ഫയല്‍ ചിത്രം
ഹിമാലയം, പര്‍വതാരോകരുടെ ഏറ്റവും വലിയ സ്വപ്നമാണ്. ഹിമാലയത്തില്‍ തന്നെ ലോകത്തിന്‍റെ മേല്‍ക്കൂരയായ എവറസ്റ്റില്‍ കയറിപ്പറ്റുന്നത് എല്ലാവര്‍ക്കുമൊന്നും പറ്റുന്ന ഒന്നല്ല. എന്നാല്‍ എവറസ്റ്റ് മോഹവും മനസില്‍ വച്ച് പര്‍വതം കയറുന്ന എല്ലാവര്‍ക്കുമൊന്നും സ്വപ്നം സാക്ഷാത്കരിക്കാനാവാറില്ല. ചിലര്‍ക്ക് പകുതി വച്ച് മടങ്ങേണ്ട അവസ്ഥ വന്നേക്കാം, ചിലരെ തേടിയെത്തുന്നത് മരണവുമായേക്കാം.
ഈയടുത്താണ് എവറസ്റ്റ് വിജയകരമായി കയറിയതിന് ശേഷം തിരിച്ചിറങ്ങുന്നതിനിടെ രണ്ടുപേര്‍ മരിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഒരാളെക്കുറിച്ച് വിവരമില്ലെങ്കിലും ഒരാള്‍ ഹൈദരാബാദ് സ്വദേശിയായ അരുണ്‍ കുമാര്‍ തിവാരിയായിരുന്നു. എവറസ്റ്റില്‍ നിന്നും മരിക്കുന്നവരുടെ മൃതദേഹം താഴെ എത്തിക്കുക അത്യന്തം ദുഷ്കരമാണ്. ഹെലിക്കോപ്റ്ററിനും മറ്റ് രക്ഷാപ്രവര്‍ത്തന ഉപാധികള്‍ക്കും പര്‍വതത്തിന് മുകളിലേക്ക് എത്തിച്ചേരുക അസാധ്യവുമാണ്. പ്രതികൂലമായ കാലാവസ്ഥയാണ് ഇതിന് കാരണം.
പര്‍വതാരോഹകരുടെ സഹായികളായി വരുന്ന ഷെര്‍പ്പകള്‍ക്ക് വരെ മൃതദേഹം പലപ്പോഴും താഴെ എത്തിക്കാനാകാറില്ല. അത്തരം മൃതദേഹങ്ങളുടെ ഒരു നിര തന്നെ ഹിമാലയത്തില്‍ കാണാനാകും. എവറസ്റ്റില്‍ മരണമടഞ്ഞവരുടെ മൃതദേഹം ചെക്പോയിന്‍റുകളായി പര്‍വതാരോഹകര്‍ ഉപയോഗിക്കാറുണ്ട്. സമാനമായ സാഹചര്യത്തിലാണ് അരുണ്‍ കുമാര്‍ തിവാരിയുടെ മൃതദേഹത്തിന്‍റെയും അവസ്ഥ. രണ്ടാഴ്ച ശ്രമിച്ചിട്ടും മൃതദേഹം താഴെ എത്തിക്കാനാകാതിരുന്നതോടെ മൃതദേഹം അവിടെത്തന്നെ ഉപേക്ഷിക്കാനാണ് കുടുംബത്തിന്‍റെ തീരുമാനം.
ആദ്യ തവണ പരാജയപ്പെട്ടതോടെ ഇത് രണ്ടാം തവണയാണ് തിവാരി എവറസ്റ്റില്‍ കയറുന്നത്. ഇത് തിവാരിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നെന്നും അത് സാക്ഷാത്കരിച്ച സന്തോഷത്തിലാണ് അവന്‍ മരണമടഞ്ഞതെന്നും കുടുംബം വ്യക്തമാക്കി.