Image: IRGC,File, AFP

ഇറാന്റെ ആവശ്യങ്ങളിലും നിര്‍ദേശങ്ങളിലും അമേരിക്ക തൃപ്തരല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍. അമേരിക്കയുമായി വീണ്ടുമൊരു സംഘട്ടനത്തിന് സാധ്യതയുണ്ടെന്നും അമേരിക്കയുടെ ഏത് മണ്ടത്തരങ്ങളേയും നേരിടാന്‍ തങ്ങള്‍ തയാറാണെന്നും ഇറാനിയന്‍ സെന്‍ട്രല്‍ കമാന്റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥനായ മുഹമ്മദ് ജാഫര്‍ അസാദി പറഞ്ഞു. 

ചെറിയൊരു ഇടവേളയ്ക്കു ശേഷം വീണ്ടും യുദ്ധമാരംഭിച്ചേക്കുമെന്ന സാധ്യതകളെക്കുറിച്ച് ഇറാന്റെ ഫാര്‍സ് ന്യൂസ് ആണ് റിപ്പോര്‍ട്ട് െചയ്തത്. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇറാന്റെ ചർച്ചാ നിർദ്ദേശത്തിൽ തൃപ്തനല്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെ, അമേരിക്കയുമായുള്ള യുദ്ധം പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്ന് മുതിർന്ന ഇറാനിയൻ സൈനിക ഉദ്യോഗസ്ഥൻ ശനിയാഴ്ച പറഞ്ഞു. ഇനി ഇറാനുമായി ശത്രുതയോ സൈനിക നടപടിയോ ഇല്ലെന്ന ട്രംപിന്റെ പ്രസ്താവന അവര്‍ തന്നെ സൃഷ്ടിച്ച കുഴപ്പങ്ങളില്‍ നിന്നും രക്ഷപ്പെടാനുള്ളതാണെന്നും ഇറാന്‍ പറയുന്നു. 

അമേരിക്കയുടെ ഏതൊരു സാഹസികതയ്ക്കും വിഡ്ഢിത്തരത്തിനും മറുപടി നല്‍കാന്‍ ഇറാന്‍ പൂര്‍ണസജ്ജരാണ്. പ്രകോപനത്തിനു മുതിര്‍ന്നാല്‍ വെറുതേ വിടില്ലെന്നും ഇറാന്‍ സൈനികവക്താവ് പറയുന്നു. കഴിഞ്ഞ ദിവസം മധ്യസ്ഥന്‍മാരായ പാക്കിസ്ഥാന്‍ വഴി ഇറാന്‍ പുതിയ കരടുരേഖ കൈമാറിയിരുന്നു. ഇതിനു പിന്നാലെ ട്രംപ് നടത്തിയ പരാമര്‍ശവും ഇതിനിടെ ചര്‍ച്ചയായിരുന്നു. നമുക്ക് അവരെ തകര്‍ത്തു തരിപ്പണമാക്കണോ? അതോ ഒരു കരാറിനു ശ്രമിക്കണോ എന്നായിരുന്നു ട്രംപ് അമേരിക്കന്‍ മാധ്യമങ്ങളോട് ചോദിച്ചത്. 

ഇതിനു പിന്നാലെ മനുഷ്യത്വപരമായ കാരണങ്ങളാല്‍ ആദ്യഓപ്ഷന്‍ തിരഞ്ഞെടുക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു. ഇറാന്‍ ചര്‍ച്ചകളില്‍ നിന്നും പിന്‍മാറിയിട്ടില്ലെന്നും എന്നാലും സമാധാനത്തിന്റെ പേരില്‍ വ്യവസ്ഥകള്‍ അടിച്ചേല്‍പ്പിക്കുന്നത് അംഗീകരിക്കില്ലെന്നും ഇറാന്‍ ജുഡിഷ്യറി തലവന്‍ ഗുലാം ഹുസൈന്‍ മൊഹ്സെനി എജെ പറ‍ഞ്ഞിരുന്നു. 

ഹോർമുസ് കടലിടുക്ക് ഇറാന്‍ ഉപരോധിച്ചതിനെ തുടര്‍ന്ന് ആഗോള എണ്ണ-വള വിപണി സാരമായി പ്രതിസന്ധിയിലായിരിക്കുകയാണ്. ഇറാനിയൻ കപ്പലുകൾ പിടിച്ചെടുക്കുന്ന യുഎസ് നാവികസേന ഒരു തരം കടല്‍ക്കൊള്ളക്കാരായി മാറിയെന്നായിരുന്നു ഈ മേഖലയിലെ സാഹചര്യങ്ങളെക്കുറിച്ച് തമാശരൂപേണ ട്രംപിന്റെ ന്യായീകരണം. ഏതായാലും ചെറിയൊരു സമാധാന കാലയളവില്‍ നിന്നും വീണ്ടും യുദ്ധമുഖത്തേക്ക് എന്ന സൂചനകളാണ് ഇറാന്റേയും അമേരിക്കയുടേയും ഭാഗത്തുനിന്നുള്ള പ്രതികരണങ്ങളിലൂടെ വ്യക്തമാകുന്നത്. 

Iran War Restart Possible Amid US Tensions:

Iran war restart is possible as senior military officials indicate readiness to respond to any US missteps, following President Trump's dissatisfaction with Iran's proposals. This heightened tension suggests a potential shift back towards conflict after a brief period of perceived calm.