FILE PHOTO: U.S. President Donald Trump and Israeli Prime Minister Benjamin Netanyahu walk to enter the White House in Washington, D.C., U.S., April 7, 2025. REUTERS/Leah Millis/File Photo
മാസങ്ങള്‍ക്ക് ശേഷമാണ് പശ്ചിമേഷ്യയില്‍ സമാധാനം പുലരുകയാണ്. യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ഇറാന്‍ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും ഒപ്പിട്ടതോടെ യുഎസ്– ഇറാന്‍ സമാധാന കരാര്‍ പ്രാബല്യത്തിലായി. ലബനനിലടക്കം യുദ്ധം അവസാനിപ്പിക്കും, ഇറാനെതിരായ നാവിക ഉപരോധം അവസാനിപ്പിക്കും, ഹോര്‍മുസില്‍ കപ്പൽ ഗതാഗതം പുനഃസ്ഥാപിക്കും, ആണവായുധമുണ്ടാക്കില്ലെന്ന ഇറാന്‍റെ ഉറപ്പ്, ഇറാന്‍റെ മരവിപ്പിച്ച ആസ്തികൾ വിട്ടുനല്‍കും, ഇറാന് സാമ്പത്തിക പുനർനിർമ്മാണത്തിന് സഹായം എന്നിങ്ങനെ നിരവധി വ്യവസ്ഥകളാണ് ഉടമ്പടിയിലുള്ളത്. എന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരുമ്പോള്‍ എന്തുകൊണ്ടാണ് ഇസ്രയേൽ പ്രധാനമന്ത്രി നെതന്യാഹുവിന്‍റെ പേര് എവിടെയും കേള്‍ക്കാത്തത്?
യുഎസും ഇറാനും സമാധാന കരാരില്‍ ഒപ്പിട്ടതോടെ, ട്രംപും നെതന്യാഹുവും തമ്മിലുള്ള ബന്ധത്തില്‍ (യുഎസും ഇസ്രയേലും തമ്മിലുള്ള നയതന്ത്ര ബന്ധത്തില്‍) വിള്ളലുകൾ വീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. സമാധാന കരാര്‍ പ്രാബല്യത്തിലായെങ്കില്‍ പോലും ഇറാനും ഇറാന്‍റെ സഖ്യകക്ഷികൾക്കുമെതിരായ സൈനിക നടപടികൾ തുടരുമെന്ന നിലപാടില്‍ തന്നെയാണ് നെതന്യാഹു. യുഎസ്– ഇറാന്‍ സമാധാന ഉടമ്പടി തങ്ങളെ ബാധിക്കില്ലെന്നും ലെബനനില്‍ ഹിസ്ബുല്ലയ്ക്കെതിരായ ആക്രമണങ്ങൾ തുടരുമെന്നും ഇസ്രയേൽ പ്രഖ്യാപിച്ചു കഴിഞ്ഞു. കരാറില്‍ ഇസ്രയേല്‍ കക്ഷികളല്ലെന്നും കരാര്‍ ഇസ്രയേലിന്‍റെ സുരക്ഷ ഉറപ്പാക്കുന്നില്ലെന്നുമാണ് വിഷയത്തില്‍ ഇസ്രയേൽ ദേശീയ സുരക്ഷാ വകുപ്പ് മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ സോഷ്യൽ മീഡിയയിൽ കുറിച്ചത്.
ജി7 ഉച്ചകോടിക്ക് മുന്നോടിയായി ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവൽ മക്രോണിനൊപ്പം മാധ്യമങ്ങളോട് സംസാരിക്കവേയാണ് കരാറിനെ കുറിച്ച് ആദ്യമായി ട്രംപിന്‍റെ സുപ്രധാന പ്രഖ്യാപനം ഉണ്ടായത്. യുഎസും ഇറാനും കരാറില്‍ വെര്‍ച്വലായി ഒപ്പിടുകയും ചെയ്തിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്കു പിന്നാലെ പോരാട്ടം അവസാനിച്ചിട്ടില്ലെന്ന പ്രതികരണവുമായി നെതന്യാഹുവും എത്തി. കരാര്‍ ട്രംപിന്റെ തീരുമാനമാണമെന്നും ഇസ്രയേലിന് തങ്ങളുടേതായ താല്‍പര്യങ്ങളുണ്ടെന്നുമായിരുന്നു നെതന്യാഹുവിന്‍റെ പ്രതികരണം. ഇസ്രയേലിന്‍റെ സൈനിക നടപടികളെ ‘ചരിത്രവിജയം’ എന്നാണ് നെതന്യാഹു വിശേഷിപ്പിച്ചത്. തങ്ങളുടെ സൈനിക നടപടികള്‍ ഇറാനിലെ ഭീകര സംഘടനകളുടെ തലവന്മാരെ വധിച്ചെന്നും ഇറാന്‍റെ ആണവ സ്വപ്നങ്ങളെ തകര്‍ത്തെന്നും അതുവഴി ഇസ്രയേലിനെ വലിയൊരു വിപത്തിൽ നിന്ന് രക്ഷിച്ചെന്നും നെതന്യാഹു ഇപ്പോളും അവകാശപ്പെടുന്നുണ്ട്.
ALSO READ: ഇറാന് സാമ്പത്തിക സഹായം; ആണവായുധം നിര്‍മ്മിക്കില്ല; സമാധാന കരാരിലെ വ്യവസ്ഥകള്‍ ഇതാ...
അതേസമയം, നെതന്യാഹുവിന്‍റെ പരാമര്‍ശങ്ങളില്‍ ഇസ്രയേല്‍ പ്രതിപക്ഷ നേതാവ് യെയർ ലാപിഡ് പ്രതികരണവുമായി രംഗത്തെത്തിയിട്ടുണ്ട്. നമ്മുടെ ഏറ്റവും വലിയ സഖ്യകക്ഷിയുമായുള്ള (യുഎസ്) ഏറ്റുമുട്ടൽ, അല്ലെങ്കിൽ ഇസ്രയേലിന്റെ താൽപ്പര്യങ്ങള്‍ അടിയറവു വയ്ക്കല്‍... ഇതിൽ ഏതെങ്കിലും ഒന്ന് തിരഞ്ഞെടുക്കേണ്ട അവസ്ഥയിലാണ് നെതന്യാഹു എന്നാണ് അദ്ദേഹം പ്രതികരിച്ചത്. പ്രതിപക്ഷത്തുനിന്ന് മാത്രമല്ല നെതന്യാഹുവിന്റെ സ്വന്തം സഖ്യകക്ഷികളും ഇസ്രയേലിന്റെ സൈനിക സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തും എന്ന് കരുതുന്ന സമാധാന കരാറിനെ എതിര്‍ക്കുന്നുണ്ട്. 2026 ഒക്ടോബർ 27-ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഇവയെല്ലാം നെതന്യാഹുവിനെ കടുത്ത രാഷ്ട്രീയ സമ്മര്‍ദത്തിലാക്കും എന്നത് വ്യക്തം. ട്രംപുമായി ഉടക്കി തന്‍റെ താല്‍പര്യങ്ങളുമായി മുന്നോട്ടുപോകുമോ അതോ ബന്ധം വഷളാക്കാതെ നെതന്യാഹുവും വെള്ളക്കൊടി വീശുമോ എന്ന് കണ്ടറിയണം. പശ്ചിമേഷ്യയിലെ മാറുന്ന രാഷ്ട്രീയ സാഹചര്യങ്ങളും, ട്രംപുമായുള്ള അഭിപ്രായവ്യത്യാസങ്ങളും നെതന്യാഹുവിന്റെ രാഷ്ട്രീയ ഭാവിയും ഇനി എന്താകുമെന്ന് വരും ദിവസങ്ങളിൽ തന്നെ വ്യക്തമാകും.