അമേരിക്കയില്‍ നടത്തിയ ഓപ്പറേഷന്‍ ചെക്ക്മേറ്റില്‍ പിടിയിലായത് 30 ഓളം ഇന്ത്യക്കാര്‍. അമേരിക്കയിൽ നിയമവിരുദ്ധമായി താമസിച്ച് വാണിജ്യ ട്രക്കുകൾ ഓടിച്ചിരുന്നവരാണ് പിടിയിലാവരെല്ലാം തന്നെ. ഇവരെ ഇന്ത്യയിലേക്ക് നാടുകടത്താനുള്ള നടപടികൾ ആരംഭിച്ചതായി യുഎസ് അധികൃതർ വ്യക്തമാക്കി. രേഖകളില്ലാതെ അമേരിക്കയിൽ കഴിഞ്ഞിരുന്ന 52 പേരെയാണ് യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ വിഭാഗം അറസ്റ്റ് ചെയ്തത്. ഇതിൽ 36 പേർ വലിയ സെമി ട്രക്കുകൾ ഓടിച്ചിരുന്നവരാണ്. ഈ 36 പേരില്‍ 30 പേരും ഇന്ത്യന്‍ പൗരന്മാരണെന്നും യുഎസ് അധികൃതർ വ്യക്തമാക്കി. 

അരിസോണയിലെ യുമ സെക്ടറിൽ മെയ് 11 നും 15 നും ഇടയിലാണ് ബോർഡർ പട്രോൾ ഏജന്റുമാർ പരിശോധന നടത്തിയത്. അമേരിക്കയിലുടനീളം കുടിയേറ്റ നിയമങ്ങൾ കർശനമായി നടപ്പാക്കുന്നതിനും നിയമവിരുദ്ധമായി വാണിജ്യ വാഹനങ്ങൾ ഓടിക്കുന്നവരെ കണ്ടെത്തുന്നതിനുമായാണ് ട്രംപ് ഭരണകൂടം ഓപ്പറേഷന്‍ ചെക്ക്മേറ്റിന് തുടക്കമിട്ടത്. കൃത്യമായ രേഖകളില്ലാതെയും നിയമവിരുദ്ധമായും വാഹനങ്ങൾ ഓടിക്കുന്ന ഡ്രൈവർമാർ ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും അത്തരക്കാരില്‍ നിന്ന് ജനങ്ങളെ സംരക്ഷിക്കാനുള്ള തങ്ങളുടെ പ്രതിബന്ധതയുടെ ഭാഗമായാണ് ഇത്തരമൊരു നടപടിയെന്നും യുമ സെക്ടർ ആക്ടിംഗ് ചീഫ് പട്രോൾ ഏജന്റ് ഡസ്റ്റിൻ കോഡിൽ പറയുന്നു.

അറസ്റ്റിലായ 52പേരില്‍ ഭൂരിഭാഗം പേർക്കും മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്ത് തൊഴിൽ അനുമതി രേഖകൾ ലഭിച്ചിരുന്നു. എന്നാല്‍ നിലവില്‍ ഈ പെർമിറ്റുകളുടെ കാലാവധി കഴിയുകയും അവ അസാധുവാകുകയും ചെയ്തിട്ടുണ്ട്. ഇതോടെയാണ് ഓപ്പറേഷന്‍ ചെക്ക്മേറ്റില്‍ പലരും പിടിക്കപ്പെട്ടത്. ഇവരെ ഉടന്‍ തന്നെ മാതൃരാജ്യങ്ങളിലേക്ക് കടത്താനാണ് നീക്കം. 

ENGLISH SUMMARY:

Operation Checkmate in the USA has led to the apprehension of approximately 30 Indian nationals who were residing illegally and operating commercial trucks. These individuals are now facing deportation proceedings initiated by US authorities.