എഐ നിര്‍മ്മിത ചിത്രം
ഇറാന്‍– യു.എസ്. സമാധാന കരാര്‍ പ്രാബല്യത്തില്‍. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കരാറില്‍ ഒപ്പിട്ടു. ലബനനിലടക്കം യുദ്ധം അവസാനിപ്പിക്കുമെന്നാണ് ധാരണ. മുപ്പത് ദിവസത്തിനകം ഇറാനെതിരായ നാവിക ഉപരോധം അമേരിക്ക അവസാനിപ്പിക്കും. ഈ സമയത്ത് ഹോര്‍മുസ് കടലിടുക്കുവഴി വ്യാപാരക്കപ്പലുകള്‍ സുഗമമായി കടന്നുപോകുന്നതിനുള്ള ക്രമീകരണം ഇറാന്‍ ഉറപ്പുവരുത്തും. 60 ദിവസത്തെ ചര്‍ച്ചയ്ക്കുശേഷം അന്തിമ കരാര്‍ തയാറാക്കും.
ആണവായുധമുണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയതായും റിപ്പോര്‍ട്ടുണ്ട്. രാജ്യാന്തര ആണവോര്‍ജ ഏജന്‍സിയുടെ നിരീക്ഷണത്തില്‍ സമ്പുഷ്ടീകരിച്ച യുറേനിയം നശിപ്പിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യും. യുദ്ധത്തിന്റെ ഭാഗമായി അമേരിക്ക തടഞ്ഞുവച്ച ഇറാന്റെ 24ബില്യണ്‍ ഡോളര്‍ ഫണ്ട് വിട്ടുനല്‍കുമെന്നും ധാരണാപത്രത്തില്‍ വ്യവസ്ഥയുണ്ട്. 14 ഇന വ്യവസ്ഥകളാണ് കരാറില്‍ അടങ്ങിയിരിക്കുന്നത്. ധാരണാപത്രത്തിലെ വിശദാംശങ്ങളും അമേരിക്ക പുറത്തുവിട്ടു. ഇംഗ്ലീഷിൽ 800 വാക്കില്‍ കവിയാതെയാണ് ധാരണാപത്രം. രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം 14 ഇന ധാരണാപത്രത്തിലെ പ്രധാന വ്യവസ്ഥകൾ താഴെ പറയുന്നവയാണ്:
1. അടിയന്തര വെടിനിർത്തൽ: അമേരിക്കയും ഇറാനും സഖ്യകക്ഷികളും ലബനൻ ഉൾപ്പെടെ എല്ലായിടങ്ങളിലെയം സൈനിക നടപടികൾ ഉടനടി അവസാനിപ്പിക്കും. ശാശ്വത വെടിനിര്‍ത്തല്‍ എന്നാണ് റിപ്പോര്‍ട്ട്. പരസ്പരം ഭീഷണിയോ ആക്രമണമോ നടത്തില്ലെന്നും ലബനന്റെ പരമാധികാരം ഉറപ്പാക്കുമെന്നും ഇരുരാജ്യങ്ങളും സമ്മതിക്കുന്നു.
2. പരമാധികാരം മാനിക്കൽ: അമേരിക്കയും ഇറാനും പരസ്പരം പരമാധികാരത്തെയും പ്രാദേശിക അഖണ്ഡതയെയും ബഹുമാനിക്കുമെന്നും പരസ്പരം തങ്ങളുടെ രാജ്യത്തിന്‍റെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടില്ലെന്നും ഉറപ്പുനൽകുന്നു.
3. സമയപരിധി: പരമാവധി 60 ദിവസത്തിനുള്ളിൽ അന്തിമ കരാറിലെത്താൻ ഇരുപക്ഷവും ചർച്ചകൾ നടത്തും. പരസ്പര സമ്മതത്തോടെ നീട്ടാൻ കഴിയുന്ന തരത്തിലാണ് ഈ സമയപരിധി നിര്‍വചിച്ചിരിക്കുന്നത്.
4. നാവിക ഉപരോധം അവസാനിപ്പിക്കും: ധാരണാപത്രത്തിൽ ഒപ്പുവെക്കുന്നതോടെ യുഎസ് തങ്ങളുടെ നാവിക ഉപരോധം നീക്കാൻ ആരംഭിക്കും. 30 ദിവസത്തിനുള്ളിൽ ഇത് പൂർണ്ണമായി അവസാനിപ്പിക്കും. അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനകം ഇറാന്റെ പരിസര പ്രദേശങ്ങളിൽ നിന്ന് അമേരിക്കൻ സൈന്യത്തെ പിൻവലിക്കും.
5. കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കൽ: പേർഷ്യൻ ഗൾഫ് മുതൽ ഒമാൻ വരെയുള്ള ഭാഗങ്ങളിൽ വാണിജ്യ കപ്പലുകളുടെ സുരക്ഷിതവും സൗജന്യവുമായ സഞ്ചാരത്തിന് ഇറാൻ സൗകര്യമൊരുക്കും (ആദ്യ 60 ദിവസത്തേക്ക്). സാങ്കേതിക- സൈനിക തടസ്സങ്ങളും മൈനുകളും 30 ദിവസത്തിനകം ഇറാൻ നീക്കം ചെയ്യും. ഹോർമുസ് കടലിടുക്കിന്റെ ഭാവി ഭരണത്തെക്കുറിച്ച് ഒമാൻ ഉൾപ്പെടെയുള്ളവരുമായി ഇറാൻ ചർച്ച നടത്തും.
6. സാമ്പത്തിക പുനർനിർമ്മാണം: ഇറാന്റെ സാമ്പത്തിക പുനർനിർമ്മാണത്തിനായി സഖ്യകക്ഷികളുമായി ചേർന്ന് കുറഞ്ഞത് 300 ബില്യൺ യുഎസ് ഡോളറിന്റെ പദ്ധതി അമേരിക്ക തയ്യാറാക്കും. ഇതിനാവശ്യമായ എല്ലാ സാമ്പത്തിക അനുമതികളും യുഎസ് നൽകും.
7. ഉപരോധങ്ങൾ പൂർണ്ണമായി അവസാനിപ്പിക്കും: ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിൽ പ്രമേയങ്ങൾ, ഐഎഇഎ (IAEA) തീരുമാനങ്ങൾ, യുഎസിന്റെ പ്രൈമറി- സെക്കൻഡറി ഉപരോധങ്ങൾ അന്തിമ കരാറിന്റെ അടിസ്ഥാനത്തിൽ പൂർണ്ണമായി റദ്ദാക്കും.
8. ആണവായുധം: തങ്ങൾ ആണവായുധങ്ങൾ നിർമ്മിക്കുകയോ കൈവശം വയ്ക്കുകയോ ചെയ്യില്ലെന്ന് ഇറാൻ വ്യക്തമാക്കുന്നു. ഇറാന്റെ പക്കലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം ശേഖരം ഐഎഇഎയുടെ (IAEA) മേൽനോട്ടത്തിൽ നശിപ്പിക്കുന്നതിനുള്ള (Down-blended) ചർച്ചകൾ നടത്താൻ ഇരുരാജ്യങ്ങളും സമ്മതിച്ചു.
9. നിലവിലെ അവസ്ഥ തുടരും (Status Quo): അന്തിമ കരാർ ഉണ്ടാകുന്നത് വരെ ഇറാന്റെ ആണവ പദ്ധതികളിൽ നിലവിലെ സ്ഥിതി തുടരും. ഈ കാലയളവിൽ അമേരിക്ക പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തുകയോ മേഖലയിൽ കൂടുതൽ സൈന്യത്തെ വിന്യസിക്കുകയോ ഇല്ല.
10. എണ്ണ കയറ്റുമതിക്കുള്ള ഇളവുകൾ: ഇറാനിയൻ ക്രൂഡ് ഓയിൽ, പെട്രോളിയം ഉൽപ്പന്നങ്ങൾ എന്നിവയുടെ കയറ്റുമതിക്കും അതിനോടനുബന്ധിച്ചുള്ള ബാങ്കിങ്, ഇൻഷുറൻസ്, ഗതാഗത സേവനങ്ങൾക്കും യുഎസ് ട്രഷറി വകുപ്പ് ഉടനടി ഇളവുകൾ അനുവദിക്കും
11. മരവിപ്പിച്ച ആസ്തികൾ വിട്ടുനല്‍കും: ഇറാന്റെ അമേരിക്ക മരവിപ്പിച്ചതോ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോ ആയ എല്ലാ ഫണ്ടുകളും ആസ്തികളും പൂർണ്ണമായി വിട്ടുനല്‍കും. ഇറാൻ സെൻട്രൽ ബാങ്ക് നിർദ്ദേശിക്കുന്ന ഗുണഭോക്താക്കൾക്ക് ഈ തുക ഉപയോഗിക്കാൻ സാധിക്കും.
12. നിരീക്ഷണ സംവിധാനം: ധാരണാപത്രത്തിന്റെ വിജയകരമായ നടത്തിപ്പും ഭാവിയിലെ അന്തിമ കരാറിന്റെ പാലനവും നിരീക്ഷിക്കുന്നതിനായി പ്രത്യേക എക്സിക്യൂട്ടീവ് സംവിധാനം രൂപീകരിക്കും.
13. തുടർച്ചയായ ചർച്ചകൾ: 1, 4, 5, 10, 11 എന്നീ ഇനങ്ങള്‍ നടപ്പിലാക്കാൻ തുടങ്ങിയ ശേഷം, ബാക്കിയുള്ള വിഷയങ്ങളിൽ അന്തിമ കരാറിലെത്താൻ ഇരുരാജ്യങ്ങളും ചർച്ചകൾ തുടരും.
14. യുഎൻ അംഗീകാരം: ഇരുരാജ്യങ്ങളും തമ്മിലുള്ള അന്തിമ കരാറിന് ഐക്യരാഷ്ട്ര സുരക്ഷാ കൗൺസിലിന്റെ (UNSC) ബൈൻഡിങ് പ്രമേയത്തിലൂടെ അംഗീകാരം നൽകും.
യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടാണ് ധാരണാപത്രമെങ്കിലും ആണവപദ്ധതി പോലെയുള്ള സങ്കീർണ്ണമായ വിഷയങ്ങളിൽ അന്തിമ തീരുമാനങ്ങൾ പിന്നീടായിരിക്കും. എന്നാല്‍ ആണവായുധമുണ്ടാക്കില്ലെന്ന് ഇറാന്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. ഇറാനെതിരായ നാവിക ഉപരോധം നീങ്ങുന്നതോടെ ഇറാന് ആഗോള വിപണിയിൽ എണ്ണ വിൽക്കാനാകും. കൂടാതെ മരവിപ്പിച്ച കോടിക്കണക്കിന് ഡോളറിന്റെ ആസ്തികൾ ഇറാന് തിരികെ ലഭിക്കുമെന്നതും 300 ബില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം ലഭിക്കുമെന്നതും ഇറാന് നേട്ടമായിരിക്കും.