്തെ സീറ്റില്‍ നിന്നിരുന്ന് പറഞ്ഞതെന്ന് ജഡ്ജി ചോദ്യമുന്നയിച്ചു.
ഇതോടെ പെട്ട കിംബര്‍ലി വാഹനം നിര്‍ത്തി ഉടന്‍ തന്നെ തന്‍റെ ഡ്രൈവറെ കാണിച്ചുതരാമെന്ന് പറഞ്ഞ് വാഹനത്തിന്‍റെ പുറത്തേക്ക് ഇറങ്ങാന്‍ ശ്രമിച്ചു. എന്നാല്‍ വാഹനത്തില്‍ കിംബര്‍ലി അല്ലാതെ ആരും ഇല്ലെന്ന് കോടതി കണ്ടെത്തി. തുടര്‍ന്ന് ജഡ്ജ് ഒരു മിനിറ്റോളം കിംബര്‍ലിയെ ശാസിച്ചു. ഇത് കൂടാതെ കോടതിയില്‍ നേരിട്ട് ഹാജരാക്കാത ആളുടെ കേസെടുക്കുന്നില്ലെന്നും കോടതി വ്യകതമാക്കി. തനിക്ക് ഒരമളി പറ്റിയതാണെന്നും ഇനി ആവര്‍ത്തിക്കില്ലെന്നും കിംബര്‍ലി പറഞ്ഞെങ്കിലും ഗുരുതര ട്രാഫിക് നിയമലംഘനത്തിന് കിംബര്‍ലിക്കെതിരെ നടപടിയെടുത്തേക്കാമെന്നാണ് നിഗമനം.