h-kwayanad

ആത്മവിശ്വാസത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും ഹിമാലയൻ കരുത്തുമായി എവറസ്റ്റ് കീഴടക്കിയ ഒരു വയനാട്ടുകാരിയെ പരിചയപ്പെടാം. ലോകത്തിലെ ഏറ്റവും വലിയ കൊടുമുടി തൊട്ടറിഞ്ഞ മൂന്നാമത്തെ മലയാളി വനിത സുഹ്റ സിറാജ്. പ്രതിബന്ധങ്ങളെ സ്വപ്നങ്ങൾ കൊണ്ട് മറികടന്ന സുഹറയുടെ എവറസ്റ്റ് വിശേഷങ്ങളിലേക്ക്.  

മനസ്സിൽ സ്വപ്നങ്ങളുടെ വിത്തുപാകി, അതിനായി കഠിനപ്രയത്നം ചെയ്യുന്നവർക്ക് മുന്നിൽ ഹിമാലയവും വഴിമാറും എന്ന് തെളിയിച്ചിരിക്കുകയാണ് സുഹ്റ സിറാജ്. വയനാട്ടിലെ മുട്ടിൽ മലയിൽ നിന്ന് തുടങ്ങിയ ആ പർവതാരോഹണ യാത്ര ഇന്ന് എത്തിനിൽക്കുന്നത് ലോകത്തിന്റെ നെറുകയിലാണ്. തോറ്റുകൊടുക്കാൻ മനസ്സില്ലാത്ത ഒരു പെൺകരുത്തിന്റെ വിജയഗാഥയാണിത്.

കഴിഞ്ഞ വർഷം നടത്തിയ ആദ്യ ശ്രമം മോശം കാലാവസ്ഥയെത്തുടർന്ന് ഉപേക്ഷിച്ച് പകുതിവഴിയിൽ മടങ്ങേണ്ടി വന്നതടക്കമുള്ള പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. വാശിയോടെ കഴിഞ്ഞ ഏപ്രിൽ പത്തിന് വീണ്ടും യാത്ര തിരിച്ചു. 43 ദിവസത്തെ കഠിനമായ പോരാട്ടത്തിനൊടുവിലാണ് സുഹ്റ ഭൂമിയുടെ നെറുകയിൽ തൊട്ടത്. പലപ്പോഴായി 40 ലക്ഷത്തോളം രൂപ ചെലവിടേണ്ടിവന്നതൊന്നും ഈ 44കാരിയെ വിഷമിപ്പിക്കുന്നില്ല. 

ഉയരങ്ങളിലേയ്ക്കു പോകാനുള്ള സ്വപ്നങ്ങളുണ്ടെങ്കിൽ ഏത് കൊടുമുടിയും കീഴടക്കാം എന്ന് തെളിയിക്കുകയാണ് സുഹറ. തടസ്സങ്ങളെ കഠിനാധ്വാനം കൊണ്ട് മറികടന്ന് ഇന്ന് വയനാടിന്റെ മാത്രമല്ല, കേരളത്തിന്റെയാകെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ വനിത.

 

ENGLISH SUMMARY:

Everest climber Suhura Siraj from Wayanad has conquered the world's highest peak, becoming the third Malayali woman to achieve this feat. Her inspiring journey showcases how determination and hard work can overcome any obstacle, making her a source of pride for Kerala.