യുഎസില്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്കകം മലയാളിയായ വരന് ഹെലികോപ്റ്റര്‍ അപകടത്തില്‍ മരണപ്പെട്ട വാര്‍ത്ത ഇന്ന് രാവിലെയാണ് പുറത്തുവന്നത്. വധു  പരുക്കുകളോടെ  ചികില്‍സയിലാണ്. യുഎസിലെ  ജോര്‍ജിയയിലാണ് അപകടം. അപകടത്തില്‍ വരനെക്കൂടാതെ രണ്ടുപേര്‍ കൂടി മരിച്ചെന്നാണ് റിപ്പോര്‍ട്ട്. മൂവാറ്റുപുഴയില്‍ നിന്നും യുഎസിലേക്ക് കുടിയേറിപ്പാര്‍ത്ത ജോര്‍ജ്, ഫീബ ഫിജി ദമ്പതികളുടെ മകനാണ് മരിച്ച ഡേവ് ഫിജി (25). പരുക്കേറ്റ വധു ജെസ്നിയും ആലപ്പുഴയില്‍ വേരുകളുള്ള മലയാളി ആണ്. 

ഇപ്പോഴിതാ അപകടത്തില്‍ നിന്നും രക്ഷപ്പെട്ട വധു ജെസ്നിയുടെ അനുഭവം പുറത്തുവന്നിരിക്കുകയാണ്. ഡേവിന്‍റെ പിതാവ് ജോര്‍ജാണ് ജെസ്നിയുടെ വാക്കുകള്‍ മാധ്യമങ്ങളുമായി പങ്കുവച്ചത്. തനിക്ക് ബോധം വന്നപ്പോള്‍ അവശിഷ്ഠങ്ങള്‍ക്കിടയില്‍ കിടക്കുകയായിരുന്നെന്നും ഡേവ് തന്‍റെ നെഞ്ചത്ത് കിടക്കുകയുമായിരുന്നുവെന്ന് ജെസ്നി ഓര്‍ത്തെടുത്തു. പക്ഷെ ഡേവിനെ സ്പര്‍ശിച്ചതോടെ ശരീരം തണുത്തിട്ടുണ്ടെന്നും മരിച്ചുകഴിഞ്ഞെന്നും നഴ്സ് കൂടിയായ ജസ്നിക്ക് വ്യക്തമായി . മുറിവുകള്‍ സംഭവിച്ചതൊഴിച്ചാല്‍ ജസ്നിക്ക് കാര്യമായ പരുക്കുകള്‍ പറ്റിയിട്ടില്ല. എന്നാല്‍ ഡേവിന്‍റെ വിയോഗത്തില്‍ തകര്‍ന്നിരിക്കുകയാണ് ജെസ്നിയെന്നും ഡേവിന്‍റെ പിതാവ് ജോര്‍ജ് കൂട്ടിച്ചേര്‍ത്തു. 

ഡെല്‍റ്റാ എയര്‍ലൈന്‍സില്‍ പൈലറ്റായ ഡേവിന്‍റെയും, ജെസ്നിയുടെയും വിവാഹം കഴിഞ്ഞ വെള്ളിയാഴ്ചയാണ് കഴിഞ്ഞത്. വിവാഹശേഷം ഹെലികോപ്റ്റര്‍ യാത്രയ്ക്കിടെ അഞ്ച് സീറ്റുകളുള്ള ഹെലികോപ്റ്ററിന്‍റെ നിയന്ത്രണം നഷ്ടമാവുകയും ഡോവ്സണ്‍വില്ലില്‍ തകര്‍ന്നുവീഴുകയുമായിരുന്നു. അപകടത്തില്‍ ഹെലികോപ്റ്ററിന്‍റെ പൈലറ്റും ഡേവും മറ്റൊരാളുമാണ് കൊല്ലപ്പെട്ടത്. വിവാഹശേഷം  പീച്ച്ട്രീ ഡെക്കാല്‍ബ് വിമാനത്താവളത്തിലെത്തി അറ്റ്ലാന്‍റയിലേക്ക് വിമാനമാര്‍ഗം സഞ്ചരിച്ച്, അവിടെയുള്ള ഹോട്ടലില്‍ രാത്രി ചിലവഴിക്കാനായിരുന്നു ദമ്പതികളുടെ തീരുമാനം. 

എന്നാല്‍ വിവാഹത്തിന് മണിക്കൂറുകള്‍ക്കുള്ളില്‍ കാലാവസ്ഥ മോശമായി. അന്തരീക്ഷമാകെ കോടമഞ്ഞ് മൂടി. തുടര്‍ന്ന് വിവാഹപരിപാടികള്‍ രാത്രി ഒമ്പതരയോടുകൂടി അവസാനിപ്പിക്കുകയായിരുന്നു. പൈലറ്റായ ഡേവ് കാലവസ്ഥ കണ്ട് താനാണെങ്കില്‍ ഈ അവസരത്തില്‍ പറക്കില്ല എന്ന് പറഞ്ഞതായി പിതാവ് ജോര്‍ജ് ഓര്‍ത്തെടുക്കുന്നു. എന്നാല്‍ മുന്‍കൂട്ടി പദ്ധതിയിട്ടതിനാല്‍ ഹെലികോപ്റ്റര്‍ യാത്രയ്ക്ക് മുതിരുകയായിരുന്നു. പിന്നീട് ഡൗണ്‍സ്‍വില്ലിലെ പര്‍വതങ്ങളും കാടും നിറഞ്ഞ പ്രദേശത്താണ് ഹെലികോപ്റ്റര്‍ നിയന്ത്രണം വിട്ട് പതിച്ചത്. 

ENGLISH SUMMARY:

A Malayalam groom tragically died in a helicopter crash hours after his wedding in the USA, while his bride sustained injuries. The accident occurred in Georgia, USA, claiming the lives of the groom, Dave Fiji (25), and two others, with his bride, Jesna, currently receiving treatment.