Image: AFP
ഇറാനെതിരായ യുദ്ധം എപിക് ഫ്യൂറി അവസാനിപ്പിച്ചെന്നു അമേരിക്ക ആവര്‍ത്തിക്കുന്നതിനിടെയിലും ആക്രമണ രീതികളെക്കുറിച്ചുളള ആശങ്കകളും സംശയങ്ങളും ഒഴിയുന്നില്ല. ഹോര്‍മുസില്‍ ഇറാന്‍ കടല്‍മൈനുകള്‍ ഉപയോഗിച്ചാണ് കപ്പലുകള്‍ക്കുനേരെ ഭീതി ഉയര്‍ത്തിയിരുന്നത്. ഇപ്പോഴിതാ യുഎസ് നാവികസേനയെ നേരിടാന്‍ ഇറാന്‍ ഡോള്‍ഫിനുകളെ ഉപയോഗിക്കുന്നുവെന്ന സംശയം വീണ്ടും ഉയരുകയാണ്. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തിനോട് മാധ്യമപ്രവര്‍ത്തകര്‍ ചോദ്യമുന്നയിച്ചതോടെയാണ് വിഷയം വീണ്ടും ചര്‍ച്ചയാകുന്നത്.
മുന്‍കാലങ്ങളില്‍ അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സംഘർഷ മേഖലകളിൽ ഡോൾഫിനുകളെ ഉപയോഗിച്ചിട്ടുണ്ടെന്ന റിപ്പോർട്ടുകൾക്കിടെയില്‍ കൂടിയാണ് ഈ ചർച്ച ഉയർന്നുവന്നത്. എന്നാൽ ഇറാന്റെ പക്കൽ ഇത്തരത്തിലുള്ള ഡോള്‍ഫിനുകള്‍ ഇല്ലെന്നാണ് ഹെഗ്സെത്ത് മറുപടി നല്‍കിയത്. അതേസമയം അമേരിക്കയുടെ പക്കല്‍ ആത്മഹത്യാ ദൗത്യങ്ങള്‍ക്കായി ചാവേറാകുന്ന കാമികാസി ഡോള്‍ഫിനുകളുണ്ടോെയന്ന കാര്യം തനിക്ക് സ്ഥിരീകരിക്കാനോ നിഷേധിക്കാനോ കഴിയില്ലെന്നും ഹെഗ്സെത്ത് പറയുന്നു.
യുദ്ധക്കപ്പലുകൾ, അന്തർവാഹിനികൾ, കടലിനടിയിലെ മൈനുകൾ എന്നിവ നശിപ്പിക്കുന്നതിനായി സ്ഫോടകവസ്തുക്കൾ ഘടിപ്പിച്ചു വിടുന്ന ഡോൾഫിനുകളെയാണ് ഇങ്ങനെ കാമികാസി എന്നുവിളിക്കുന്നത്. പല ലോകരാജ്യങ്ങളും മുന്‍പും സമുദ്രജീവികളെ നിരീക്ഷണത്തിനും മറ്റും ഉപയോഗിച്ചിട്ടുണ്ടെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. ഏപ്രില്‍ 30ന് വാള്‍സ്ട്രീറ്റ് ജേര്‍ണലിലാണ് ആദ്യമായി ഡോള്‍ഫിനുകളെക്കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്തുവന്നത്. ഇറാന്‍ ഹോര്‍മുസില്‍ ആയുധമായി ഡോള്‍ഫിനുകളെ ഉപയോഗിക്കുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നിരുന്നത്.
മൈനുകള്‍ കണ്ടെത്താനും മറ്റുമായി അമേരിക്ക പതിറ്റാണ്ടുകള്‍ നീണ്ട ട്രെയ്നിങ് പ്രോഗ്രാമുകള്‍ നടത്തിയിരുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടുണ്ട്. അതേസമയം അമേരിക്ക മാത്രമല്ല സസ്തനികളെ സൈനിക ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. റഷ്യയും സമാനആവശ്യങ്ങള്‍ക്കായി സസ്തനികളെ ഉപയോഗിച്ചിട്ടുണ്ട്. ഏകദേശം രണ്ടായിരത്തോളം ഡോള്‍ഫിനുകളെ ഇറാന്‍ വാങ്ങിയതായി നേരത്തെ ബിബിസി റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ അവയ്ക്കിപ്പോള്‍ ഏറെ പ്രായമുണ്ടാകുമെന്നും നിലവിലെ സാഹചര്യത്തില്‍ സൈനികാവശ്യത്തിന് ഉതകുന്നതല്ലെന്നും സൂചനകളുണ്ട്.
കുറഞ്ഞ വെളിച്ചത്തിലും ഇരുണ്ടതും കലങ്ങിയതുമായ വെള്ളത്തിലും മികച്ച കാഴ്ചശക്തിയുള്ളവയാണ് ഡോള്‍ഫിനുകള്‍,. വെള്ളത്തിനടിയിലുള്ള ലക്ഷ്യസ്ഥാനങ്ങൾ കൃത്യമായി കണ്ടെത്താനും പിന്തുടരാനും ഇവയെ സഹായിക്കുന്നത് വെള്ളത്തിനടിയിലെ ശബ്ദത്തിന്റെ ദിശ തിരിച്ചറിയാനുള്ള ഇവയുടെ പ്രത്യേക കഴിവാണ്.
സമുദ്രത്തിനടിയിലെ കുഴിബോംബുകൾ കണ്ടെത്താനും അവയുടെ സ്ഥാനം അടയാളപ്പെടുത്താനും ഈ ട്രെയിനിങ് പ്രോഗ്രാമിന്റെ ഭാഗമായി ഡോൾഫിനുകൾക്ക് പ്രത്യേക പരിശീലനം നൽകുന്നുണ്ട്. കപ്പലുകളുടെയും അതിലുള്ള യാത്രക്കാരുടെയും സുരക്ഷ ഉറപ്പാക്കാൻ ഈ ഡോള്‍ഫിനുകള്‍ക്ക് സാധിക്കും. കടലിന്റെ ആഴങ്ങളിൽ മനുഷ്യർക്ക് അസാധ്യമായ പല കാര്യങ്ങളും ഇവ അനായാസം ചെയ്യുന്നു. പ്രകൃതിദത്തമായ കഴിവുകളെ പ്രതിരോധ ആവശ്യങ്ങൾക്കായി സൈനികര്‍ ഉപയോഗിക്കുന്നത് ഈ പ്രത്യേകതകള്‍ കൊണ്ടാണ്.