child-mobilephone

അടുത്ത അധ്യയന വർഷം മുതൽ സ്കൂളുകളിൽ മൊബൈൽ ഫോണുകൾ നിരോധിക്കാൻ ഒരുങ്ങി സ്വീഡൻ. ക്ലാസ്‌റൂം സാങ്കേതികവിദ്യയോടുള്ള രാജ്യത്തിന്റെ സമീപനത്തിൽ തന്നെ ഇത് നിർണായക കാൽവയ്പ്പാകുമെന്നാണ് കണക്കാക്കപ്പെടുന്നത്. വിദ്യാർഥികൾക്കിടയിൽ, പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ, വായനാ സമയം വർധിപ്പിക്കുന്നതിനും സ്ക്രീൻ ഉപയോഗം കുറയ്ക്കുന്നതിനുമുള്ള സ്വീഡിഷ് സർക്കാരിന്റെ ശ്രമത്തിന്റെ ഭാഗമാണ് ഈ നീക്കം.

കോവിഡിന് ശേഷം 2023 മുതൽ, മധ്യ-വലതു സഖ്യ സർക്കാർ സ്കൂളുകളിൽ പുസ്തകങ്ങളുടെ ഉപയോഗവും പരമ്പരാഗത പഠനരീതികളുമാണ് പ്രോത്സാഹിപ്പിച്ചത്. മൊബൈൽ സ്ക്രീൻ ഉപയോഗം കൊണ്ട് വിദ്യാർഥികളിൽ വായനയും എഴുത്തും കുറയുന്നതിനെക്കുറിച്ചുള്ള ആശങ്കകളാണ് ഈ തീരുമാനം എടുക്കാൻ പ്രേരിപ്പിച്ചതെന്ന് ഉദ്യോഗസ്ഥർ പറയുന്നു. സാക്ഷരതാ നിലവാരത്തിലും കുറവുണ്ടായതായി അധികൃതർ കണ്ടെത്തി. പ്രത്യേകിച്ച് ചെറിയ കുട്ടികളിൽ ഇത് പ്രകടമാണെന്നും സ്വീഡിഷ് പാർലമെന്റ് എഡ്യുക്കേഷൻ കമ്മിറ്റി ചെയർപേഴ്സൺ ജോർ ഫോർസെൽ പറഞ്ഞു.

കുട്ടികൾക്ക് പുസ്തകങ്ങളും പരമ്പരാഗത പഠനരീതികളുമാണ് നല്ലതെന്ന് ഞങ്ങൾ വിശ്വസിക്കുന്നതിനാലാണ് സ്ക്രീൻ ഉപയോഗം നിയന്ത്രിക്കുന്നതെന്ന് ഫോർസെൽ പറഞ്ഞതായി വാർത്താ ഏജൻസിയായ അസോസിയേറ്റഡ് പ്രസ്സ് റിപ്പോർട്ട് ചെയ്തു. സ്മാർട്ട്‌ഫോണുകളും മറ്റ് ഡിജിറ്റൽ ഉപകരണങ്ങളും കുട്ടികളിൽ ശ്രദ്ധ വ്യതിചലിപ്പിക്കുന്നതിനെക്കുറിച്ച് അധ്യാപകരും രക്ഷിതാക്കളും ആശങ്കകൾ ഉന്നയിക്കുന്നതിനാൽ, ഒട്ടേറെ രാജ്യങ്ങൾ ഇതിനോടകം തന്നെ സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗത്തിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ ചുവടുപിടിച്ചാണ് പരമ്പരാഗത പഠനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീഡൻ ഇതിനകം സ്വീകരിച്ചിട്ടുള്ളത്.

ഈ വർഷം പാഠപുസ്തകങ്ങളും അധ്യാപക ഗൈഡുകളും വാങ്ങുന്നതിനായി സർക്കാർ 555 ദശലക്ഷം സ്വീഡിഷ് ക്രോണ അനുവദിച്ചു. ചില സ്കൂളുകളിൽ മൊബൈൽ ഫോൺ ഉപയോഗിക്കാൻ ഇതിനകം തന്നെ നിയന്ത്രണങ്ങൾ നിലവിലുണ്ട്. എന്തായാലും കുട്ടികളുടെ വ്യക്തിത്വ വികസനത്തിനും കഴിവുകൾ പരിപോഷിപ്പിക്കുന്നതിനുമായി അടുത്ത അധ്യയന വർഷമാകുമ്പോഴേക്കും സ്കൂളുകളിൽ മൊബൈൽ ഫോൺ നിരോധിക്കാനൊരുങ്ങിയിരിക്കുകയാണ് സ്വീഡിഷ് സർക്കാർ.

ENGLISH SUMMARY:

Sweden school mobile ban is a significant move by the Swedish government to restrict mobile phone usage in schools starting next academic year.