Image: Reuters
‘ഡോണള്‍ഡ് ട്രംപ്’ എന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായ ബംഗ്ലദേശിലെ വെളുത്ത പോത്തിനെ ഈ ബലിപെരുന്നാളിന് ബലി നല്‍കാന്‍ ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ട്. ട്രംപിന്‍റേതുപോലെ നെറ്റിയിലേക്ക് വീണുകിടക്കുന്ന സ്വര്‍ണനിറത്തിലുള്ള മുടിയാണ് ഈ വിളിപ്പേരിനു പിന്നില്‍. ട്രംപിന്റെ ഹെയര്‍ സ്റ്റൈലുമായി സാമ്യമുണ്ടെന്ന് പലരും അഭിപ്രായപ്പെട്ടതോടെയാണ് ഇവന്‍ സോഷ്യല്‍മീഡിയ താരമായത്.
ധാക്കയ്ക്കു സമീപത്തെ നാരായണ്‍ഗഞ്ചിലെ ഫാമിലാണ് 700 കിലോ ഭാരമുള്ള ഡോണള്‍ഡ് ട്രംപ് വളര്‍ന്നത്. ഈ പോത്തിനെ ബക്രീദിന് ബലി നല്‍കുമെന്ന വിവരമറിഞ്ഞതോടെ ഇവനെ കാണാന്‍ ഒട്ടേറെപ്പേര്‍ എത്തുന്നുണ്ടെന്ന് ഫാം ഉടമ സിയാവുദ്ദീന്‍ മൃദ പറയുന്നു.
ബലിപെരുന്നാളിനോട് അനുബന്ധിച്ച് ട്രംപിനെ മറ്റൊരാള്‍ക്ക് വിറ്റെന്നും അദ്ദേഹം പറയുന്നു. ‘എനിക്ക് ട്രംപിനെ ഒരുപാട് മിസ് ചെയ്യും, എങ്കിലും ത്യാഗം ചെയ്യുക എന്നതാണ് ബലിപെരുന്നാളിന്റെ സന്ദേശം’ – മൃദ എഎഫ്പിയോട് പറഞ്ഞു. ഏതാനും ആഴ്ചകളായി സോഷ്യല്‍ മീഡിയയില്‍ താരമാണ് നാലുവയസുകാരനായ ആല്‍ബിനോ പോത്ത്. അപൂര്‍വ നിറത്തിലും രൂപത്തിലുമുള്ള പോത്തിനെ കാണാനും വിഡിയോ എടുക്കാനും സെല്‍ഫിയെടുക്കാനുമെല്ലാം നിരവധി പേരാണ് ദൂരദേശങ്ങളില്‍ നിന്നുപോലും മൃദയുടെ ഫാമില്‍ എത്തുന്നത്.
തന്റെ ഇളയ സഹോദരനാണ് പോത്തിന്റെ ഹെയര്‍സ്റ്റൈലും നിറവും കണ്ട് ട്രംപ് എന്ന പേര് നിര്‍ദേശിച്ചതെന്ന് മൃദ പറയുന്നു. ശാന്തനും സൗമ്യശീലനുമാണ് ഈ ട്രംപ്. ആല്‍ബിനോ പോത്തുകള്‍ പൊതുവേ അക്രമസ്വഭാവം കാണിക്കാറില്ല.
ബലിപെരുന്നാളിനു മുന്നോടിയായി സുഭിക്ഷമായ ആഹാരമാണ് ട്രംപിന് നല്‍കിവരുന്നത്. ദിവസേന നാലുതവണ കുളിപ്പിക്കും. തിങ്ങിക്കൂടുന്ന ഫാന്‍സ് ട്രംപിനൊരു പ്രശ്നമാണ്. ആള്‍ക്കൂട്ടം കാരണം പോത്ത് കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായെന്നും അതിനെത്തുടര്‍ന്ന് ശരീരഭാരം കുറഞ്ഞെന്നും ഫാം ഉടമ പറയുന്നു. തിരക്ക് കൂടിയതോടെ മൃദ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി.
ആല്‍ബിനോ പോത്തുകള്‍ കാഴ്ചക്കാരില്‍ കൗതുകവും അമ്പരപ്പും സൃഷ്ടിക്കും. ശരീരത്തിൽ മെലാനിന്റെ കുറവ് മൂലം ചര്‍മത്തിനു വെളുത്ത നിറവും, മൂക്കിന് പിങ്ക് നിറവുമാണ്. നേര്‍ത്ത സ്വര്‍ണ നിറത്തിലുള്ള മുടിയും ആൽബിനോ പോത്തുകളുടെ പ്രത്യേകതയാണ്. ബംഗ്ലദേശിൽ ഇവ അത്യപൂര്‍വമാണെന്ന് മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഈ മാസാവസാനമാണ് ബലിപെരുന്നാള്‍. മുസ്ലിം ഭൂരിപക്ഷ രാജ്യമായ ബംഗ്ലാദേശിൽ ദശലക്ഷക്കണക്കിന് മൃഗങ്ങളെയാണ് ഇത്തവണയും ബലിനൽകുന്നത്. ഓരോ പെരുന്നാള്‍കാലത്തും വലുപ്പം കൊണ്ടും രൂപം കൊണ്ടും വ്യത്യസ്തത കൊണ്ടുമൊക്കെ ഇവിടെ കന്നുകാലികള്‍ ശ്രദ്ധ നേടാറുണ്ട്. ഇവയ്ക്ക് വിളിപ്പേരുകള്‍ നല്‍കുന്നതും ബംഗ്ലദേശില്‍ പുതുമയല്ല.