യുദ്ധം അവസാനിപ്പിക്കാന്‍ യു.എസുമായുളള ധാരണാപത്രത്തിന്റെ കരട് രേഖ പുറത്തുവിട്ട് ഇറാന്‍. ഇതനുസരിച്ച് ഹോർമുസ് കടലിടുക്കിലെ കപ്പൽ ഗതാഗതത്തിന്റെ നിയന്ത്രണവും നടത്തിപ്പും ഇറാനും ഒമാനും ചേർന്ന് നിർവഹിക്കും. ഹോര്‍മുസിലെ നാവിക ഉപരോധം പിന്‍വലിച്ച് യു.എസ് സേന പിന്‍വാങ്ങുമെന്നും കരട് രേഖ പറയുന്നു. ഇറാന്‍ പുറത്തുവിട്ട കരാര്‍ രേഖയെ തള്ളി യുഎസ് രംഗത്തെത്തി.

'ഇസ്ലാമാബാദ് മെമ്മോറാണ്ടം ഫ്രെയിംവർക്ക്'  എന്ന പേരിലുള്ള രേഖ ഇറാന്‍ ടി.വിയാണ് പുറത്തുവിട്ടത്. ധാരണ നടപ്പാകുമ്പോള്‍ ഹോര്‍മുസ് കടക്കുന്ന വാണിജ്യ കപ്പലുകളുടെ എണ്ണം ഒരു മാസത്തിനുള്ളിൽ യുദ്ധത്തിനു മുൻപുള്ള അവസ്ഥയിലേക്ക് ഇറാൻ പുനഃസ്ഥാപിക്കും.  ഹോര്‍മുസില്‍ യു.എസ് നാവിക ഉപരോധം നീങ്ങുന്നതിനൊപ്പം യുദ്ധക്കപ്പലുകള്‍ക്ക് മേഖലയില്‍ അനുമതി നല്‍കില്ലെന്നും ധാരണാപത്രം പറയുന്നു. പാക്കിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന പരോക്ഷ ചർച്ചകളുടെ ഫലമായാണ് പുതിയ നീക്കം. രൂപരേഖയ്ക്ക് അന്തിമരൂപമായിട്ടില്ലെന്നും 'കൃത്യമായ ഉറപ്പുകൾ' ലഭിക്കാതെ തുടർനടപടികൾ സ്വീകരിക്കില്ലെന്നും ടെഹ്റാൻ വ്യക്തമാക്കി. 

60 ദിവസത്തിനകം അന്തിമ കരാറിലെത്തിയാൽ, യുഎൻ രക്ഷാസമിതിയുടെ അംഗീകാരത്തോടെ ഇതിന് നിയമപ്രാബല്യം നൽകാനും ആലോചനയുണ്ട്. എന്നാല്‍ ഇറാന്‍ പുറത്തുവിട്ട കരാര്‍ പൂർണ്ണമായി കെട്ടിച്ചമച്ചതാണെന്ന് വൈറ്റ്് ഹൗസ് മുദ്രകുത്തി. ഇറാനുമായി ചർച്ച ചെയ്യുന്ന കരാറിന്റെ നിബന്ധനകളിൽ താൻ ഇതുവരെ തൃപ്തനല്ലെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൻ്റെ നിയന്ത്രണം ഒരു രാജ്യത്തിനും അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ഹോർമുസ് കടലിടുക്ക് എല്ലാ രാജ്യങ്ങൾക്കുമായി തുറന്നു കിടക്കണം. രാജ്യാന്തര ജലപാതയാണിത്. തങ്ങളതിൽ നിരീക്ഷണം നടത്തും. 

പക്ഷേ ആരും അത് നിയന്ത്രിക്കാൻ പോകുന്നില്ല. ഹോർമുസിന്റെ കാര്യത്തിൽ ഒമാനും മറ്റെല്ലാവരെയും പോലെ പെരുമാറണമെന്നും ട്രംപ് മുന്നറിയിപ്പ് നല്‍കി. അതിനിടെ ഇറാനില്‍ 88 ദിവസം നീണ്ട സമ്പൂർണ്ണ ഇന്റർനെറ്റ് വിലക്ക് പിന്‍വലിച്ചു. നീണ്ട ഇടവേളയ്ക്കുശേഷം ടെലഗ്രാം, ഇൻസ്റ്റഗ്രാം പോലുള്ള സമൂഹമാധ്യമങ്ങൾ സജീവമായപ്പോൾ ആഹ്ലാദം പങ്കുവെച്ച് ആയിരങ്ങളാണ് രംഗത്തെത്തിയത്. വാട്സാപ്പിന് ഇപ്പോഴും വിലക്ക് തുടരുകയാണ്.

ENGLISH SUMMARY:

Iran has released a draft agreement with the US to end the conflict, which outlines joint control of shipping in the Strait of Hormuz and the withdrawal of US forces. However, the US has rejected the agreement, calling it fabricated and stating that no single country will control the Strait.