സൂപ്പര്‍ താരം നെയ്മറിന്റെ പരുക്കിന്റെ കാര്യത്തില്‍ സാന്റോസ് ക്ലബ്, ബ്രസീല്‍ ദേശീയ ടീമിനെ തെറ്റിദ്ധരിപ്പിച്ചോ? നെയ്മാറിന്റെ പേശികളിൽ കീറലെന്ന് ബ്രസീല്‍ ക്യാംപിലെത്തിയ ശേഷം നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതോടെ, നീര്‍ക്കെട്ട് മാത്രമാണെന്ന സാന്റോസ് ക്ലബ്ബിന്റെ വാദമാണ് തകരുന്നത്.
ബ്രസീലിയന്‍ ക്ലബായ സാന്റോസിലെ പരിശീലന സെഷനിടെയാണ് നെയ്മര്‍ക്ക് പരുക്കേറ്റത്. ദേശീയ ക്യാംപിലെത്തിയശേഷം വലത് കാലില്‍ നീരുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു സ്വകാര്യ ക്ലിനിക്കിൽ ഇമേജിംഗ് ടെസ്റ്റുകൾക്ക് അയക്കുകയായിരുന്നു. മുൻപ് സാന്റോസ് റിപ്പോർട്ട് ചെയ്തതുപോലെ ഇത് വെറും നീർക്കെട്ടല്ലെന്നും, പേശീനാരുകൾക്ക് ഭാഗികമായി കീറൽ സംഭവിച്ച ഗ്രേഡ് 2 പരുക്കാണെന്നും എംആർഐ സ്കാനിംഗിൽ വ്യക്തമായതായി.
താരത്തിനുള്ളത് നീർക്കെട്ട് മാത്രമാണെന്നും ചൊവ്വാഴ്ച മുതൽ പരിശീലനം തുടങ്ങാമെന്നുമാണ് സാന്റോസ് ക്ലബ്ബ് ഡോക്ടർ റോഡ്രിഗോ സൊഗെയ്ബ് അന്ന് പറഞ്ഞിരുന്നത്. രണ്ടോ മൂന്നോ ആഴ്ച കൂടി കളിക്കളത്തിൽ നിന്ന് വിട്ടുനിൽക്കേണ്ടി വരുമെന്ന് ബ്രസീല്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലസ്മാർ പറഞ്ഞു. ഞായറാഴ്ച പാനമയ്ക്കെതിരെയും തുടർന്ന് ക്ലീവ്‌ലൻഡിൽ ഈജിപ്തിനെതിരെയുമുള്ള സൗഹൃദ മത്സരങ്ങൾ നെയ്മാര്‍ക്ക് നഷ്ടമാകും.