മലപ്പുറം കൊണ്ടോട്ടിയില്‍ കൂടി പോയ ബസ് ജീവനക്കാര്‍ നടത്തിയ രക്ഷാപ്രവര്‍ത്തനമാണ് ഇന്നലെ ശ്രദ്ധിക്കപ്പെട്ടതെങ്കില്‍ ഇന്ന് ലോകത്തിന്റെ കൈയടി ഒരു മലപ്പുറംകാരന്‍ ലണ്ടനില്‍ നടത്തിയ അത്ഭുതകരമായ രക്ഷപെടുത്തലാണ്. ആലങ്കോട് സ്വദേശിയും ലണ്ടന്‍ എസ്തമിലെ താമസക്കാരനുമായ ജസീല്‍ ആണ് കെട്ടിടത്തില്‍ നിന്ന് തൂങ്ങിനിന്ന കുഞ്ഞ് താഴേയ്ക്കു വീണപ്പോള്‍ കൈയില്‍ താങ്ങിയത്. ആറ് കെട്ടിടങ്ങൾക്ക്‌ അപ്പുറത്ത്‌ കണ്ട ഈ ദൃശ്യം ഷർട്ട്‌ പോലും ഇടാതെ എത്തി കുഞ്ഞ് താഴേയ്ക്കു വീണപ്പോള്‍ പിടിക്കുകയായിരുന്നു ആലങ്കോട് പഞ്ചായത്തിലെ മാന്തടം സ്വദേശിയാണ്‌ ജസീൽ. 

ലണ്ടനില്‍ ആ കയ്യടി കിട്ടിയത് ജസീലിനു മാത്രമല്ല, മലയാളികള്‍ക്കൊന്നാകെയാണ്. സോഷ്യല്‍മീഡിയയില്‍ വൈറലാകുന്ന ദൃശ്യങ്ങളില്‍ കുഞ്ഞിനെ രക്ഷിക്കുന്ന മലപ്പുറം സ്വദേശി ജസീല്‍ മനോരമന്യൂസിനോട് സംസാരിച്ചു. ജസീല്‍ താമസിക്കുന്നിടത്തുനിന്നും ആറ് ഫ്ലാറ്റ് അപ്പുറത്താണ് സംഭവം നടന്നത്. വിന്‍ഡോയിലൂടെയാണ് ജസീല്‍ കെട്ടിടത്തില്‍ കുഞ്ഞ് തൂങ്ങിക്കിടക്കുന്നത് കണ്ടത്. കണ്ടയുടന്‍ ഇറങ്ങിയോടുകയായിരുന്നു. ഏകദേശം പത്ത് മിനിറ്റോളം സമയം ആ കുഞ്ഞ് അങ്ങനെ തൂങ്ങിക്കിടന്നുകാണുമെന്നും ജസീല്‍ പറയുന്നു. യുകെ സ്വദേശികളുടെ മൂന്നുവയസുള്ള കുഞ്ഞാണ് ഫ്ലാറ്റിന്റെ ഓപ്പണ്‍ ജനലിലൂടെ അബദ്ധത്തില്‍ പുറത്തിറങ്ങി തൂങ്ങിക്കിടന്നത്. പൊലീസുകാരുള്‍പ്പെടെ സ്ഥലത്തെത്തിയിരുന്നു. 

കുഞ്ഞിനെ രക്ഷിക്കാനായി താഴെനിന്ന പൊലീസുകാരന് പക്ഷേ സൂര്യപ്രകാശത്താല്‍ മുകളിലേക്ക് നോക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല. അദ്ദേഹത്തോട് അല്‍പമൊന്നു നീങ്ങിനില്‍ക്കാമോയെന്ന് ചോദിച്ചപ്പോള്‍ കാര്യം ബോധ്യപ്പെട്ട് അദ്ദേഹം മാറിത്തന്നു. തുടര്‍ന്നാണ് കുഞ്ഞ് താഴേക്ക് വീണതും രക്ഷപ്പെടുത്തിയതും. ലണ്ടനിലെ മലയാളികളുടെ ഭാഗത്തുനിന്നുള്‍പ്പെടെ അഭിനന്ദന പ്രവാഹമാണെന്നും ജസീല്‍ പറയുന്നു.   

ENGLISH SUMMARY:

A Malappuram man, Jaseel, has become a global hero after a dramatic rescue in London where he caught a child falling from a building. This act of bravery, witnessed by many and captured on social media, has brought immense pride to Malayalis worldwide.