neymar-03

ലോകകപ്പ് തയാറെടുപ്പുകൾക്ക് തുടക്കത്തിൽത്തന്നെ ബ്രസീലിന് കനത്ത തിരിച്ചടി. സൂപ്പർ താരം നെയ്മാർ വൈദ്യപരിശോധനകൾക്കായി ദേശീയ ടീമിന്റെ ആദ്യ പരിശീലന സെഷനിൽ നിന്ന് വിട്ടുനിന്നതോടെ ടീമിലെ സ്ഥാനം അനിശ്ചിതത്വത്തിലായി. വലതുകാലിലെ പരുക്കിൽ നിന്ന് മോചിതനായി വരുന്ന 34-കാരനായ താരം,  അടച്ചിട്ട പരിശീലനത്തിൽ പങ്കെടുത്തില്ലെന്ന് ബ്രസീലിയൻ ഫുട്ബോൾ കോൺഫെഡറേഷൻ (CBF) സ്ഥിരീകരിച്ചു. താരത്തെ ടെറിസോപോളിസിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ഇമേജിങ് പരിശോധനകൾക്കായി അയച്ചു. ബ്രസീൽ ദേശീയ ടീമിന്റെ മെഡിക്കൽ സംഘം വിലയിരുത്തലുകൾ പൂർത്തിയാക്കുന്നതുവരെ കൂടുതൽ വിവരങ്ങൾ പുറത്തുവിടില്ലെന്ന് സിബിഎഫ് പ്രസ്താവനയിൽ അറിയിച്ചു. ഞായറാഴ്ച പാനമയ്‌ക്കെതിരായ സൗഹൃദ മത്സരത്തിന് മുൻപായി ബ്രസീൽ മൂന്ന് പരിശീലന സെഷനുകൾ കൂടി നടത്തും. 

 

 ഇറ്റാലിയൻ പരിശീലകനായ ആഞ്ചലോട്ടിക്ക് കീഴിൽ കഴിഞ്ഞ ഒരു വർഷമായി ടീമിൽ ഇടം ലഭിക്കാതിരുന്ന നെയ്മാറെ കഴിഞ്ഞയാഴ്ച തിരികെ വിളിച്ചത് ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. 128 മത്സരങ്ങളിൽ നിന്ന് 79 ഗോളുകൾ നേടി ബ്രസീലിന്റെ എക്കാലത്തെയും മികച്ച ഗോൾവേട്ടക്കാരനായ നെയ്മർ, 2023-നു ശേഷം രാജ്യത്തിനായി കളിച്ചിട്ടില്ല. വർഷങ്ങളായി തുടരുന്ന പരുക്കും സാന്റോസിലെ നിറംമങ്ങിയ പ്രകടനവും കാരണം താരത്തിന്റെ ഫിറ്റ്നസിനെയും ഫോമിനെയും കുറിച്ച് സംശയങ്ങൾ നിലനിൽക്കെയായിരുന്നു ടീമിലേക്കുള്ള ഈ മടങ്ങിവരവ്.

 

പരുക്ക് ഏറ്റവും നിർണായക സമയത്താണ് എന്നത് ബ്രസീലിന്റെ ആശങ്ക വർധിപ്പിക്കുന്നു. ലോകകപ്പ് ആരംഭിക്കുന്നതിന് മുൻപുള്ള അവസാന സൗഹൃദ മത്സരത്തിൽ ബ്രസീൽ ഈജിപ്തിനെ നേരിടും. ജൂൺ 13-ന് ന്യൂജഴ്സിയിൽ ആഫ്രിക്കൻ ചാംപ്യൻമാരായ മൊറോക്കോയ്ക്ക് എതിരെയാണ് ബ്രസീലിന്റെ ആദ്യ ലോകകപ്പ് മത്സരം. ഹെയ്തി, സ്കോട്‌ലൻഡ് എന്നിവരാണ് ഗ്രൂപ്പ് സി-യിലെ മറ്റു ടീമുകൾ. തൽക്കാലം, വൈദ്യപരിശോധനയുടെ ഫലത്തിനായും തങ്ങളുടെ പ്രിയപ്പെട്ട താരം അടുത്ത മാസം കളത്തിലിറങ്ങാൻ യോഗ്യനാകുമോ എന്നും അറിയാനുള്ള കാത്തിരിപ്പിലാണ് ബ്രസീൽ.

ENGLISH SUMMARY:

Brazil have been dealt a major blow ahead of the FIFA World Cup after Neymar missed the team’s first training session for medical evaluations. The Brazilian superstar’s participation in the tournament is now under doubt as the team awaits the results of imaging tests. Neymar recently returned to the national squad under Carlo Ancelotti after a long absence caused by injuries and poor form. Brazil are set to play Panama and Egypt in friendly matches before beginning their World Cup campaign against Morocco in New Jersey.