Image: X,@ndtv

Image: X,@ndtv

ബ്രേക്കപ് ആയ കാമുകിയുടെ പേരില്‍ വ്യാജ ടിന്‍ഡര്‍ അക്കൗണ്ടുണ്ടാക്കി യുവാക്കള്‍ക്ക് ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയച്ച യുവാവ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തി. ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ ചെസ്റ്റര്‍ ക്രൗണ്‍ കോടതിയില്‍ ഒമ്പതു ദിവസത്തെ വിചാരണയ്ക്കു ശേഷമാണ് പ്രതി 36കാരനായ അസദ് ഹുസൈന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ജൂണിലായിരിക്കും ഇയാള്‍ക്കുള്ള ശിക്ഷ വിധിക്കുക.

2024ലാണ് അസദ് യുവതിയുമായി സോഷ്യല്‍മീഡിയയിലൂടെ പരിചയപ്പെട്ടത്. അന്നും ‘മിക്ക് റെന്നി’ എന്ന വ്യാജപേരിലായിരുന്നു ഇയാള്‍ യുവതിയുമായി സംസാരിച്ചതും പിന്നാലെ പ്രണയബന്ധത്തിലേക്ക് മാറിയതും. എന്നാല്‍ ഇയാളുടെ സ്വഭാവവും പെരുമാറ്റവും പിന്നീട് യുവതിക്ക് അസഹ്യമായി മാറി. മറ്റ് സുഹൃത്തുക്കളുമായുള്ള ബന്ധം പോലും ഇയാള്‍ തെറ്റായി വ്യാഖ്യാനിച്ച് യുവതിയെ ഉപദ്രവിക്കാന്‍ തുടങ്ങി. ഒരു ദിവസം യുവതിയുടെ വീട്ടില്‍ മറ്റൊരു സുഹൃത്ത് വന്നുവെന്ന് പറഞ്ഞ് രണ്ട് മണിക്കൂറോളം തുടര്‍ച്ചയായി കോളിങ് ബെല്ലടിച്ചു. അന്ന് പൊലീസ് വന്ന് ഇടപെട്ടപ്പോഴാണ് ഇയാള്‍ പിന്‍മാറിയത്. 

പിന്നീടുള്ള ദിവസങ്ങളില്‍ യുവതിയുടെ ഫോണ്‍ പരിശോധിക്കാനും മറ്റു ബന്ധങ്ങളുണ്ടെന്ന് ആരോപിച്ച് യുവതിയുടെ സുഹൃത്തുക്കളെയും മകളെയും ഉള്‍പ്പെടെ ഉപദ്രവിക്കാനും തുടങ്ങി. ഇനി ബന്ധം തുടരാനില്ലെന്ന് യുവതി തറപ്പിച്ചു പറഞ്ഞതോടെ ഇയാള്‍ യുവതിയുടെ പേരില്‍ ഒരു വ്യാജ ടിന്‍ഡര്‍ പ്രൊഫൈല്‍ ഉണ്ടാക്കി പുരുഷന്‍മാര്‍ക്ക് സന്ദേശം അയക്കാനാരംഭിച്ചു. 

ലൈംഗികച്ചുവയുളള സന്ദേശങ്ങളും വീട്ടിലേക്ക് ക്ഷണിച്ചുള്ള സന്ദേശങ്ങളുമായിരുന്നു അവയെല്ലാം. ഏതാണ്ട് പതിനെട്ടോളം പുരുഷന്‍മാരാണ് ഈ സന്ദേശങ്ങളെല്ലാം വിശ്വസിച്ച് പല സമയങ്ങളിലായി യുവതിയുടെ വീട്ടിലെത്തിയത്. സംസാരിച്ച എല്ലാ പുരുഷന്‍മാര്‍ക്കും ഇയാള്‍ യുവതിയുടെ അഡ്രസുമായി ബന്ധപ്പെട്ട പൂര്‍ണവിവരങ്ങളും കൈമാറിയിരുന്നു.

ഒരു ദിവസം രാത്രി നാല് പുരുഷന്‍മാരാണ് ഇവരുടെ ഫ്ലാറ്റിലെത്തിയത്. ചിലരെ കാര്യങ്ങള്‍ പറഞ്ഞു ബോധ്യപ്പെടുത്തിയെങ്കിലും രണ്ടു പേര്‍ പ്രശ്നം വഷളാക്കി. യുവതി വിളിച്ചിട്ടാണ് വന്നതെന്ന് ഉള്‍പ്പെടെ പറഞ്ഞ് വാതില്‍ തള്ളിത്തുറക്കാനും അതിക്രമിച്ച് അകത്തേക്ക് കയറാനും ശ്രമിച്ചു. ഒരാള്‍ വന്നത് ടീനേജുകാരിയായ മകള്‍ മാത്രം ഫ്ലാറ്റിലുണ്ടായിരുന്ന സമയത്താണ്. 

യുവതിയുടെ പരാതിയില്‍ അന്വേഷണം ആരംഭിച്ച പൊലീസിന് ആദ്യഘട്ടത്തില്‍ പ്രതിയിലേക്കെത്തിപ്പെടാന്‍ ഏറെ പ്രയാസപ്പെട്ടു. പിന്നീട് വാഹന റജിസ്ട്രേഷന്‍ വഴിയാണ് പ്രതിയുടെ വിവരങ്ങള്‍ ലഭ്യമായത്. ബിസിനസ്സ് ആവശ്യങ്ങൾക്കായി റജിസ്റ്റർ ചെയ്ത വാഹനം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണം അസദിലേക്കെത്തുകയായിരുന്നു. അതേസമയം കൃത്യമായ ആസൂത്രണത്തോടെയായിരുന്നു ഇയാള്‍ കാര്യങ്ങള്‍ നടപ്പാക്കിയത്. പിടിക്കപ്പെടാതിരിക്കാൻ ഒന്നിലധികം ഫോണുകളും വ്യാജ റജിസ്ട്രേഷൻ നമ്പറുകളും ഇയാൾ ഉപയോഗിച്ചു. 

വ്യാജ പ്രൊഫൈല്‍ ആക്ടീവ് ആയി പുരുഷന്‍മാരുമായി ചാറ്റ് ചെയ്യുന്ന സമയങ്ങളിലെല്ലാം ഇയാള്‍ യുവതിയുടെ വീടിനു സമീപത്ത് കാറുമായി എത്താറുണ്ടായിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. അങ്ങേയറ്റം ഗുരുതരമായ കുറ്റമാണ് പ്രതി ചെയ്തതെന്ന് ചെഷയര്‍ പൊലീസ് പ്രതികരിച്ചു. അതേസമയം പിടികൂടപ്പെട്ടിട്ടും യുവതിയോട് മാപ്പ് പറയാനോ കുറ്റസമ്മതം നടത്താനോ ഇയാള്‍ തയാറായില്ലെന്നും പൊലീസ് പറയുന്നു. 

Man Convicted for Creating Fake Tinder Profile of Ex-Girlfriend:

A 36-year-old man, Asad Hussain, has been found guilty by a UK court for creating a fake Tinder account in the name of his ex-girlfriend. Following a nine-day trial at Chester Crown Court in Greater Manchester, the jury convicted him of using the fraudulent profile to send sexually explicit messages to other men. The court found that his actions were a deliberate attempt to harass and tarnish the reputation of his former partner. Hussain remains in custody, and his formal sentencing is scheduled to take place in June.