Untitled design - 1

Smoke rises from the site of an Israeli airstrike that targeted a neighborhood in the southern Lebanese coastal city of Tyre on June 7

പശ്ചിമേഷ്യയെ വീണ്ടും സംഘർഷഭരിതമാക്കി വെടിനിർത്തൽ ലംഘിച്ച് ഇസ്രയേലിനു നേരെ ഇറാന്റെ മിസൈലാക്രമണം. ബെയ്റൂട്ടിൽ ഇസ്രയേൽ നടത്തിയ അപ്രതീക്ഷിത ആക്രമണത്തിന് കനത്ത തിരിച്ചടി നൽകുമെന്ന മുന്നറിയിപ്പിന് പിന്നാലെയാണ് ഇറാന്റെ നടപടി. ആക്രമണത്തിന് പിന്നാലെ ഇറാന്റെ പടിഞ്ഞാറൻ വ്യോമമേഖല അടച്ചു. മിസൈലുകൾ പ്രതിരോധിച്ചു തകർത്തതായി ഇസ്രയേൽ സൈന്യം അവകാശപ്പെട്ടു.  

Also Read: ഗൾഫില്‍ ഇറാൻ ആക്രമണങ്ങളിലുണ്ടായ നാശനഷ്ടങ്ങൾ നികത്താൻ ഇറാന്‍റെ പണം തന്നെ ഉപയോഗിക്കാന്‍ യുഎസ്.

ഗുരുതരമായ തെറ്റാണ് ഇറാൻ വരുത്തിയതെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇസ്രയേല്‍ സൈനിക നേതൃത്വം വ്യക്തമാക്കി. മുന്നറിയിപ്പിനു പിന്നാലെ ടെഹ്റാന്‍ ഉള്‍പ്പെടെ മൂന്ന് ഇറാന്‍ നഗരങ്ങളില്‍ വന്‍സ്ഫോടനമുണ്ടായി. ഇറാന്റെ ആക്രമണത്തിന് മറുപടിയെന്ന് ഇസ്രയേല്‍ പ്രതികരിച്ചു. ആക്രമണം സൈനികകേന്ദ്രങ്ങളിലെന്നും ഇസ്രയേല്‍ അവകാശപ്പെട്ടു. ഇസ്രയേലിൽ പലയിടങ്ങളിലും സൈറൻ മുഴങ്ങുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. മിസൈൽ ആക്രമണത്തിന് പിന്നാലെ പ്രതികരണവുമായി ഇസ്രയേലിലെ മന്ത്രി ഇറ്റ്മർ ബെൻ ഗിവിർ രംഗത്തെത്തി. ‘‘ഇന്ന് രാത്രി ടെഹ്റാൻ കത്തണം” എന്നാണ് അദ്ദേഹം എക്‌സിൽ കുറിച്ചത്.

 

പ്രത്യാക്രമണത്തിന് മുതിര്‍ന്നാല്‍ മേഖലയിലെ എല്ലാ അമേരിക്കൻ, സയണിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിടുമെന്ന് ഇറാന്റെ റെവല്യൂഷണറി ഗാർഡ് മുന്നറിയിപ്പ് നൽകി. ഇതിനിടെ, ഇറാന്റെ പിന്തുണയുള്ള ഹിസ്ബുല്ലയും വടക്കൻ ഇസ്രയേലിനുനേരെ ആക്രമണം നടത്തിയതായി ഇസ്രയേൽ ആരോപിച്ചു. തിരിച്ചടിക്ക് മുതിരേണ്ടതില്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇസ്രയേലിനെ ഉപദേശിച്ചതായി റിപ്പോർട്ടുകളുണ്ട്. ബെയ്റൂട്ടിലെ ഇസ്രയേലി ആക്രമണത്തിൽ തനിക്ക് സന്തോഷമില്ലെന്നും ട്രംപ് വ്യക്തമാക്കി.

 

സ്ഥിതിഗതികൾ അതീവ സംഘർഷഭരിതമാണെന്നും മേഖലയിൽ കൂടുതൽ സൈനിക ഏറ്റുമുട്ടലുകൾക്ക് സാധ്യതയുണ്ടെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഹോർമുസ് കടലിടുക്കിൽ ഇറാന്റെ ആക്രമണ ഡ്രോണുകൾ അമേരിക്കൻ സൈന്യം വെടിവച്ചിട്ടു. ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളെ പ്രതിരോധിക്കാൻ അമേരിക്കൻ സൈന്യം എപ്പോഴും സജ്ജരായി തുടരുമെന്നു സെൻട്രൽ കമാൻഡ് പറഞ്ഞു. യുഎസ്–ഇറാൻ ചർച്ചകൾ നടക്കുന്നതിനിടെയാണ് ആക്രമണം

ENGLISH SUMMARY:

Iran's missile attack on Israel has escalated tensions in the West Asia region, leading to significant explosions in three Iranian cities including Tehran. Israel claims to have intercepted the missiles and vowed strong retaliation.