image credit: AFP

  • അമേരിക്ക ആക്രമണം ഇറാനുനേരെ ശക്തമാക്കിയതോടെ യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ചെങ്കടലിലൂടെ നീങ്ങുകയായിരുന്ന രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകളെ സൗദി തിരിച്ചുവിളിച്ചു

പശ്ചിമേഷ്യയിൽ യുദ്ധഭീതി വര്‍ധിപ്പിച്ച് ഇറാനിലെ സൈനിക കേന്ദ്രങ്ങൾക്കു നേരെ തുടർച്ചയായ പതിനൊന്നാം രാത്രിയിലും യുഎസ് വ്യോമസേന കനത്ത ആക്രമണം നടത്തി. തെക്കു-പടിഞ്ഞാറൻ ഇറാനിലെ പ്രധാന സൈനിക താവളങ്ങളാണ് യുഎസ് സെൻട്രൽ കമാൻഡ് (CENTCOM) ലക്ഷ്യമിട്ടത്.

image credit: AFP

ഇറാൻ ചർച്ചകൾക്കായി ‘ആകാംക്ഷയോടെ കാത്തിരിക്കുകയാണ്’ എന്നവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, പിക്‌ആക്‌സ് മൗണ്ടനിലെ ഇറാന്റെ ഭൂഗർഭ ആണവ കേന്ദ്രത്തിൽ വൈകാതെ വൻ ആക്രമണം നടത്തുമെന്ന മുന്നറിയിപ്പും നൽകി. എന്നാൽ ആണവ കേന്ദ്രങ്ങൾക്ക് നേരെയുണ്ടാകുന്ന ഏതൊരു ആക്രമണത്തെയും തുറന്ന യുദ്ധ പ്രഖ്യാപനമായി കാണുമെന്നാണ് ടെഹ്‌റാന്റെ പ്രതികരണം.

തബ്‌രീസിലും ടെഹ്‌റാനിലും സ്ഫോടനങ്ങൾ

ഇറാന്‍റെ വടക്കുപടിഞ്ഞാറൻ നഗരമായ തബ്‌രീസിന് സമീപം ചൊവ്വാഴ്ച അർധരാത്രി ശക്തമായ സ്ഫോടനങ്ങൾ നടന്നതായി ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ടെഹ്‌റാന്റെ വടക്കുകിഴക്കൻ മേഖലകളിൽ ഇറാൻ വ്യോമപ്രതിരോധ സംവിധാനങ്ങൾ നിരന്തരം വെടിയുതിർക്കുന്ന ശബ്ദം കേട്ടതായി പ്രദേശവാസികൾ വെളിപ്പെടുത്തി. 

അതേസമയം ഹോർമുസ് കടലിടുക്കിൽ ഇറാന്റെ റെവല്യൂഷണറി ഗാർഡ്സ് (IRGC) രണ്ടു വിദേശ എണ്ണക്കപ്പലുകൾക്ക് നേരെ ആക്രമണം നടത്തി. ‘സുരക്ഷിതമല്ലാത്ത പാത തിരഞ്ഞെടുത്ത രണ്ട് കപ്പലുകള്‍ക്ക് തീപിടിച്ചു’ എന്നായിരുന്നു ഐആര്‍ജിസിയുടെ വിശദീകരണം. അമേരിക്ക ആക്രമണം ഇറാനുനേരെ ശക്തമാക്കിയതോടെ  യെമനിലെ ഹൂതി വിമതർ സൗദി അറേബ്യയ്ക്ക് നാവിക ഉപരോധം പ്രഖ്യാപിച്ചു. ഇതേത്തുടർന്ന് ചെങ്കടലിലൂടെ നീങ്ങുകയായിരുന്ന രണ്ട് ക്രൂഡ് ഓയിൽ ടാങ്കറുകളെ സൗദി തിരിച്ചുവിളിച്ചു. ബാബ് അൽ മാൻഡെബ് കടലിടുക്ക് അടയ്ക്കാൻ ഹൂതികൾ ശ്രമിച്ചാൽ ശക്തമായ തിരിച്ചടി നൽകുമെന്ന് യുഎസ് വ്യക്തമാക്കിയിട്ടുണ്ട്. 

കുവൈറ്റിന്‍റെ വ്യോമാതിർത്തിയിലെത്തിയ ഇറാനിയൻ ഡ്രോണുകൾ വെടിവെച്ചിട്ടെന്ന് കുവൈറ്റ് സൈന്യം അറിയിച്ചു. ഡ്രോണ്‍ ആക്രമണത്തിൽ കുവൈറ്റിലെ പ്രധാന പവർ സ്റ്റേഷനിലും കുടിവെള്ള പ്ലാന്റിലും വൻ തീപിടിത്തമുണ്ടായി.

എണ്ണവില കുതിക്കുന്നു

ആഗോളതലത്തിൽ ഇന്ധന വിതരണം തടസ്സപ്പെടുമെന്ന ഭീതിയെ തുടർന്ന് ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നു. ബ്രെന്‍റ് ക്രൂഡ് (Brent Crude) വില 0.55% വർധിച്ച് ബാരലിന് 91.51 ഡോളറിലും, ഡബ്ല്യുടിഐ (WTI Crude) വില 84.64 ഡോളറിലും എത്തി.

യുഎസ് സൈന്യത്തിന് ആൾനാശം 

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാൻ നടത്തിയ ബാലിസ്റ്റിക് മിസൈൽ-ഡ്രോൺ ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നാമത്തെ സൈനികന്‍റെ മൃതദേഹം കൂടി യുഎസ് സൈന്യം തിരിച്ചറിഞ്ഞു. ന്യൂയോർക്കില്‍ നിന്നുള്ള സർജന്റ് ഏഞ്ചൽ എസ്. റാംപെർസാഡ് (28) ആണ് കൊല്ലപ്പെട്ടത്. ഫസ്റ്റ് ലെഫ്റ്റനന്‍റ് ടൈലർ ജെയിംസ് ഫീഹാൻ (25), ഇസബെല്ല ഗോൺസാലസ് (19) എന്നിവരാണ് കൊല്ലപ്പെട്ട മറ്റ് രണ്ടുപേർ.

US-Iran War Escalates: US Strikes Iran for 11th Straight Night; Trump Threatens Nuclear Site:

The US military carried out airstrikes against Iranian targets for an eleventh consecutive night, targeting key military bases in the south and west of the country. US President Donald Trump warned of impending heavy strikes on Iran's fortified underground nuclear facility at Pickaxe Mountain, while Tehran vowed to treat any nuclear target attack as full-scale war. The conflict expanded across the region, with Iranian attacks causing fires at Kuwaiti utilities, Houthi rebels declaring a naval blockade on Saudi crude, and two foreign tankers catching fire in the Strait of Hormuz. Global energy markets reacted sharply as Brent crude topped $91 a barrel, while the US military confirmed a third service member killed in recent Iranian retaliatory strikes.