age-scam

TOPICS COVERED

വേഷം മാറിയും പേര് മാറ്റിയും ആളുകള്‍ തട്ടിപ്പ് നടത്തിയെന്ന വാര്‍ത്തകള്‍ നാം ദിനംപ്രതി കേള്‍ക്കാരുണ്ട്. എന്നാല്‍ പ്രായം പറഞ്ഞ് തട്ടിപ്പ് നടത്തുന്ന വാര്‍ത്തകള്‍ ഇവയില്‍ അപൂര്‍വമാണ്. ബ്രസീലില്‍ ഈയടുത്ത് ഒരു 37കാരി നടത്തിയ തട്ടിപ്പിനെക്കുറിച്ചുള്ള വാര്‍ത്തകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രായം കുറച്ച് പറഞ്ഞ് ഡേറ്റിങ് തട്ടിപ്പൊന്നുമല്ല യുവതി നടത്തിയത്. തനിക്ക് 12 വയസാണെന്ന് പറഞ്ഞ് ഒരു ദമ്പതികളെ പറ്റിച്ചായിരുന്നു യുവതിയുടെ തട്ടിപ്പ്. 

ബ്രസീല്‍ ജോയിന്‍വില്ലെ നഗരമാണ് തട്ടിപ്പിന് വേദിയായത്. മാതാപിതാക്കളുടെ ക്രൂരമായ പീഡനത്തിനിരയായി വീടുവിട്ടിറങ്ങിയതാണ് താനെന്ന് പറഞ്ഞ് സ്ഥലത്തെ പള്ളിവികാരിയെ സന്ദര്‍ശിച്ചായിരുന്നു യുവതിയുടെ തട്ടിപ്പിന്‍റെ തുടക്കം. കുട്ടികളുടെ സ്വഭാവത്തോടെ പെരുമാറിയ യുവതി ഗബ്രിയേല എന്ന പേരിലാണ് പള്ളിവികാരിയെ സമീപിക്കുന്നത്. തനിക്ക് ഓട്ടിസമാണെന്നും യുവതി പള്ളിവികാരിയെ ബോധിപ്പിച്ചു. 

യുവതിയുടെ അവസ്ഥ കണ്ട് മനസലിഞ്ഞ സഭ അവര്‍ക്ക് സാമ്പത്തിക സഹായം നല്‍കാനും താമസിക്കാന്‍ ഒരു സ്ഥലം നല്‍കാനും തയ്യാറായി. ഏറെ വൈകാതെ നഗരത്തിലെ ഒരു കുടുംബം ഗബ്രിയേലയെ ദത്തെടുത്ത് മകളായി വളര്‍ത്താന്‍ തീരുമാനിച്ചു.

തനിക്ക് 12 വയസാണെന്നും ഹോര്‍മോണ്‍ പ്രശ്നങ്ങള്‍ കാരണമാണ് ഇത്രയും പ്രായം തോന്നുന്നതെന്നും യുവതി കുടുംബത്തോട് പറഞ്ഞ് വിശ്വസിപ്പിച്ചു. 

കുട്ടികളെ സ്വഭാവത്തില്‍ മാത്രമല്ല പ്രവര്‍ത്തനങ്ങളിലും യുവതി അനുകരിച്ചു. പാല്‍ക്കുപ്പിയില്‍ പാല്‍ കുടിക്കല്‍, കുട്ടികള്‍ ഉപയോഗിക്കുന്ന പെസിഫയര്‍ ഉപയോഗിക്കല്‍, ചെറിയ കുട്ടികള്‍ക്കുള്ള പോലെ ഇഷ്ടപ്പെട്ട തുണിയെ കെട്ടിപ്പിടിച്ചുറങ്ങല്‍ എന്നിവ അവയില്‍ ചിലതായിരുന്നു. ഇത് കൂടാതെ രാത്രി പേടിച്ചുവിറയ്ക്കുന്നതായും യുവതി അഭിനയിച്ച് ഫലിപ്പിച്ചു. 

കുടുംബത്തോടൊപ്പമായിരുന്നു യുവതി തന്‍റെ വ്യാജ, 12ാം പിറന്നാള്‍ ആഘോഷിച്ചത്. ഒടുവില്‍ കുടുംബം 12കാരിയെ ദത്തെടുക്കാന്‍ തീരുമാനിച്ചു. പക്ഷെ ദത്തെടുക്കാന്‍ എല്ലാ പരിശ്രമവും കുടുംബം നടത്തിയപ്പോഴും അവയില്‍ നിന്ന് തന്ത്രപരമായി യുവതി ഒഴിഞ്ഞുമാറി. കുടുംബത്തിന്‍റെ ഒരു ബന്ധുവിനാണ് ആദ്യമായി ഗബ്രിയേലയില്‍ സംശയം തോന്നിയത്. തുടര്‍ന്ന് അവര്‍ പൊലീസില്‍ വിവരമറിയിച്ചു. പൊലീസെത്തി 12 വയസുകാരിയെ ചോദ്യം ചെയ്തപ്പോഴാണ് വീട്ടുകാര്‍ ഞെട്ടിയത്. 12കാരിയെന്ന് പറഞ്ഞ് 14 മാസത്തോളം കുടുംബത്തോടൊപ്പം താമസിച്ചത് 37കാരിയായ അമാന്‍ഡ മരിയ സൂസ ഒലിവേര എന്ന തട്ടിപ്പുകാരിയാണെന്ന് പൊലീസ് കുടുംബത്തെ ബോധിപ്പിച്ചു. 

മുന്‍പും സമാനമായ പല തട്ടിപ്പുകളും അമാന്‍ഡ നടത്തിയിട്ടുണ്ടെന്ന് പൊലീസ് കുടുംബത്തോട് വിശദീകരിച്ചു. കുറ്റസമ്മതം നടത്തിയതോടെ നിലവില്‍  അമാന്‍ഡയെ ജയിലിലേക്ക് മാറ്റിയിരിക്കുകയാണ്. 

ENGLISH SUMMARY:

A 37-year-old woman in Brazil has been arrested for a sophisticated age deception scam where she pretended to be a 12-year-old orphan. She successfully fooled a couple into adopting her by mimicking childlike behavior and claiming hormonal issues, staying with them for 14 months before her true identity was exposed.