പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞാൽ സാധാരണ കുട്ടികൾ ബന്ധുക്കളുടെ വീട്ടിൽ പോകും. അല്ലെങ്കിൽ പരീക്ഷ കഴിഞ്ഞ സന്തോഷത്തിൽ വെറുതെ ഇരിക്കും. എന്നാൽ ഗുരുവായൂർ സ്വദേശിയായ 16 വയസ്സുകാരൻ നിരഞ്ജൻ യാത്ര പോയത് എവറസ്റ്റ് ബേസ് ക്യാംപിലേക്ക്.
പത്താം ക്ലാസ് പരീക്ഷ, പിന്നാലെ വേനലവധി. എന്നാൽ നിരഞ്ജന് അത് വിശ്രമത്തിന്‍റെ കാലമായിരുന്നില്ല. ലോകത്തിന്‍റെ നെറുകയിലേക്കുള്ള ആദ്യചുവടുവെപ്പായിരുന്നു. സമുദ്രനിരപ്പിൽ നിന്ന് 5,364 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാംപിലെത്തി.
അടുത്ത അവധിക്ക് ആഫ്രിക്കയിലെ കിളിമഞ്ചാരോ പർവതം കയറണം എന്നാണ് ആഗ്രഹം. മാസങ്ങളായുള്ള കഠിന പരിശീലനത്തിനും ശാരീരിക തയ്യാറെടുപ്പിനും ശേഷമാണ് നിരഞ്ജൻ നേപ്പാളിലെ എവറസ്റ്റ് ബേസ്ക്യാംപിലെത്തിയത്. പേടിയുണ്ടായിരുന്നെങ്കിലും അവന്‍റെ ഇഷ്ടം നടക്കട്ടെ എന്നായിരുന്നു മാതാപിതാക്കൾക്ക്. പല സംഘങ്ങളിലും ഉള്ളവർ തിരിച്ചിറങ്ങിയത് ഹെലികോപ്റ്ററിൽ ആണ്. എന്നാൽ നിരഞ്ജൻ വിട്ടുകൊടുക്കാൻ തയ്യാറായിരുന്നില്ല. ബേസ് ക്യാംപിലേക്കുള്ള യാത്ര വിജയകരമായിപൂർത്തിയാക്കിയതോടെ എവറസ്റ്റ് കൊടുമുടിയാണ് ഇനി ലക്ഷ്യം.