Image: x.com/Osint613/
അമേരിക്കയിലെ ടെക്സസില്‍ തിരക്കേറിയ ഹൈവേയിൽ വിമാനം തകര്‍ന്നുവീണ് അപകടം. ടെക്സസിലെ ലാരെഡോയിലാണ് ചൊവ്വാഴ്ച രാത്രി പത്ത് മണിയോടെ ലൂപ്പ് 20 എന്ന ചെറു വിമാനം തകർന്നു വീഴുകയും തീപിടിക്കുകയും ചെയ്തത്. വിമാനം ഹൈവേയിലെ ബാരിയറില്‍ ഇടിക്കുകയും ചരിയുകയും ചെയ്തിരുന്നു. അപകടത്തിന്‍റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
അപകടം നടന്നയുടന്‍ ഹൈവേയിലൂടെ സഞ്ചരിക്കുകയായിരുന്നവരാണ് രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയത്. തീ ആളിപ്പടരുമ്പോഴും വിമാനത്തിന്റെ കോക്പിറ്റ് ഗ്ലാസ് തകർത്ത് ഉള്ളിലുള്ളവരെ പുറത്തെടുക്കാനായിരുന്നു ശ്രമം. വിമാനത്തിനുള്ളിൽ കുടുങ്ങിപ്പോയവർ പുറത്തുകടക്കാൻ കോക്പിറ്റ് ഗ്ലാസ് തകർക്കാൻ ശ്രമിക്കുന്നത് കണ്ട് വഴിയാത്രക്കാർ പുറത്തുനിന്ന് ഗ്ലാസ് തകർക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.
ഈ സമയം, വിമാനത്തിന്റെ വാതിൽ തുറന്നതോടെ വിമാനത്തിലുണ്ടായിരുന്ന മൂന്നുപേരും പൈലറ്റും പുറത്തേക്ക് ഓടി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായിരുന്ന മറ്റൊരു യാത്രക്കാരനെ രക്ഷാപ്രവർത്തനത്തിനായി ഓടിയെത്തിയവരാണ് പുറത്തെടുത്തത്. അപകടസമയത്ത് ഹൈവേയിലൂടെ ധാരാളം വാഹനങ്ങള്‍ സഞ്ചരിക്കുന്നുണ്ടായിരുന്നെങ്കിലും ഈ വാഹനങ്ങളോ യാത്രക്കാരോ അപകത്തില്‍പെട്ടില്ല എന്നതും വലിയൊരു ആശ്വാസമായി.
അതേസമയം, പൊലീസ് പറയുന്നതനുസരിച്ച് പൈലറ്റടക്കം ആറുപേരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇവരില്‍ ഒരാള്‍ മരിച്ചു. വിമാനം പൊട്ടിത്തെറിക്കാൻ സാധ്യതയുള്ളപ്പോളും ധൈര്യത്തോടെ മറ്റുള്ളവര്‍ ഓടിയെത്തി രക്ഷാപ്രവര്‍ത്തനം നടത്തിയതാണ് കൂടുതൽ മരണങ്ങൾ ഒഴിവാക്കിയതെന്നും പൊലീസ് പറഞ്ഞു. അപകടത്തെത്തുടർന്ന് ഹൈവേ അധികൃതർ അടച്ചു. അപകടത്തിന്‍റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പ്രാദേശിക ഭരണകൂടവും വ്യോമയാന വിഭാഗവും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.