ബ്രസീലിന്റെ ലോകകപ്പ് ഒരുക്കങ്ങൾക്കു തുടക്കം. നെയ്മാര്‍ ഉള്‍പ്പടെയുള്ള താരങ്ങള്‍ പരിശീലന ക്യാപിലെത്തി. സ്വന്തം ഹെലികോപ്റ്ററിലാണ് നെയ്മാര്‍ എത്തിയത്. ഞായറാഴ്ച്ചയാണ് ലോകകപ്പിന് മുന്നോടിയായുള്ള ബ്രസീലിന്റെ ആദ്യ സൗഹൃദ മല്‍സരം. റിയോ ഡി ജനീറോയില്‍ നിന്നാണ് ഇക്കുറി ബ്രസീലിന്‍ ലോകകപ്പ് സ്വപനങ്ങള്‍ക്ക് തുടക്കമാകുന്നത്. ബ്രസീലിയന്‍ ഫുട്ബോള്‍ ആസ്ഥാനത്തെ പരിശീലന കേന്ദ്രത്തില്‍ 22 താരങ്ങളാണ് എത്തിയത്.
സഹതാരങ്ങള്‍ക്കൊപ്പം സന്തോഷവാനായി, രണ്ടരവര്‍ഷത്തിന് ശേഷം ടീമിലേക്ക് തിരിച്ചെത്തിയ നെയ്മാറും. സ്വന്തം ഹെലികോപ്റ്ററിലാണ് നെയ്മാര്‍ വന്നിറങ്ങിയത്. ആര്‍സനല്‍ താരങ്ങളായ ഗബ്രിയേൽ മാർട്ടിനെല്ലി, ഗബ്രിയേൽ മഗല്‍ഹെയ്സ്, പിഎസ്ജി താരം മാർക്വിഞ്ഞോസ് എന്നിവർ ചാംപ്യന്‍സ് ലീഗ് ഫൈനലിന് ശേഷം യുഎസിലെ പരിശീലന ക്യാംപില്‍ ടീമിനൊപ്പം ചേരും.
ബ്രസീലിയന്‍ സമയം വൈകിട്ട് അഞ്ചുമണിക്കാണ് ആദ്യ പരിശീലന സെഷന്‍. ഇതിനു മുൻപായി, താരങ്ങൾ സമ്പൂർണ വൈദ്യപരിശോധനയ്ക്ക് വിധേയരാകും. ഞായറാഴ്ച പാനമയ്‌ക്കെതിരായ സൗഹൃദമല്‍സരത്തിന് മുൻപായി നാല് പരിശീലന സെഷനുകളുണ്ടാകും.