dawa-sherpa

TOPICS COVERED

ഏതൊരു പര്‍വതാരോഹകന്‍റെയും ആഗ്രഹമാണ് ലോകത്തിന്‍റെ മേല്‍ക്കൂരയായ എവറസ്റ്റ് പര്‍വതനിര കീഴടക്കുന്നത്. കീഴടക്കാന്‍ തല താഴ്ത്തിക്കൊടുക്കുന്ന പര്‍വതമല്ല എവറസ്റ്റ്. കൃത്യമായ സംവിധാനങ്ങളും സാഹചര്യവും നോക്കി മാത്രമേ എവറസ്റ്റില്‍ കയറാനാകൂ എന്ന് മാത്രമല്ല മരിച്ചാല്‍ മൃതശരീരം അവിടെ ഉപേക്ഷിക്കുകയല്ലാതെ തിരിച്ചെത്തിക്കാനും മാര്‍ഗങ്ങളൊന്നുമില്ല. കാണാതായവരെ മരിച്ചതായി കണക്കാക്കുകയാണ് പതിവ്. എന്നാല്‍ എവറസ്റ്റ് യാത്രികരെ സഹായിക്കാനായി സജ്ജരായി നില്‍ക്കുന്ന ഒരു കൂട്ടരുണ്ട്. ഷെര്‍പ്പകള്‍. പര്‍വതത്തിലേക്ക് കയറുമ്പോഴും ഇറങ്ങുമ്പാഴും ഷെര്‍പ്പകളുടെ സഹായം ഇല്ലാതെ പറ്റില്ല. ഷെര്‍പ്പകള്‍ക്ക് എത്രത്തോളം പരിചിതമാണ് എവറെസ്റ്റെന്ന് അടിവരയിട്ട് പറയുന്നതാണ് ദാവാ ഷെര്‍പ്പയുടെ കഥ.

ബ്രിട്ടീഷ് പര്‍വതാരോഹകനായ ക്രിസ് ത്രാല്‍   പോളിഷ് പ‍ര്‍വതാരോകന്‍ മരിയൂസ് ഖ്മിയലെവ്സ്കി എന്നിവര്‍ക്കൊപ്പം മേയ് 28നാണ് ദാവ ഷെര്‍പ എവറസ്റ്റ് കയറിയത്. തുടര്‍ന്ന് 29ന് എവറസ്റ്റ് കീഴടക്കിയ സംഘം അന്ന് വൈകീട്ട് തന്നെ തിരിച്ചിറങ്ങി. 

എന്നാല്‍ മടക്കത്തിനിടെ കാലാവസ്ഥ ദുര്‍ഘടമായി. പോളിഷ് പര്‍വതാരോകന്‍ ഓക്സിജന്‍ ടാങ്ക് കാലിയായി വീണു. ഇയാളെ രക്ഷിക്കാനായി ബ്രിട്ടീഷ് പര്‍വതാരോഹകന്‍ മുന്നോട്ട് നിങ്ങിയ സമയത്ത് ഷെര്‍പ്പ കൂട്ടത്തില്‍ നിന്ന് ഒറ്റപ്പെടുകയായിരുന്നു. 

എവറസ്റ്റിലെ ഏറ്റവും അപകടകരമായ പ്രദേശമായ ഖംബു ഐസ്‍ഫാളിലാണ് ദാവ ഷെര്‍പ കുടുങ്ങിയത്. നിരവധി പര്‍വതാരോഹകര്‍  കാണാതാവുകയും മരണമടയുകയും ചെയ്ത സ്ഥലമാണ് ഖംബു ഐസ്ഫാള്‍. 

ദാവാ ഷെര്‍പയെ തിരഞ്ഞ് ബ്രിട്ടീഷ് പര്‍വതാരോഹകന്‍ അല്‍പം നടന്നെങ്കിലും കണ്ടെത്താനായില്ല. ഒടുവില്‍ ഗത്യന്തരമില്ലാതെ ഇരുവരും എവറസ്റ്റ് ഇറങ്ങുകയായിരുന്നു. 

കാലാവസ്ഥ പ്രതികൂലമായതിനാല്‍ ഷെര്‍പ്പയെ തിരഞ്ഞ് പോയവര്‍ക്ക് അയാളെ കണ്ടെത്താനായില്ല. തുടര്‍ന്ന് ഷെര്‍പ മരിച്ചെന്ന് രക്ഷാപ്രവര്‍ത്തക സംഘം കണക്കുകൂട്ടി. ഷെര്‍പ മരിച്ചേക്കാമെന്ന് വീട്ടുകാരെ അറിയിക്കുകയും വീട്ടുകാര്‍ അന്തിമോപചാര ചടങ്ങുകള്‍ നടത്തുക വരെ ചെയ്തു. 

എവറസ്റ്റ് സീസണ്‍ അവസാനിച്ചതോടെ മല ശുചീകരിക്കാനായി ജൂണ്‍ നാലിന് ശുചീകരണസംഘം പര്‍വതാരോഹണം നടത്തി. എന്നാല്‍ പോകുന്ന വഴി ഒരാള്‍ എവറസ്റ്റില്‍ നിന്നും ഇഴഞ്ഞ് താഴോട്ട് വരുന്നത് ശ്രദ്ധിച്ചു. തുടര്‍ന്ന് ഇയാളെ രക്ഷ‌പ്പെടുത്തിയ സംഘം ഞെട്ടി. ഒരാഴ്ച മുന്നേ മരിച്ചെന്ന് സ്ഥിരീകരിച്ച ദാവാ ഷെര്‍പയായിരുന്നു അത്. തുടർന്ന് അവിടെ നിന്നും അദ്ദേഹത്തെ സുരക്ഷിതമായി താഴേക്ക് ചുമന്ന് എത്തിക്കുകയും, ഹെലികോപ്റ്റർ മാർഗം കാഠ്മണ്ഡുവിലെ ഹാംസ് (HAMS) ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. ഒരാഴ്ച വേണ്ടത്ര ഓക്സിജനും വെള്ളവും ഭക്ഷണവുമില്ലാതെ നിന്നിട്ടും ഷെര്‍പയുടെ ആരോഗ്യനിലയ്ക്ക് കാര്യമായ കോട്ടം തട്ടിയിട്ടില്ലെന്നതും ആശ്ചര്യമാണ്. 

ENGLISH SUMMARY:

Everest Sherpa rescue highlights the incredible survival of Dawa Sherpa, who was presumed dead after being separated from his climbing group during a treacherous descent. His miraculous reappearance and safe return underscore the resilience of the human spirit in extreme conditions.